ന്യൂഡൽഹി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറൊണ ഭീതിയിൽ ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലത്ത് പോലും ഇല്ലാതിരുന്ന പ്രതിസന്ധിയിലൂടെയാണ് ചില രാജ്യങ്ങൾ കടന്നുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൗരൻമാർ ആരും തന്നെ അലസത കാണിക്കരുത്. ആരും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ച് ആഴ്ചകൾ 130 കോടി ജനങ്ങളുടെ സഹകരണം വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയിൽ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും രോഗത്തിന്റെ സാഹചര്യത്തിൽ ഒരാളും അലസത കാട്ടരുതെന്നും ഒരു പൗരനും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ 130 കോടി ജനങ്ങളൂം അവരുടെ കുറച്ച് ദിനങ്ങൾ രാജ്യത്തിന് നൽകണമെന്നും മോദി പറഞ്ഞു. വരുന്ന 22ന് ‘ജനത കർഫ്യു’വും അദ്ദേഹം പ്രഖ്യാപിച്ചു. രോഗം പടന്നുപിടിക്കുന്ന സാഹചര്യത്തിൽ രണ്ട് പ്രതിജ്ഞകൾ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. സ്വയം രോഗം വരാതെ നോക്കും എന്ന പ്രതിജ്ഞയും മറ്റുള്ളവർക്ക് രോഗം വരാതെ നോക്കും എന്ന പ്രതിജ്ഞയും. രോഗമില്ലെങ്കിൽ എവിടേയും സഞ്ചരിക്കാം എന്ന തോന്നൽ വേണ്ട. അങ്ങനെ ചെയ്യുന്നത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ്. അധികൃതരുടെ നിർദ്ദേശം അനുസരിച്ച് വീട്ടിൽ തന്നെ തുടരുകയാണ് വേണ്ടത്. വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യാനും ശ്രമിക്കണം. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്നും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. മാർച്ച് 22, ഞായറാഴ്ച ‘ജനത കർഫ്യു ‘ ആചരിക്കണം എന്നതാണ് പ്രധാനമന്ത്രിയുടെ അഭിസംബോധനയിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം.
ഇന്നേ ദിവസം രാവിലെ ഏഴ് മണി മുതൽ രാത്രി 9 മണി വരെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ഓരോരുത്തരും ഇന്ന് മുതൽ ഞായറാഴ്ച വരെ ജനങ്ങളെ ബോധവത്കരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാദിവസവും ചുരുങ്ങിയത് 10 പേരെ എങ്കിലും ഫോൺ വഴിയോ, മറ്റേതെങ്കിലും വഴിയോ ഇക്കാര്യം അറിയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വൈകുന്നരം അഞ്ച് മണിക്ക് 5 മിനിട്ട് നേരം പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നന്ദി പറയാൻ ഉപയോഗിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് മണിയ്ക്ക് സൈറൺ മുഴക്കും.
ഇതേ സമയം ഏതെങ്കിലും രീതിയിൽ ഇവർക്ക് നന്ദി പ്രകടിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കളുണ്ട്. ഭക്ഷ്യധാന്യങ്ങളും പാലും മരുന്നും എല്ലാം ലഭ്യമാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ ഭയപ്പാടിൽ ഇവയെല്ലാം വാങ്ങിക്കൂട്ടരുത് എന്നും അദ്ദേഹം വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. അതുപോലെ തന്നെ അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ആരും ആശുപത്രികളിൽ പോകരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. ഈ സമയത്ത് പല വെല്ലുവിളികളും നേരിടേണ്ടി വരും. എന്നാൽ പൗരൻമാർ എന്ന നിലയിൽ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ തയ്യാറാകണം. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം രാജ്യത്തെ അറിയിച്ചു.