വാര്‍ത്ത നല്കിയ ചാനലിനെതിരെ ഭീഷണിയുമായി കോതമംഗലത്തെ ഗുണ്ടാ നേതാവ് ; മംഗളം ന്യൂസ്‌ ചീഫ് എഡിറ്റര്‍ അനൂപ്‌ വീപ്പനാടിന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : മംഗളം ന്യൂസ്‌ ചീഫ് എഡിറ്റര്‍ അനൂപ്‌ വീപ്പനാടിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ഗുണ്ടാനേതാവ് ബിബിനെ അറസ്റ്റ് ചെയ്യണമെന്ന് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കോട്ടപ്പടി പോലീസ് സ്റ്റേഷനിലെ സ്‌ഥിരം കുറ്റവാളികളുടെ ലിസ്റ്റില്‍പ്പെട്ട ആണ്ടവന്‍ എന്ന ബിബിന്‍  ആണ് തനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ ഭീഷണി മുഴക്കിയത്.

മണ്ണ് മാഫിയയുടെ കുടിപ്പക വ്യക്തമാക്കുന്ന വാര്‍ത്ത മംഗളം ന്യൂസ്‌ ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് അനൂപ്‌ വീപ്പനാടിന്റെ ഉടമസ്ഥതയിലുള്ള www.mangalamnewsonline.com എന്ന ന്യൂസ് പോര്‍ട്ടലിലൂടെ പുറത്തുവിട്ടത്. വാര്‍ത്തയില്‍ ആരുടേയും പേരോ സ്ഥലമോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഫോണ്‍ സംഭാഷണം തന്റെയാണെന്ന് പറഞ്ഞ് ആണ്ടവനെന്ന് വിളി പേരുള്ള ബിബിന്‍ ചാനലിനെതിരെ ഭീഷണി മുഴക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. താന്‍ മംഗളം ന്യൂസിനെതിരെ കേസ് നല്‍കിയെന്നത് പരസ്യമാക്കുവാന്‍ പരാതിയുടെ രസീത് സോഷ്യല്‍ മീഡിയായിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനെത്തുടര്‍ന്ന്  റൗഡി ലിസ്റ്റില്‍ പേരുള്ള ബിബിന്‍ എന്ന ആണ്ടവന്റെ ചിത്രം സഹിതം മംഗളം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയോടൊപ്പം  റൗഡി ലിസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് രാത്രിയോടെ ഇയാള്‍ അനൂപിന്റെ കോതമംഗലത്തുള്ള വീട്ടിലെത്തി വധഭീഷണി മുഴക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ തന്നെ ജീവനോടെ വെച്ചേക്കില്ലെന്നും താനിവിടെ ആത്മഹത്യ ചെയ്യുമെന്നും തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് അനൂപ്‌ പോലീസില്‍ അറിയിക്കുകയായിരുന്നു. ഭീഷണിയുമായി എത്തിയ ബിബിന്റെ കാറില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതായും വാഹനം പരിശോധിക്കണമെന്നും മംഗളം ന്യുസ് ചീഫ് എഡിറ്റര്‍ അനൂപ്‌ ആവശ്യപ്പെട്ടെങ്കിലും പോലീസ് റൗഡിക്ക് അനുകൂലമായ നടപടികളാണ് സ്വീകരിച്ചത്. ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പി യുടെയും പേരിലാണ് ഇയാള്‍ ഭീഷണി മുഴക്കുന്നത്. റൗഡി ലിസ്റ്റില്‍പ്പെട്ട ആളാണ്‌ രാത്രിയില്‍ വധഭീഷണിയുമായി മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലെത്തിയതെന്ന് വ്യക്തമായി മനസ്സിലാക്കിയെങ്കിലും പോലീസ് നിയമപരമായ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്നലെ രാത്രിയില്‍ അനൂപിന്റെ കുടുംബത്തെ അവഹേളിക്കുന്ന തരത്തില്‍ നോട്ടീസുകളും പോസ്റ്ററുകളും ഇയാള്‍ വ്യാപകമായി പ്രചരിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന വാചകങ്ങളാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ഇയാളുടെ നടപടിക്കെതിരെ പോലീസ് ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് മൂവാറ്റുപുഴ ഡി.വൈ.എസ്.പി ക്ക് അനൂപ്‌ രണ്ടു പരാതികള്‍ നല്‍കിയിട്ടുണ്ട്.

ആണ്ടവന്റെ ഭീഷണിക്ക് വിധേയനായ പാക്കാട്ടുമോളയില്‍ മജീദ്  കഴിഞ്ഞ ദിവസം കോട്ടപ്പടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിബിന്‍ തന്നെ ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയെന്നും തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി ആണ്ടവന്‍ എന്ന ബിബിന്‍ ആണെന്നും പറഞ്ഞു നല്‍കിയ പരാതി സമ്മര്‍ദത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചിരുന്നു. പിടിച്ചുപറിയും മോഷണവും അടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ സംരക്ഷിക്കുന്നത് പോലീസിലെ തന്നെ ചിലരാണെന്ന സൂചനകളും പുറത്തുവരുന്നു. എതിര്‍ക്കുന്നവര്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇയാളുടെ സ്‌ഥിരം പരിപാടിയാണ്. ഇത്തരത്തില്‍ ഇയാള്‍ നൂറുകണക്കിന് പരാതികള്‍ പോലീസില്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ഫോണിലൂടെയും നേരിട്ടുമുള്ള ഭീഷണിക്ക് വഴങ്ങാത്തവര്‍ക്കെതിരെയാണ് പോലീസില്‍ നിരന്തരം പരാതി നല്‍കുന്നത്. ഇതിനുവേണ്ട ഉപദേശവും നിര്‍ദ്ദേശവും  നല്‍കുന്നത് പോലീസിലെ ചില ക്രിമിനലുകളാണ്.

ഗുണ്ടകളെ വളര്‍ത്തുന്നത് പോലീസിലെ ചില ക്രിമിനലുകളാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,വൈസ് പ്രസിഡന്റ് അഡ്വ. സിബി സെബാസ്റ്റ്യന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌, വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ , സെക്രട്ടറി ചാള്‍സ് ചാമത്തില്‍ സി മീഡിയ, സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് കേരളാ ന്യൂസ് എന്നിവര്‍ പറഞ്ഞു.  ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ് കളുടെ സംഘടനയാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്. ഭീഷണിയിലൂടെ വാര്‍ത്തകളെ മൂടിവെക്കാമെന്ന് ആരും കരുതേണ്ട. പോലീസില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗ്ഗം തേടുമെന്നും ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും   ഇവരുടെ ഗൂഗിള്‍ പെ ഉള്‍പ്പെടെയുള്ള അക്കൌണ്ടുകളിലൂടെ നടത്തുന്ന ഇടപാടുകള്‍ പരിശോധനാ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top