ജോസഫിനെ ലക്ഷ്യമാക്കി അയച്ച നിയമാസ്ത്രം തിരിച്ച് വന്ന് സ്വന്തം നെഞ്ചത്ത് കൊള്ളുന്ന സ്ഥിതിയിലായിരിക്കുകയാണ് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് (എം) താത്കാലിക ചെയര്‍മാന്‍ പി.ജെ. ജോസഫിന് പാര പണിയാന്‍ വേണ്ടിയാണ് സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയുമായ ബി. മനോജ് കോടതിയില്‍ കേസ് നല്‍കിയത്.
എന്നാല്‍ ഈ കേസില്‍ തീര്‍പ്പായ ശേഷമേ ഇനി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടി ക്രമങ്ങള്‍ ആരംഭിക്കാനാവൂ. അതു വരെ ജോസഫിന് ചെയര്‍മാന്‍ സ്ഥാനത്തു തുടരാനുള്ള അവസരമാണ് കേസിലൂടെ മാണി ഗ്രൂപ്പ് അങ്ങോട്ട് കൊണ്ട്‌ചെന്ന് കൈവെള്ളയില്‍ നല്‍കിയത്.
ഇതിനിടയില്‍ ജോസഫ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്റെ അധികാരങ്ങള്‍ പ്രയോഗിച്ചു തുടങ്ങി. ഇന്നലെ ജോസഫ് തൊടുപുഴയില്‍ നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടിയുടെ നേതൃത്വം അദ്ദേഹം കയ്യിലെടുക്കുന്നതിന്റെ സൂചനകളാണുള്ളത്. ”കേരള കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു സ്ഥാനമേ ഉണ്ടാകൂ. ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഒരുവിഭാഗം കോടതിയില്‍ പോയതു ദുരൂഹമാണ്. കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിക്ക് പാര്‍ട്ടി അംഗത്വം നഷ്ടപ്പെടും. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും” പാര്‍ട്ടി പിടിച്ചെടുക്കാന്‍ മാണി, ജോസഫ് വിഭാഗങ്ങള്‍ നടത്തുന്ന ബലപരീക്ഷണത്തില്‍ ജോസഫ് മേല്‍ക്കൈ നേടിയെന്ന സൂചന പരത്തി ഈ പ്രസ്താവന.
ആ മാസം 28നാണ് തിരുവനന്തപുരം അഡിഷണല്‍ കോടതി ഇനി കേസ് പരിഗണിക്കുക. താത്കാലിക ചെയര്‍മാന്‍ പി.ജെ. ജോസഫും ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും അന്ന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എല്ലാം ജോസഫിന്റെ കയ്യിലാണിപ്പോഴുള്ളത്. ഇത് മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയി. ഇനി പഴി കേള്‍ക്കലില്‍ നിന്ന് തലയൂരാന്‍ ബി. മനോജിനെതിരെ ഉടന്‍ പാര്‍ട്ടി നടപടിയുണ്ടായേ പറ്റൂ. മുന്‍ ജോസഫ് ഗ്രൂപ്പുകാരനായ മനോജ് ഇപ്പോള്‍ ജോസ് കെ. മാണിയുടെ വിശ്വസ്തനാണ്.
കെ.എം. മാണി അനുസ്മരണ സമ്മേളനം നടന്ന ദിവസം തന്നെ കോടതി നടപടിക്ക് വഴിയൊരുക്കിയത് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. നോട്ടീസ് നല്‍കി സംസ്ഥാന കമ്മിറ്റി വിളിച്ചു ഭൂരിപക്ഷ തീരുമാനത്തോടെ വേണം ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. തിരുവനന്തപുരത്ത് നടന്ന മാണി അനുസ്മരണ സമ്മേളനത്തിന്റെ മറവില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അനുസ്മരണ സമ്മേളനത്തിനിടെ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശവുമുണ്ടായി.