ദില്ലി: ഹെലികോപ്ടർ അപകടത്തില്‍ കൊലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടേയുള്ളവർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, 11 സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കാണ് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ഠാവ് അജിത് ഡോവല്‍, നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, ഐഎഎഫ് ചീഫ് വിആര്‍ ചൗധരി എന്നിവരും ബിപിന്‍ റാവത്തിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ലാന്‍സ് നായിക് വിവേക് കുമാര്‍, ബ്രിഗേഡിയര്‍ എല്‍എസ് ലിദ്ദര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞ്. നാളെ ഡൽഹിയിലെത്തുന്ന ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാനായില്ലെങ്കിൽ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എത്രയും വേഗത്തില്‍ ഡല്‍ഹിയിലെത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ദില്ലിയിലെ പാലം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കൂന്നുരില്‍ നിന്നും കോയമ്പത്തൂരിലെ സുലൂരില്‍ എത്തിച്ച് മൃതദേഹങ്ങള്‍ അവിടെ നിന്നും ഏഴയരോടെ തന്നെ പാലം വിമാനത്താവളത്തിലെത്തിച്ചു. ഒരുക്കങ്ങള്‍ക്ക് ശേഷം 8.30 ഓടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. മൂന്ന് സൈനിക മേധാവികള്‍, ദേശീയ സുക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പാലം വിമാനത്താവളത്തില്‍ സന്നിഹതരായിരുന്നു.
നേരത്തെ തന്നെയെത്തിയ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് കുടുംബത്തിന്റെ അരികിലെത്തി ആശ്വസിപ്പിച്ചു. തുടർന്ന് പ്രധാനമന്ത്രിയെത്തി കൂടുംബാംഗങ്ങളെ കാണുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു രാജ്നാഥ് സിങ് ഒരോ സൈനികന്റേയും മൃതദേഹത്തിന് അരികിലെത്തി ആദരാഞ്ജലി അർപ്പിച്ചത്. അജിത് ഡോവലും റീത്തുകള്‍ സമർപ്പിച്ചു. ഇവർക്ക് ശേഷമായിരുന്നു വിവിധ സേനകളുടെ തലവന്‍മാരും ആദരാഞ്ജലിയർപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് എത്തുമെന്ന് ആദ്യം സൂചനകള്‍ ഉണ്ടായെങ്കിലും അദ്ദേഹം എത്തിയില്ല. നാളെയായിരിക്കും അദ്ദേഹം സൈനികർക്ക് ആദരാഞ്ജലിയർപ്പിക്കുക.
ബിപിന്‍ റാവത്തിന്റെ മക്കള്‍, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍ എന്നിവരുടേയും മറ്റ് ചില സൈനികരുടേയും കുടുംബാംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അതേസമയം മലയാളി സൈനികന്‍ പ്രദീപിന്റെ കുടുംബാംഗങ്ങള്‍ ദില്ലിയിലെത്തിയിട്ടില്ല. ഡി എന്‍ എ പരിശോധന പൂർത്തിയാവാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ താമസിച്ചേക്കാമെന്നാണ് സൈനിക അധികൃതർ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിലെ കട്ടേരിയില്‍ തകർന്നു വീഴുകയായിരുന്നു. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പായിരുന്നു അപകടം. ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം 14 പേരായിരുന്നു വ്യോമസേനയുടെ എം.17 ഹെലികോപ്ടറിലുണ്ടായിരുന്നത്. 13 പേരും അപകടത്തില്‍ മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്.
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്റിനെ ധരിപ്പിച്ചിരുന്നു. അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം അദ്ദേഹം പാർലമെന്റിന്റെ ഇരുസഭകളെയും ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അസാധാരണവും വിശിഷ്ടവുമായ സൈനിക മേധാവിയാണെന്നായിരുന്നു രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ വിശേഷിപ്പിച്ചത്.