വാഷിങ്ടണ്‍: വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് വ്യാപക വിമര്‍ശനമുയരുന്ന ഫേസ്ബുക്കിന് എങ്ങും തിരിച്ചടി നേരിടുകയാണ്. ഫേസ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുന്നതാണ് ഫേസ്ബുക്കിന് വന്‍ തിരിച്ചടിയാകുന്നത്. ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള ലൈഫ് സ്‌റ്റൈല്‍ മാസികയായ പ്ലേബോയ് തങ്ങളുടെ പേജ് ഡിലീറ്റ് ചെയ്തു.
പ്ലേ ബോയ് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ കൂപ്പര്‍ ഹെഫ്നറാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ വിവിധ കോണുകളില്‍ നിന്നും ഡിലീറ്റ് ഫെയ്സ്ബുക്ക് കാമ്പയിനുകളും ഉയരുന്നുണ്ട്.
രണ്ടരക്കോടിയിലധികം ആരാധകരാണ് ഫെയ്സ്ബുക്കില്‍ ഉണ്ടായിരുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആരാധകന്റെ ആവശ്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കമെന്ന് കൂപ്പര്‍ ഹെഫ്നര്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ ടെസ്ലെയും സ്പേസ് എക്സും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രംഗത്ത് വന്നിരുന്നു. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നു.