കെകെ രമയെ കൊല്ലാനാണോ പദ്ധതി! തനിക്ക് അമ്മയെ വേണമെന്ന അപേക്ഷയുമായി മകന്‍

abhinand

കെകെ രമയ്ക്ക് നേരെ ആക്രമണം ഉണ്ടായെന്ന ആരോപണത്തില്‍ പ്രതികരിച്ച് രമയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ അമ്മയെ കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. എനിക്ക് എന്റെ അമ്മയെ വേണം, കൊല്ലരുതന്നെ് ടിപി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് പറയുന്നു. എന്റെ അച്ഛന്റെ ഓര്‍മയില്‍ ജീവിക്കാന്‍ എനിക്ക് അമ്മയെ വേണം. കൊന്നു കളയരുതെന്ന അപേക്ഷയുമായി അഭിനന്ദ് എഴുതുന്നു.

അച്ഛനുണ്ടാക്കിയ പാര്‍ട്ടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോട് തീര്‍ക്കുന്നതെന്ന് അഭിനന്ദ് ചോദിക്കുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കരളുറപ്പോടെ നിന്ന കെകെ രമ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ തളര്‍ന്നുവോ എന്ന് വേവലാതിപ്പെട്ടാണ് അഭിനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 17 വയസ്സാണ്. അച്ഛനൊപ്പം ജീവിക്കാന്‍ കഴിഞ്ഞ 17വര്‍ഷക്കാലവും എനിക്ക് കിട്ടിയതിനേക്കാള്‍, ഒഞ്ചിയത്തെ സാധാരണ മനുഷ്യര്‍ക്കണ് അച്ഛനെ കിട്ടിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ അച്ഛനെ എന്തിനു കൊന്നു എന്നും അച്ഛനാരായിരുന്നുവെന്നും ഞാനെഴുതെണ്ടതോ പറയേണ്ടതോ ഇല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അച്ഛനെപ്പോഴും വീട്ടില്‍ രാഷ്ട്രീയം പറയുമായിരുന്നു. ഒരുപാടേറെ മനുഷ്യരുടെ കഷ്ടപ്പാടിന്റെയും പോരാട്ടത്തിന്റെയും കഥകള്‍. അച്ഛന് പറയാനറിയാവുന്ന കഥകള്‍ അത് മാത്രമായിരുന്നു എന്നതാണ് സത്യം. ഓര്‍മ്മയില്‍ നിന്ന് വിട്ടുപോവാതെ എന്റെയുള്ളിലിപ്പോഴും അച്ഛന്റെ നെഞ്ചിന്റെ ചൂടുണ്ട്. 17 വയസ്സില്‍ അച്ഛന്‍ മരിച്ചുപോയ എന്നെപ്പോലുള്ള ഒരുപാടേറെ കുട്ടികള്‍ക്ക് അച്ഛന്റെ ചൂടും കരുതലും നഷ്ടപ്പെട്ടിട്ടുണ്ട്. ആ ചൂടിന്റെ ഓര്‍മ്മകളെ പോലും വെട്ടി വെട്ടി നുറുക്കി ഇല്ലാതാക്കുന്ന ദുരനുഭവം ഒരുപക്ഷെ എന്നെപ്പോലെ അവര്‍ക്കാര്‍ക്കും ഉണ്ടായിരിക്കാനിടയില്ല.

അച്ഛനുണ്ട്, അച്ഛന്‍ അവസാനിപ്പിച്ചു പോയതെല്ലാം നമ്മള്‍ മുഴുമിപ്പിക്കുമെന്നു പറഞ്ഞു പറഞ്ഞാണ് അമ്മ എനിക്കന്നൊകെ ധൈര്യം തന്നത്. ആ അമ്മയെയല്ല ഞാനിന്ന് ആശുപത്രിക്കിടക്കയില്‍ കണ്ടത്. അമ്മ പേടിച്ചിരിക്കാനിടയില്ല. അമ്മ അച്ഛന്റെ ഭാര്യയായിരുന്നല്ലോ. പക്ഷെ അമ്മ തളര്‍ന്നിട്ടുണ്ട്. എന്നെക്കുറിച്ചോര്‍ത്ത് ആരോടും പങ്കുവെക്കാനാവാത്ത വേവലാതികള്‍ അമ്മയ്ക്കുണ്ടായിരിക്കാം.

