തിരുവനന്തപുരം: ശശി തരൂരിന്‍റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടാറില്ല . ശശി തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും വിവാദങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യത്തിൽ ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥിക്കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രതികരണത്തില്‍ എംപിമാര്‍ക്കെതിരെ വിമര്‍ശനവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രതികരണം ഉചിതമായില്ലെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ അടക്കമുള്ള നേതാക്കളായിരുന്നു പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനാണ് താല്‍പര്യമെന്നും വ്യക്തമാക്കി രംഗത്തെത്തിയത്.
എംപിമാരുടെ പ്രതികരണം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് താരിഖ് അന്‍വറിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ നടപടിക്രമം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ആര്‍ക്കും എന്ത് പദവിയും ആഗ്രഹിക്കാം. പക്ഷേ പാര്‍ട്ടി നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റത്തിന് നിലവില്‍ സാധ്യതയില്ലെന്നായിരുന്നു പ്രതികരണം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമാക്കി തരൂര്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം.