കൊച്ചി : ചായക്കടയുടെ മുമ്പില്‍ മാസ്ക് താഴ്ത്തി നിന്നിരുന്ന യുവാവിനെ പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമം. യുവാവും പോലീസും തമ്മിലുള്ള തര്‍ക്കം വീഡിയോയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനു നേരെ പോലീസുകാരന്റെ ആക്രോശം. ഇന്നലെ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ പരമാര റോഡിലാണ് സംഭവം.
കടയുടെ മുന്നില്‍ നിന്ന യുവാവ് മാസ്ക് ശരിയായ് വെച്ചിട്ടില്ല എന്ന് പറഞ്ഞായിരുന്നു പോലീസിന്റെ അതിക്രമം. പോലീസിന്റെ നടപടി യുവാവ് വീഡിയോയില്‍ പകര്‍ത്തുകയും താന്‍ ചായ കുടിക്കാന്‍ വന്നതാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. ജീപ്പില്‍ കയറുവാന്‍ പറയുമ്പോള്‍ യുവാവ് അതിനു തയ്യാറായില്ല. പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ യുവാവിനെ ബലമായ് വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നത് കണ്ടാണ് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കവര്‍ സ്റ്റോറിയുടെ ചീഫ് എഡിറ്ററുമായ രവീന്ദ്രന്‍ ഈ സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. ഇതുകണ്ട പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ മാധ്യമ പ്രവര്‍ത്തകനായ രവീന്ദ്രനു നേരെ തിരിഞ്ഞു.
ഇയാള്‍ എന്തിനാണ് വീഡിയോ എടുക്കുന്നതെന്നും തന്റെ ചിത്രം എന്തിനാണ് എടുക്കുന്നതെന്നും രൂക്ഷമായി ചോദിച്ചുകൊണ്ട് പോലീസികാരന്‍ രവീന്ദ്രന്റെ അടുത്തേക്ക് എത്തി. താന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആണെന്നും തന്റെ ജോലിയാണ് ചെയ്യുന്നതെന്നും മറുപടി നല്‍കിയെങ്കിലും പോലീസുകാരന്റെ രോഷം അടങ്ങിയില്ല. രവീന്ദ്രനെ കയ്യേറ്റം ചെയ്യുവാന്‍ പലപ്രാവശ്യം മുന്നോട്ട് ആഞ്ഞെങ്കിലും കൂടെയുണ്ടായിരുന്ന എസ്.ഐ ഇയാളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. സമീപത്ത് പലരും പോലീസിന്റെ ഈ നടപടി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ മാസ്ക് വിഷയത്തില്‍ യുവാവിന്റെ പേരും വിലാസവും എഴുതിയെടുത്ത് പോലീസ് പിന്‍വാങ്ങി.
പോലീസിന്റെ നടപടിയില്‍ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് പോലീസ് സേനക്കുതന്നെ നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം നടപടിക്കു പിന്നിലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം ആളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ടാര്‍ജറ്റ് തികക്കുവാനുള്ള നെട്ടോട്ടത്തില്‍ പോലീസ് പായുകയാണ്. നിരപരാധികള്‍ പോലും ക്രൂശിക്കപ്പെടുന്നത് ഇതുമൂലമാണ്. അമിത ജോലിഭാരവും കടുത്ത മാനസിക സമ്മര്‍ദ്ദവും മൂലമുള്ള രോഷം പൊതുജനങ്ങളുടെമേലാണ് ചില പോലീസുകാര്‍ തീര്‍ക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ പോലീസിന്റെ നടപടി തടസ്സപ്പെടുത്തുന്നില്ല. പോലീസിന് ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാട്ടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കുതിര കയറുന്നത്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികളായ അഡ്വ.സിബി സെബാസ്റ്റ്യന്‍, തങ്കച്ചന്‍ പാലാ, ജയചന്ദ്രന്‍ നായര്‍ കെ.വി, ചാള്‍സ് ചാമത്തില്‍, ജോസ് എം.ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.