മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ്;ജാഫര്‍ ഇടുക്കിയടക്കം അഞ്ച് സുഹൃത്തുക്കളുടെ മൊഴിയെടുത്തു,മണിയുടെ ആന്തരിരാകാവയവങ്ങള്‍ പരിശോധനക്കയച്ചു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറണമെങ്കില്‍ ഇനിയും കാത്തിരിക്കണം. പോസ്റ്റ് മോര്‍ട്ടം നടന്നെങ്കിലും ആന്തരികാവയവ പരിശോധനയിലൂടെ മാത്രമേ മരണ കാരണം കണ്ടെത്താനാകൂ എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മണിക്ക് കരള്‍ രോഗം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അത്.

മണിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് വിശദമായ ഇന്‍ക്വസ്റ്റ് നടത്തി. ഒരു മണിക്കൂറോളം ഇന്‍ക്വസ്റ്റ് നടപടികള്‍ നീണ്ടു. തുടര്‍ന്ന് ഒന്‍പതോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. അതിന് ശേഷമാണ് കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പൊലീസ് തീരുമാനിച്ചത്. വിസറയും രക്തസാമ്പിളുകളും കാക്കനാട്ടെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്കാണ് അയക്കുക. ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നതിന് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി അഞ്ചു പേരെ വിളിച്ചുവരുത്തി. മണിയുടെ ഒപ്പം സംഭവ ദിവസം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി പൊലീസ് വിളിച്ചുവരുത്തിയവരില്‍ പെടുന്നു. ഡിവൈഎസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണ ചുമതല. ചാലക്കുടി സ്റ്റേഷനിലാണു ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ ‘പാഡി’യെന്ന താല്‍ക്കാലിക വസതി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസില്‍ ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധിച്ചു.

മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. ശരീരത്തിനുള്ളില്‍ വിഷമായ മെഥനോള്‍ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടതായി അമൃതാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. അതിനിടെ ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ കലാഭവന്‍ മണി ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്.

കരള്‍രോഗബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളില്‍ മെഥനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ് മെഥനോള്‍. ഇതിനുപുറമെ ആരോഗ്യത്തിനു ദോഷകരമാവുന്ന മറ്റു ചില ലഹരി പദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും ശരീരത്തില്‍ കണ്ടെത്തിയതായും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിന് ചാലക്കുടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഥനോള്‍ എങ്ങനെ ശരീരത്തില്‍ കലര്‍ന്നുവെന്നതാണു പ്രധാന സംശയം. വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ നടന്ന മദ്യസല്‍ക്കാരത്തില്‍ മണിയോടൊപ്പം മറ്റു സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും യാതൊരു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. മണിക്കു മാത്രം എന്തു സംഭവിച്ചു എന്നത് ദുരൂഹമായിരിക്കുന്നു. ആത്മഹത്യ ചെയ്യാന്‍ തക്ക യാതൊരു കാരണവും ഇല്ലെന്ന് വീട്ടുകാര്‍ തറപ്പിച്ചു പറയുകയും ചെയ്യുന്നു. ഔട്ട് ഹൗസ് ജീവനക്കാരനായ മുരുകനെ പൊലീസ് ചോദ്യം ചെയ്തു. ഇഅതേസമയം, മണിയും കൂട്ടരും എവിടെ നിന്നാണ് മദ്യം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

മറ്റാര്‍ക്കും വിഷബാധ ഏല്‍ക്കാത്തതിനാല്‍ അതിന്റെ ഉറവിടത്തില്‍ വിഷം കലര്‍ന്നതായി പൊലീസ് കരുതുന്നില്ല. മിമിക്രിയിലൂടെ സിനിമാ രംഗത്ത് എത്തിയ ഇടുക്കിക്കാരനായ ഒരു നടന്‍ അടക്കമുള്ളവരാണ് മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കാര്‍ക്കും എന്തെങ്കിലും ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ലെങ്കിലും മരണത്തിന്റെ വഴിതേടി പോകുന്ന പൊലീസിന് സുഹൃത്തുക്കളെയും ചോദ്യം ചെയ്യേണ്ടി വരും. അത് സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ആയിരിക്കും. ശനിയാഴ്ചയാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു മുന്‍പു മദ്യപിച്ചിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മദ്യപിച്ച സ്ഥലത്തെത്തി ഞായറാഴ്ച രാത്രി തന്നെ പൊലീസ് പരിശോധന നടത്തി. ആ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി മാറ്റുകയും ചെയ്തു. മണിയുടെ ശരീരത്തില്‍ മീഥേല്‍ ആള്‍ക്കഹോള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവും ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. അതുകൊണ്ടുതന്നെ അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കുന്നതൊന്നും പുറത്തു പറയരുതെന്ന നിര്‍ദ്ദേശം അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.

ഇടപ്പള്ളി അമൃതാ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 7.15 നായിരുന്നു സിനിമാലോകത്തെ നടുക്കിയ മണിയുടെ അപ്രതീക്ഷിത വിയോഗം. മണിയുടെ മരണം സ്വഭാവികമല്ലെന്നറിയിച്ച് ഒരുഫോണ്‍കോള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെടല്‍ ഉണ്ടായത്. കരള്‍വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ഏറെ നാളായി ചികില്‍സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടാണു മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ ത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മണിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് ആശുപത്രിയിലെത്തി തെളിവെടുത്തു. തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.

മണിയുടെ ശരീരത്തിലെ വിഷാംശത്തിന് സാന്നധ്യത്തിന് കാരണം അമിത മദ്യപാനമാണെന്ന നിഗമനം ഉണ്ട്. മണിയുടെ മരണം അറിഞ്ഞ് അമൃതാ ആശുപത്രി പരിസരത്ത് മണിയുടെ കൂട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. ഇവരുടെ നിലപാടുകളും പൊലീസ് സംശയത്തോടെ കാണുന്നു. ചില മാദ്ധ്യമ പ്രവര്‍ത്തകരുമായി ഇവര്‍ തട്ടിക്കയറി. ഇതോടെയാണ് സംശയം ശക്തമായത്. മണിയുടെ ഡ്രൈവറും മാനേജരും അടുത്തുള്ള ഡോക്ടറുമാണ് മണിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യും. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അസ്വാഭാവികമായത് ഔട്ട് ഹൗസില്‍ സംഭവിച്ചെന്ന് തന്നെയാണ് പൊലീസ് നിഗമനം.

Top