തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡിജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.
രാത്രി പത്തിന് ശേഷം ഡിജെ പാർട്ടികൾ പാടില്ലെന്നാണ് പോലീസിൻറെ നിർദേശം. ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി കാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ കാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിർദേശിച്ചു. ഇതുസംബന്ധിച്ച് ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്ക് നോട്ടീസും നൽകും.
ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങളും അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലില്‍നടന്ന ഡി.ജെ. പാര്‍ട്ടിയിലും ലഹരി ഉപയോഗം നടന്നതായി കണ്ടെത്തിയിരുന്നു.