തിരുവനന്തപുരം: മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കുന്നില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെയ്ക്കുകയാണെന്നും ആരോപണം. ഇത് ജനാധിപത്യത്തിന് അപകടകരമായ സാഹചര്യമാണെന്ന് പ്രതിപക്ഷ എംഎല്‍എ വി.ഡി.സതീശന്‍ പറഞ്ഞു. എന്നാല്‍, മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് പ്രതികരിച്ചത്.
ഉത്തരവായതിനുശേഷം മാത്രമായിരിക്കും അവ പുറത്തറിയിക്കുക. എന്നാല്‍ മാത്രമേ വിവരാവകാശ പ്രകാരം മറുപടി ലഭിക്കുകയുള്ളൂ. വിവരാവകാശ നിയമത്തിലും പറയുന്നത് ഇപ്രകാരമാണ്. വിവരങ്ങള്‍ പുറത്തറിയിക്കില്ലെന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പിണറായി പറഞ്ഞു.
48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറങ്ങും. സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ അവ ലഭ്യമാകും. മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ വ്യക്തത വേണം. അതിനാലാണ് കോടതിയെ സമീപിച്ചത്. സെക്രട്ടേറിയറ്റ് മാനുവല്‍ ഭേദഗതി നല്‍കിയിട്ടുണ്ട്. നിയമം മുഴുവന്‍ ഉള്‍ക്കൊണ്ടാണ് കമ്മിഷന്‍ ഉത്തരവിറക്കിയതെന്നു കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കണമെന്ന കമ്മിഷന്‍ ഉത്തരവ് ചര്‍ച്ച ചെയ്യണം. ഭരണാധികാരിയായപ്പോള്‍ പിണറായിക്കു രഹസ്യങ്ങളുണ്ടായി. സര്‍ക്കാര്‍ നിലപാട് നിയമത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണെന്നും സതീശന്‍ പറഞ്ഞു