കണ്ണൂര്‍:തലസ്‌ഥാനം ലക്ഷ്യമിട്ടു പിണറായിയുടെ അശ്വമേധത്തിനു കാസര്‍ഗോട്ട് തുടക്കമായെങ്കിലും രാഷ്‌ട്രീയകേരളം വരുംദിവസങ്ങളില്‍ ഉറ്റുനോക്കുന്നത് വി.എസിലേക്കായിരിക്കും .പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയായിരിക്കേ 2009-ല്‍ പിണറായി നയിച്ച യാത്രയിലുടനീളം വി.എസിന്റെ നിലപാടുകളായിരുന്നു ചര്‍ച്ചകളില്‍ നിറഞ്ഞത്. അതുകൊണ്ടുതന്നെ ജാഥാ ക്യാപ്‌റ്റന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പലപ്പോഴും അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന സാഹചര്യവും ഉരുത്തിരിഞ്ഞു.
ഇക്കുറി സി.പി.എമ്മിന്റെ യാത്രയ്‌ക്കു പ്രത്യേകതകളേറെ. തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ സി.പി.എം. സംസ്‌ഥാനനേതൃത്വം വ്യക്‌തമായ സന്ദേശം നല്‍കിക്കഴിഞ്ഞു. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനു പകരം പി.ബി. അംഗമായ പിണറായി ജാഥാ ക്യാപ്‌റ്റനായതും പാര്‍ട്ടി പഠന കോണ്‍ഗ്രസില്‍ കേരളത്തിന്റെ ഭാവി വികസനകാഴ്‌ചപ്പാടുകള്‍ അദ്ദേഹം അവതരിപ്പിച്ചതും കേവലയാദൃശ്‌ചികമല്ല. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പിണറായിയെ അംഗീകരിച്ച മട്ടിലാണു ഭരണപക്ഷത്തിന്റെ രാഷ്‌ട്രീയനീക്കങ്ങളും.
മാധ്യമപ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തിലും സെല്‍ഫിക്കു പോസ് ചെയ്‌തുമൊക്കെ പിണറായിയുടെ ശരീരഭാഷയിലും ജനകീയത കൈവരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട്. നവകേരളമാര്‍ച്ചിന്റെ പ്രചാരണ ബോര്‍ഡുകളിലും ഈ മാറ്റം പ്രകടം. കാര്‍ക്കശ്യത്തിന്റെ പ്രതിരൂപമായി ചിത്രീകരിക്കപ്പെട്ട പിണറായി നിറഞ്ഞുചിരിക്കുന്ന ബോര്‍ഡുകളാണെങ്ങും.
സാധാരണയായി സി.പി.എം. ജാഥ സംസ്‌ഥാന സെക്രട്ടറി നയിക്കുന്നതുപോലെതന്നെ ഉദ്‌ഘാടനം നിര്‍വഹിക്കാറുള്ളതു ജനറല്‍ സെക്രട്ടറിയായിരുന്നു. എന്നാല്‍, സംസ്‌ഥാനത്തെ വിഭാഗീയതയില്‍ ഒട്ടൊക്കെ പിണറായിക്കു താങ്ങും തണലുമായ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കുറി ജാഥ ഉദ്‌ഘാടനം ചെയ്‌തത്. സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ ഒഴികെ, മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയാണു ജാഥാംഗങ്ങളെയും നിശ്‌ചയിച്ചത്. കെ.ജെ. തോമസ്, പി.കെ. സൈനബ, എം.പിമാരായ എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത്, ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ ജാഥയില്‍ സ്‌ഥിരാംഗങ്ങളാണ്.
പാര്‍ട്ടി കോണ്‍ഗ്രസിലെ വികസനനയങ്ങളും ജനകീയവിഷയങ്ങളും മാര്‍ച്ചില്‍ പ്രധാനപ്രചാരണങ്ങളാക്കാനായിരുന്നു പദ്ധതി. എന്നാല്‍, മാര്‍ച്ച് ആരംഭിക്കുമ്പോള്‍ ലാവ്‌ലിന്‍ കേസിലെയും കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളിലെയും ആരോണങ്ങള്‍ പ്രതിരോധിക്കുക എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറിമറിഞ്ഞു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ കേസുകളും അതു സംബന്ധിച്ചു ജാഥയില്‍ നടത്തേണ്ടിവരുന്ന വിശദീകരണങ്ങളും പിണറായിയുടെ പ്രതിഛായാനിര്‍മാണത്തിനു തിരിച്ചടിയായേക്കുമെന്നു നേതൃത്വം ഭയക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയായേക്കാവുന്ന എസ്.എന്‍.ഡി.പി-ബി.ജെ.പി. കൂട്ടുകെട്ട്, സോളാര്‍ കേസ്, അഴിമതി ആരോപണങ്ങള്‍, വികസനമുദ്രാവാക്യം എന്നിവയെക്കാള്‍ ലാവ്‌ലിന്‍, ആക്രമണക്കേസുകള്‍ പ്രതിരോധിക്കാന്‍ സമയം ചെലവഴിക്കേണ്ടിവരും എന്നതു സി.പി.എമ്മിനു തലവേദനയാണ്. അതിനാല്‍ ഓരോ ജില്ലയിലെയും ജനകീയപ്രശ്‌നങ്ങള്‍ക്കു ജാഥയില്‍ ഊന്നല്‍ നല്‍കും. യാത്രയ്‌ക്കു മുന്നോടിയായി കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് അതിനു തുടക്കമിട്ടത്.
വി.എസ്. പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുകയാണെന്നാണ് 2009-ലെ ജാഥയുടെ ഒടുവില്‍ പിണറായി ബക്കറ്റിലെ വെള്ളം ഉപമയിലൂടെ ആരോപിച്ചത്. എന്നാല്‍, മുഖ്യമന്ത്രിസ്‌ഥാനത്തേക്കു പരോക്ഷമായി പിണറായിയെ ഉയര്‍ത്തിക്കാട്ടിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ നിശബ്‌ദം മാര്‍ച്ചിനോടു സഹകരിക്കുന്ന വി.എസിനെ പാര്‍ട്ടി കൂടുതല്‍ ഭയക്കുന്നു. വി.എസ്. എന്നും പിണറായിക്കെതിരേ ആയുധമാക്കിയ ലാവ്‌ലിന്‍ കേസാണു വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്.
ജാഥയില്‍ പിണറായിക്കു ലഭിക്കുന്ന സ്വീകാര്യത വിലയിരുത്തിയശേഷം അനുയോജ്യഘട്ടത്തില്‍ വി.എസ്. അപ്രതീക്ഷിതനീക്കം നടത്തുമോയെന്നു പാര്‍ട്ടി നേതൃത്വത്തിന് ആശങ്കയുണ്ട്.എന്നാല്‍, നവകേരളമാര്‍ച്ചിന്റെ ഉദ്‌ഘാടനദിനത്തില്‍ വി.എസ്. വിവാദങ്ങളില്‍നിന്ന് അകന്നുനിന്നു. മാധ്യമങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും വി.എസ്. ഇന്നലെ ശ്രദ്ധിച്ചു. കാസര്‍ഗോട്ടേക്കുള്ള യാത്രാമധ്യേ കണ്ണൂരിലെത്തിയ വി.എസിനെ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിറയുന്ന സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ചിരിയും വിവാദവിഷയങ്ങളില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ മൗനവും നവകേരളമാര്‍ച്ചിലങ്ങോളവും അതിനുശേഷവും തുടരുമോ?