തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളിക്ക് വിലക്കയറ്റം പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഓണത്തിന് വിലക്കയറ്റം ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് മുന്നിട്ടിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വിലക്കയറ്റം തടയാന്‍ സപ്ലൈകോയ്ക്ക് 81.42 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിപണി ഇടപെടലിന് ബജറ്റില്‍ അനുവദിച്ച 150 കോടി ഉപയോഗിക്കുമെന്നും 1460 ഓണച്ചന്തകള്‍ തുറക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കും. എല്ലാ ജില്ലകളിലും സപ്ലൈകോ ഓണച്ചന്തകള്‍ ആരംഭിക്കും. ഇതിനായി നാലു കോടി 60 ലക്ഷം നീക്കി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണം ഫെയറിനായി 4.2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മാവേലി സ്റ്റോര്‍ ഇല്ലാത്ത 38 പഞ്ചായത്തുകളില്‍ മിനി ഓണം ഫെയര്‍ തുറക്കും. വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളും വിതരണം ചെയ്യും. എപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന എട്ടു കിലോ അരിക്കു പുറമേ രണ്ടു കിലോ അരി കൂടി അധികം നല്‍കും. 6025 മെട്രിക് ടണ്‍ അരി ഇതിനായി അധികമായി ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവശ്യസാധന വില നിയന്ത്രിക്കുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനുമായി താലൂക്ക്, ജില്ലാ, സംസ്ഥാനതല സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേക ഫോണ്‍ നമ്പറും ഓഫീസര്‍മാരേയും നിയോഗിക്കും. സിവില്‍ സപ്ലൈസിന്റെ കീഴിലുള്ള പ്രൈസ് മോണിറ്ററിംഗ് സെല്ലുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും അദേഹം പറഞ്ഞു. ഓണക്കാലത്ത് പാചകവാതക ലഭ്യത ഉറപ്പു വരുത്താന്‍ എണ്ണക്കമ്പനികളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.