കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പിനെ പൂട്ടാന്‍ പോലീസ് നീക്കം ശക്തമാക്കി. പരാതിയെ സാധൂകരിക്കുന്ന ഒട്ടനവധി തെളിവുകളും രേഖകളും പോലീസിന് ലഭിച്ചു. പരാതിയില്‍ പറയുന്ന സംഭവങ്ങളുടെ തുടര്‍ച്ച എങ്ങനെ എന്നത് തെളിയിക്കുന്നതിനുള്ള രേഖകള്‍ തേടുകയാണ് പോലീസ്. തെളിവ് ശേഖരണം കഴിയുംവരെ ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ് വാദിക്കും.
പഴുതുകളില്ലാതെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുരുക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹപ്രവര്‍ത്തകരുടെ രഹസ്യമൊഴിയെടുക്കും. കന്യാസ്ത്രീയോടൊപ്പം മഠത്തില്‍ താമസിക്കുന്ന അഞ്ചു കന്യാസ്ത്രിയുടെ രഹസ്യ മൊഴിയെടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പൊലീസിന്റെ നീക്കം. ഈ മൊഴികളും കോടതിയെ അറിയിച്ച് ഫ്രാങ്കോയെ അഴിക്കുള്ളില്‍ തളയ്ക്കാനാണ് നീക്കം. അതിവേഗം കുറ്റപത്രം നല്‍കിയും വിചാരണ വേഗത്തിലാക്കും. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണ് നീക്കം. അതിനിടെ അന്വേഷണം നീട്ടിക്കൊണ്ട് പോയി ബിഷപ്പിന് ജാമ്യം നേടിക്കൊടുക്കാനുള്ള നീക്കവും ചില പൊലീസ് ഉദ്യോഗസ്ഥര്‍ അണിയറയില്‍ നടത്തുന്നുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിലവിലെ അവസ്ഥയെക്കുറിച്ചും ഭാവി നടപടികള്‍ സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് ഹൈക്കോടിതിയെ ധരിപ്പിക്കും. ബുധനാഴ്ചയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. നിലവിലെ സൂചനകള്‍ പ്രകാരം തെളിവ് ശേഖരണം അവശേഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രൊസിക്യൂഷന്‍ വീണ്ടും ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നതിനാണ് സാദ്ധ്യത. ജലന്ധറിലെ ബിഷപ്പ് ഫ്രങ്കോയുടെ ആസ്ഥാനത്തുനിന്നും ചില രേഖകള്‍ കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ ചുമതലകളില്‍ നിന്നും നീക്കിയ സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖകളാണ് ഇതില്‍ പ്രധാനമെന്നാണ് അറിയുന്നത്. ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ ബിഷപ്പ് തന്നെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.ഇത് ഉറപ്പുവരുത്തുന്നതിനാണ് രേഖകള്‍ക്കായി വീണ്ടും തിരച്ചില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് കണ്ടെത്തിയ വസ്തുതകളെല്ലാം കളവെന്നും വ്യാജമെന്നും വരുത്തിതീര്‍ക്കാനായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം.ചോദ്യങ്ങളോട് തൃപ്തികരമായി പ്രതികരിക്കാതിരുന്നപ്പോള്‍ കൃത്യത വരുത്താന്‍ പൊലീസ് അനുബന്ധ ചോദ്യങ്ങളിലേക്ക് കടന്നു.
ബിഷപ്പിന്റെ നേര്‍ സാക്ഷ്യം ഒന്നൊന്നായി പരിശോധിച്ച് പുകമറയ്ക്കുള്ളിലെ സത്യം പൊലീസ് പുറത്തുചാടിച്ചു. നുണകള്‍ ഓരോന്നായി പൊളിച്ചടുക്കിയായിരുന്നു പൊലീസിന്റെ മുന്നേറ്റം. തെളിവുകള്‍ ഹാജരാക്കി പൊലീസ് തങ്ങളുടെ ഭാഗം ‘കറക്ടാ’ക്കിയപ്പോള്‍ ഫ്രാങ്കോയ്ക്ക് ഉത്തരം മുട്ടിയ അവസ്ഥയായി.പിന്നീടായിരുന്നു അറസ്റ്റ്. ഫ്രാങ്കോയെ ചോദ്യം ചെയ്ത് സംബന്ധിച്ച് ഇനിയും കാര്യമായ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിന് വഴിതെളിച്ച് സുപ്രധാന തെളിവ് മഠത്തിലെ താമസം സംബന്ധിച്ച രേഖയാണെന്നാണ് സൂചന. സാഹചര്യത്തെളിവ് മൊഴിയുമായി പൊരുത്തപ്പെട്ടപ്പോള്‍ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷക സംഘം നടപടികള്‍ സ്വീകരിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
പീഡനം നടന്നതായി തെളിവ് ലഭിച്ചു. അതുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യുന്നു.ഇതുമാത്രമായിരുന്നു അറസ്റ്റ് സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിരുന്നത്. കേസ്സിനെക്കുറിച്ച് പുറത്ത് പ്രചരിച്ചതിലേറെയും ഊഹാഭോഗങ്ങളായിരുന്നെന്നും ഇതില്‍ പലതും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തവയായിരുന്നെന്നും ഡി വൈ എസ് പി കൂട്ടിച്ചേര്‍ത്തു.