തെരഞ്ഞെടുപ്പ് ചോരക്കളമാകുമോ? 15 ഭീകരര്‍ ഇന്ത്യയില്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്

ദില്ലി: പത്താന്‍കോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യയെ വിറപ്പിക്കാന്‍ ഭീകരര്‍ വീണ്ടുമെത്തിയെന്ന സൂചനയാണുള്ളത്. ഏതു നിമിഷവും ഭീകരാക്രണം പ്രതീക്ഷിക്കാം. പതിനഞ്ച് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.

രണ്ടു സംഘങ്ങളായി പത്തു ദിവസങ്ങള്‍ക്കു മുന്‍പാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ജമ്മു കശ്മീര്‍ അതിര്‍ത്തി വഴിയായിരുന്നു നുഴഞ്ഞുകയറ്റം. അതിര്‍ത്തിയിലെ സുരക്ഷ സ്ഥിതികള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വിലയിരുത്തി.

ജമ്മു കശ്മീരിലെ ഇന്ത്യ – പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ സൈന്യത്തിന്റെ എലൈറ്റ് പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്. ഭീകരര്‍ നുഴഞ്ഞുകയറുന്നതിന് സാധ്യതയുള്ള നിയന്ത്രണരേഖയിലെ തന്ത്രപ്രധാനമായ മേഖലകളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. നുഴഞ്ഞുകയറ്റശ്രമം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയച്ചുനല്‍കുന്നതിനു തീരുമാനമെടുത്തിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കശ്മീരില്‍ നിലയുറപ്പിക്കുന്നതിനായി ജയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി മുന്നറിയിപ്പുണ്ട്. പഠാന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം ജയ്‌ഷെ മുഹമ്മദിനാണ് ഇന്ത്യയില്‍ വന്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുകയെന്നാണ് ഐഎസ്‌ഐ കരുതുന്നത്. അവരുടെ പിന്തുണയുള്ളത് ജയ്ഷിനാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു

Top