ആശുപത്രിയില്‍ അമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മ പറഞ്ഞത് ”ഇതൊരു വിഷയമാക്കരുത്, കലാശക്കൊട്ടിന്റെ ദിവസമാണ്. നമ്മള്‍ സംയമനത്തോടെ ഇരിക്കണം എന്നാണ്. മരിക്കുന്നതിനു മുമ്പുള്ള അച്ഛന്റെ പ്രസംഗങ്ങളിലെല്ലാം അച്ഛനാവര്‍ത്തിച്ചതും അതുതന്നെയായിരുന്നു.

ആര്‍എംപിയുടെ ഒരു ഡസനോളം അനൗണ്‍സ്‌മെന്റ് വണ്ടികള്‍, നാലും അഞ്ചും അംഗങ്ങളുടെ നൂറിലേറെ സ്‌കോഡുകള്‍ …. വടകര നിയോജക മണ്ഡലത്തില്‍ അമ്മയ്ക്ക് വോട്ടുതേടിയിറങ്ങിയ ഉച്ചഭാഷിണികാളോ സഖാക്കാളോ അമ്മ ആശുപത്രിയിലാണെന്നു വിളിച്ചുപറഞ്ഞില്ല. പ്രതിഷേധിക്കാനും പ്രതികരിക്കാനും ഇതിനെതിരെ വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തില്ല .ഇതിന്റെ പേരില്‍ ഒരു വോട്ട് പോലും ഞങ്ങക്ക് വേണ്ട എന്ന തീരുമാനം എത്ര ഹൃദയവിശാലതയോടെയാണ് എന്റെ സഖാക്കള്‍ ഏറ്റെടുത്തത്.

അച്ഛന്‍ നടത്തിയത് ശരിക്ക് വേണ്ടിയുള്ള നിരന്തരമായ പോരാട്ടമായിരുന്നു. അച്ഛന്‍ കൊല്ലപ്പെട്ട ശേഷം ഞങ്ങളെ കാണാന്‍ വന്ന ജനം, അച്ഛന്‍ എത്രമാത്രം വലുതായിരുന്നുവെന്നു എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. അച്ഛനെക്കുറിച്ച് ഞാനിതേവരെ ഇങ്ങനെ എഴുതാനിരുന്നിട്ടില്ല. എനിക്ക് കണ്ണ് നിറഞ്ഞൊന്ന് കാണാന്‍ പോലും കഴിയാത്ത രൂപത്തില്‍ എന്റെ അച്ഛന്റെ മുഖം നുറുങ്ങിപ്പോയതിന് ശേഷമുള്ള ദിവസങ്ങളില്‍ ഞാനനുഭവിച്ചിരുന്ന മാനസികാവസ്ഥയെക്കുറിച്ച് ഞാനിതേവരെ ഒന്നും പങ്കുവെച്ചിട്ടില്ല. ഇതും ഞാനാഗ്രഹിച്ചതല്ല. എനിക്ക് പറയേണ്ടി വന്നതാണ്.

അച്ഛനെ വെട്ടിയതിനെക്കാള്‍ വെട്ടുകള്‍ അമ്മയെ വെട്ടും എന്ന ഭീഷണി എന്നോടല്ലേ.ഞാനെന്താണ് നിങ്ങളോട് ചെയ്തത് ? എന്തായിരുന്നു എന്റെ അച്ഛന്‍ ചെയ്ത കുറ്റം? ഒരു പ്രസ്ഥാനത്തിന് തെറ്റുപറ്റുന്നു എന്ന് പറയുന്നത് ഇങ്ങനെ വെട്ടിനുറൂക്കാന്‍ മാത്രം വലിയ തെറ്റായിരുന്നോ ?അച്ഛനുണ്ടാകിയ പാര്‍ടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോട് തീര്‍ക്കുന്നത്?ചിരിച്ചുകൊണ്ടല്ലാതെ അമ്മ എപ്പോഴെങ്കിലും നിങ്ങളോടാരോടെങ്കിലും സംസാരിചിട്ടുണ്ടോ ?എന്റച്ചനെ കൊന്നതിന്റെ പകയില്‍ അമ്മ എപ്പോഴെങ്കിലും നിങ്ങളോട് കയര്‍ത്തിട്ടുണ്ടോ? എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ ?എനിക്കമ്മയേയുള്ളൂ. എന്റച്ഛന്റെ ഓര്‍മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം. കൊന്നുകളയരുത്.

Top