തിരുവനന്തപുരം∙ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഒരുമാസത്തെ ആർജിത അവധിയിൽ പോയതാണ്. ഒരുമാസം കൂടി അവധി കൂട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതലാണ് ജേക്കബ് തോമസ് അവധിയിൽ പോയതെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമാണ് ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നതായാണു കത്തിൽ പറഞ്ഞത്. ഹൈക്കോടതിയിൽ നിന്നുള്ള തുടർച്ചയായ വിമർശനവും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ അമർഷവും കണക്കിലെടുത്തായിരുന്നു നടപടി.
അന്ന് പൊലീസ് മേധാവി സ്ഥാനത്തുണ്ടായിരുന്ന ഡിജിപി ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടായി താൽക്കാലികമായി സർക്കാർ നിയമിക്കുകയും ചെയ്തു. പിന്നീട്, ഡിജിപി: ടി.പി. സെൻകുമാർ പൊലീസ് മേധാവിയാപ്പോൾ ബെഹ്റയെ വിജിലൻസ് ഡയറക്ടറാക്കി. ഈ ഉത്തരവിൽ ജേക്കബ് തോമസിന്റെ സ്ഥാനം സംബന്ധിച്ച് യാതൊരു വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നില്ല.