മധ്യപ്രദേശിൽ പോ​ലീ​സാ​കാ​നെ​ത്തി​യ ദ​ളി​ത് യുവാക്കളുടെ നെഞ്ചി​ൽ ജാ​തി എ​ഴു​തി പോ​ലീ​സ്

മാൽവ: മധ്യപ്രദേശിൽ‌ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി എഴുതി ജില്ലാ പോലീസ് അധികാരികൾ. മാൽവയിലെ ധാറിലാണ് സംഭവം. ബുധനാഴ്ച ധാറിലെ സർക്കാർ ആശുപത്രിയിൽ ഇരുനൂറോളം ഉദ്യോഗാർഥികളാണ് പരിശോധനയ്ക്കു എത്തിയത്. ഉയരം, തൂക്കം തുടങ്ങിയവയാണ് ആശുപത്രിയിൽ പരിശോധിച്ചത്. ജില്ലാ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. പരിശോധന പുരോഗമിക്കുന്നതിനിടെ പട്ടിക ജാതി, പട്ടിക വർഗ ഉദ്യോഗാർഥികളുടെ നെഞ്ചിൽ‌ പോലീസ് ജാതി രേഖപ്പെടുത്തി. എസ്‌സി, എസ്ടി എന്നാണ് രേഖപ്പെടുത്തിയത്.
ഉദ്യോഗാർഥികളുടെ നെഞ്ചിൽ‌ ജാതി എഴുതിയതായി ധാർ എസ്പി വീരേന്ദ്ര സിംഗ് സ്ഥിരീകരിച്ചു. ഉദ്യോഗാർഥികളെ തമ്മിൽ മാറിപ്പോകാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ വിഭാഗത്തിനു 168 സെന്‍റിമീറ്റർ പൊക്കമാണ് വേണ്ടത്. എന്നാൽ എസ്‌സി, എസ്ടി വിഭാഗത്തിനു 165 സെന്‍റീമീറ്ററാണ് യോഗ്യതാ മാർക്ക്. ഉദ്യോഗാർഥികളെ മാറിപ്പോകാതിരിക്കാനാണ് ‌ജാതി എഴുതിയതെന്നും വീരേന്ദ്ര സിംഗ് പറഞ്ഞു.

Top