കോട്ടയം: മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കാണാതായി. 13 വയസുള്ള രണ്ടു പെൺകുട്ടികളെയും, 14 വയസുള്ള ഒരു പെൺകുട്ടിയെയും, ഒരു പതിനേഴുകാരിയെയുമാണ് കാണാതായത്. വിവിധ പോക്‌സോ കേസുകളിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്.
പോക്‌സോ കേസുകളിൽ അതിജീവിതകളായ പെൺകുട്ടികളെ പാർപ്പിക്കുന്നതിനായി ചൈൽഡ് ലൈനിന്റെ നേതൃത്വത്തിലാണ് കോട്ടയം മാങ്ങാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നാലു പെൺകുട്ടികളെ കാണാതായത്.
മുണ്ടക്കയം, ഏറ്റുമാനൂർ, മണർകാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിൽ വിവിധ പോക്‌സോ കേസുകളിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളാണ് ഇവർ. ഇതിൽ രണ്ടു പെൺകുട്ടികൾക്കു 13 വയസു മാത്രമാണ് പ്രായം. ഇവരെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. കുട്ടികളെ കാണാതായത് സംബന്ധിച്ചു ഈസ്റ്റ് പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.
പെൺകുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെൺകുട്ടികളുടെ ചിത്രവും വീഡിയോയും അടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി പരിശോധന ശക്തമാക്കിയിട്ടുണ്ട്. എത്രയും വേഗം പെൺകുട്ടികളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് സംഘത്തിന്റെ പ്രതീക്ഷ.