ഇനി സ്ത്രീകള്‍ക്ക് മാത്രമായി സഞ്ചരിക്കാവുന്ന ‘പിങ്ക് ഓട്ടോ’; സിസിടിവി, ജിപിഎസ് സംവിധാനങ്ങളോട് കൂടി നിരത്തില്‍

രാജ്യം ഒട്ടാകെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയ്ക്കാണ് ഒരുങ്ങുന്നത്. മാത്രമല്ല സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരം ഉണ്ടാകുന്നത് നമ്മുടെ ശ്രദ്ധയില്‍പ്പെട്ട കാര്യമാണ്. ഇതിന് നിയന്ത്രണം വരുത്താന്‍ സ്ത്രീകള്‍ക്ക് മാത്രമായി സഞ്ചരിക്കാവുന്ന വനിതകള്‍ക്കായുള്ള ബസ്സുകള്‍ നേരത്തെ നിരത്തിലറക്കിയിരുന്നു. ഇതിന് പിന്നാലെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കായി ‘വുമന്‍ ഓണ്‍ലി’ ഓട്ടോ സര്‍വ്വീസുകളും അവതരിപ്പിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി 500 പിങ്ക് ഓട്ടോകള്‍ ബംഗളൂരു   നഗരത്തിലിറക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ പാര്‍ക്കിങ്ങ് സ്ലോട്ടുകളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് അനുവദിക്കണമെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിങ്ക് ഓട്ടോ പദ്ധതിയും നടപ്പാക്കിയിരിക്കുന്നത്. ഭൃഹത് ബംഗളൂരു മഹാനാഗര പാലികാണ് (ബിബിഎംപി) പിങ്ക് ഓട്ടോകള്‍ വിതരണം ചെയ്യുന്നത്. സിസിടിവി, ജിപിഎസ് എന്നിങ്ങനെ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാകും ഓട്ടോകള്‍ നിരത്തിലെത്തുന്നത്. 80,000 രൂപ യാണ് ഓട്ടോറിക്ഷ വാങ്ങുന്നവര്‍ക്ക് സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുക. ബാക്കി തുക വാങ്ങുന്നവര്‍ നല്‍കണം. ഓട്ടോ ഓടിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് തന്നെയാണ് മുന്‍ഗണന. പിങ്ക് ഓട്ടോ ഓടിക്കാന്‍ വരുന്ന പുരുഷന്മാര്‍ക്ക് വനിതകളോട് എങ്ങനെ പെരുമാറണം എന്നതിന് ട്രെയിനിങ്ങും നല്‍കും. ആദ്യമായി പിങ്ക് ഓട്ടോ പദ്ധതി അവതരിപ്പിച്ചത് ഒഡീഷ, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ആസാം എന്നിവിടങ്ങളിലായിരുന്നു. ഇപ്പോള്‍ ബംഗളൂരുവിലേക്കും അവതരിപ്പിക്കാനൊരുങ്ങുന്നു.  ഇതിനെല്ലാം പുറമെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പിങ്ക് ടോയിലറ്റുകളും അവതരിപ്പിക്കുന്നുണ്ട്. ബംഗളൂരു വികസനകാര്യ മന്ത്രി കെജി ജോര്‍ജാണ് പദ്ധതികളെ കുറിച്ച് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ‘ബെറ്റര്‍ ബംഗളൂരു’ എന്ന ഹാഷ്ടാഗോടെയാണ് വിവിരങ്ങള്‍ പങ്കുവെച്ചത്.

Top