കൊച്ചി: ആറ്റിങ്ങലിൽ എട്ടുവയസുകാരിയേയും പിതാവിനേയും മോഷണ കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തവ്. കോടതി ചിലവായി 25,000 രൂപ നൽകാനും ഹൈക്കോടതി വിധിച്ചു.
നഷ്ടപരിഹാരം നൽകുന്നതിന് പുറമേ പോലീസുകാരിക്കെതിരേ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. പൊതുജനങ്ങളോട് പെരുമാറാൻ പോലീസുകാരിക്ക് പരിശീലനം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പെൺകുട്ടിയുടെ മൗലികാവകാശം ഹനിക്കപ്പെട്ടിരുന്നില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. പോലീസുകാരി മോശമായി സംസാരിച്ചില്ലെന്ന് തെളിയിക്കാൻ സർക്കാർ നാല് സാക്ഷിമൊഴികളും ഹാജരാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.നഷ്ടപരിഹാരം നൽകാനാവില്ലെന്ന സർക്കാരിന്റെ കഴിഞ്ഞദിവസത്തെ നിലപാടിന് കനത്ത തിരിച്ചടിയാണ് കോടതിയിൽനിന്നുണ്ടായിരിക്കുന്നത്.