അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തില്‍ പോലീസിന് പങ്കുണ്ടോ എന്ന് സംശയം ബലപ്പെടുന്നു. മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ച പതിനാറുപേരും ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ മര്‍്ദ്ദനമെറ്റ മധുവിനെ പൊലീസ് ജീപ്പില്‍ കയറ്റുമ്പോഴും വലിയ ആലസ്യം കാണാനായില്ലെന്ന് റിപ്പോര്‍ട്ട്. ഇതാണ് സംശയത്തിന്റെ നിഴല്‍ പോലീസിലും പതിയാന്‍ കാരണം.
‘നിങ്ങള്‍ ജീവനോടെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ ഞങ്ങളുടെ സഹോദരന്‍ എങ്ങനെയാണ് ചോര ഛര്‍ദ്ദിച്ചു മരിച്ചത്’- ആദിവാസി നേതാവ് സി കെ ജാനു ചോദിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വംശഹത്യ ചെയ്യപ്പെട്ട സംഭവം വസ്തുതാപരമായി കസ്റ്റഡി മരണമാണെന്ന് നിലവിലുള്ള പ്രതികള്‍ക്ക് വാദിക്കാമെന്നിരിക്കെ പഴുതടച്ചുകൊണ്ടുള്ള സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകാനൊരുങ്ങുകയാണ് സികെ ജാനു. കൂടാതെ, നാട്ടുകാരുടെ ആക്രമണത്തിനു ശേഷം മധു പൊലീസിന്റെ കൂടെയായിരുന്നതിനാല്‍ അവരേയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്ന് ജാനു പറഞ്ഞു. വനംവകുപ്പും അക്രമികളുടെ കൂട്ടവും നടത്തിയ ക്രൂരമായ മര്‍ദ്ദനത്തിനു ശേഷമുള്ള പൊലീസിന്റെ സാന്നിധ്യം സംശയമുയര്‍ത്തുന്ന സാഹചര്യത്തിലാണിത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ശക്തമായ തെളിവുകളുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്ന വാരിയെല്ല് തകര്‍ത്ത ഉരുളന്‍ വടി ലാത്തിയാകാം. ‘പ്രഫഷണലുകള്‍ക്ക് മാത്രം സാധ്യമാകുന്ന’ തുടയിലുള്ള പ്രഹരം പൊലീസിന്റേതാവാം. മസ്തിഷ്‌കത്തില്‍ നീര്‍ക്കെട്ടുണ്ടാക്കി മരണത്തിലേക്ക് എത്തിച്ച പ്രഹരം ഭിത്തിയിലിടിച്ചതോ ലാത്തിക്കടിച്ചതോ ആകാം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രകടമാവുന്ന ഈ തെളിവുകള്‍ പൊലീസിനു നേരെയുമുള്ളതാണ്.
അക്രമികള്‍ കാട്ടില്‍ നിന്നു പിടികൂടി മധുവിനെ മുക്കാലി ജങ്ഷനില്‍ വച്ച് വൈകീട്ട് 3.15ന് പൊലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ ജീവനുണ്ടായിരുന്നു. മൂന്ന് പൊലീസുകാര്‍ മാത്രം സാക്ഷികളായി ജീപ്പില്‍ വച്ച് ഛര്‍ദ്ദിച്ചു മരിച്ചു എന്നാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീപ്പില്‍ കയറ്റുന്നതിനും ഡോക്ടറുടെ മുന്നില്‍ ഹാജരാക്കുന്നതിനും ഇടയില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് പൊലീസ് മാത്രമാണ് ഉത്തരവാദി. അക്രമികള്‍ പൊലീസ് ജീപ്പില്‍ കയറ്റുന്നതിനും മരിക്കുന്നതിനും ഇടയിലെ സംഭവങ്ങളിലും ദുരൂഹതയുണ്ട്. സ്റ്റേഷനില്‍ കൊണ്ടുപോയില്ലെന്ന് പൊലീസുകാര്‍ പറയുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഛര്‍ദ്ദിച്ചുവെന്നതും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ എവിടെ എന്ന ചോദ്യത്തിനും പൊലീസ് ഉത്തരം പറയേണ്ടിവരുമെന്നും സി കെ ജാനു പറഞ്ഞു.
വനംവകുപ്പിനും പൊലീസിനുമെതിരെ ശക്തമായ സംശയം നിലനില്‍ക്കെ കേസന്വേഷണം മറ്റൊരു സ്വതന്ത്ര ഏജന്‍സിക്ക് വിടണം എന്നാകും മധുവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുക എന്നാണ് വ്യക്തമാകുന്നത്. മധുവിനെ മോഷ്ടാവായ പ്രതിയായി ചിത്രീകരിക്കാന്‍ പൊലീസ് കാണിച്ച അമിതാവേശവും കൊലപാതകത്തിനു ശേഷം നടന്ന അനാസ്ഥകളും പൊലീസിന്റെ പരിഭ്രാന്തി വ്യക്തമാക്കുന്നതാണ്.