തിരുവനന്തപുരം: പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്കാന് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്കി. വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും ഡിജിപിക്ക് നിര്‍ദേശം നല്കി.
അതേസമയം എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്കി. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസിപി പ്രതാപനാണ് അന്വേഷണ ചുമതല. ഡ്രൈവര്‍ ഗവാസ്കറുടെയും എഡിജിപിയുടെ മകളുടെയും പരാതിയില്‍ അന്വേഷണം നടത്തും. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന എഡിജിപിയുടെ മകളുടെ പരാതിയും അന്വേഷിക്കും.
എഡിജിപിയുടെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവര്‍ ഗവാസകറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന് പറഞ്ഞിരുന്നു.
എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നായിരുന്നു ഗവാസ്കറുടെ പരാതി. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് ഡ്രൈവര്‍ ഗവാസ്കര്‍ പറഞ്ഞു. ഇതിന് തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമര്‍ദം ചെലുത്തിയെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു.
അതേസമയം, എഡിജിപിക്കൊപ്പമുള്ള പൊലീസുകാരനെ പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ തടഞ്ഞു. എഡിജിപിയുടെ വീട്ടിലേക്ക് സാധനങ്ങളുമായി പോകുംവഴിയാണ് തടഞ്ഞത്. അടിമപ്പണി ചെയ്യരുതെന്ന് താക്കീത് ചെയ്തു.
മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു ഗവാസ്കര്‍ സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെ പരാതി നല്‍കിയത്. ഗവാസ്കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ സ്നിഗ്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്കറിനെതിരെയും സ്നിഗ്ദ പരാതി നല്കി. ഈ പരാതിയിലാണ് ഇപ്പോള്‍ ഗവാസ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തിൽ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോൾ മകൾ ചീത്ത വിളിച്ചെന്നും എതിർത്തപ്പോൾ മൊബൈൽ ഫോണുകൊണ്ട് കഴുത്തിന് പിന്നിൽ ഒടിച്ചെന്നുമാണ് പരാതി. പരാതി നൽകി ഒരു പകൽ മുഴുവൻ ഒത്ത് തീർപ്പ് ശ്രമം നടത്തി വിജയിക്കാതെ വന്നതോടെയാണ് കേസെടുത്തത്.
മർദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗവാസ്കർ ഉപദ്രവിച്ചെന്ന് കാണിച്ച് എഡിജിപിയുടെ മകൾ പരാതി നൽകുകയും മെഡിക്കൽ രേഖകൾ തയാറാക്കുകയും ചെയ്തിരുന്നു. വനിത എസ്ഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവാസ്ക്കർക്കെതിരെ കേസെടുത്തത്.
ഇതിനിടെ വീട്ടിലും ഓഫിസിലുമുള്ള പൊലീസുകാരെ സുധേഷ് കുമാറും കുടുംബവും മൊശമായി പെരുമാറുന്നത് പതിവാണെന്ന് ആക്ഷേപം ശക്തമായി. വീട്ടുജോലിക്ക് തയാറാകാതിരുന്ന ഇരുപതോളം ജോലിക്കാർക്കെതിരെ വിവിധ കുറ്റങ്ങൾ ആരോപിച്ച് നടപടിയെടുത്തെന്ന് ആരോപണമുണ്ട്. ഭാര്യയേയും മകളെയും ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് ഓഫീസിലെ ഗാർഡുമാരെ സ്ഥലം മാറ്റിയെന്നും പരാതിപ്പെടുന്നു.


