കൊച്ചി: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സ്ത്രീകളുടെ കൈയ്യില്‍ നിന്നും പണവും സ്വര്‍ണവും വാങ്ങി കടന്നുകളയുന്ന തട്ടിപ്പ് വീരന്‍ ബിജു പിടിയില്‍. പത്രങ്ങളില്‍ വിവാഹപരസ്യം നല്‍കി യുവതികളെ കബളിപ്പിച്ച് പണവും ആഭരണവും തട്ടിയെടുത്ത് കടന്ന് കളയുന്ന വിവാഹ തട്ടിപ്പ് വീരന്‍ മാനന്തവാടി കല്ലോടിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിക്കെതിരെ (38) പരാതികള്‍ കൂടിവരുന്നു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് നിരവധി പരാതികളാണ് എത്തിയിട്ടുള്ളത്. അമ്പതോളം സ്ത്രീകള്‍ ഇയാളുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എണ്ണം ഇതില്‍ കൂടാമെന്നും പൊലീസ് പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫോണിലൂടെയാണ് പാരതി നല്‍കാന്‍ വിളികളെത്തിയത്. എന്നാല്‍, പരാതിക്കാരോട് അതാത് സ്റ്റേഷനില്‍ കേസ് നല്‍കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുനര്‍വിവാഹത്തിന് പരസ്യം നല്‍കിയ ശേഷം ആലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം പുലര്‍ത്തി പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. മലപ്പുറം സ്വദേശിനിയുടെ പരാതിയില്‍ ഇന്നലെയാണ് ബിജു അറസ്റ്റിലായത്. പണവും സ്വര്‍ണവുമായി മുങ്ങിയ പ്രതി വയനാട്ടിലും ഗുണ്ടല്‍പ്പേട്ടിലും മാറിമാറി താമസിച്ചുവരികയായിരുന്നു. കല്‍പ്പറ്റ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. അതേസമയം, ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പൊലീസ്. കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിച്ചേക്കും.
25 മുതല്‍ 50 വയസുള്ളവര്‍ വരെ ബിജുവിന്റെ കെണിയില്‍ വീണിട്ടുണ്ട്. ഇത്തരത്തില്‍ അടുപ്പത്തിലായ മലപ്പുറം സ്വദേശിനിയുമായി ഇയാള്‍ കഴിഞ്ഞ മാസം എറണാകുളം വടുതലയില്‍ വാടകവീട്ടില്‍ താമസം തുടങ്ങി. ഒരാഴ്ചയ്ക്കകം യുവതിയുടെ പണവും സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. മലപ്പുറംകാരിയായ യുവതിയുമായി താമസിക്കുമ്പോഴും കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് 45,000 രൂപയും കൈക്കലാക്കി. വൈക്കം സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പം പുലര്‍ത്തിവരികയായിരുന്നു. ഇയാളുമായി പൊലീസ് കൊച്ചിയിലേക്ക് വരുമ്പോഴും കഴിഞ്ഞ ദിവസങ്ങളിലെ പരസ്യങ്ങള്‍ കണ്ട് നിരവധി യുവതികള്‍ മൊബൈല്‍ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. മലപ്പുറം സ്വദേശിനിയോട് റഫീഖെന്നും വൈക്കം സ്വദേശിനിയോട് ജീവനെന്നും മറ്റുള്ളവരോട് ബിജുവെന്നുമാണ് പരിചയപ്പെടുത്തിയത്.