ജയിൽ വാർഡന്റെ ദുരൂഹ മരണം; വീട് പോലീസ് പരിശോധിക്കും…

തിരുവനന്തപുരം: തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ജില്ലാ ജയിലിലെ വാർഡർ പെരുങ്കടവിള ആലത്തൂർ തെക്കേക്കുഴിവിള വീട്ടിൽ ജോഷിൻദാസിന്റെ (27) മൃതദേഹം കാണപ്പെട്ട വീട് പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കും. ജോഷിൻ ദാസിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജോഷിൻ ദാസ് എ.ടി.എമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇതെവിടെയാണെന്ന് കണ്ടെത്താനായില്ല. ജോഷിൻ ദാസ് ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റ് കീറിയ നിലയിലായിരുന്നു.

പണം കവരുന്നതിനായി നടത്തിയ ബലപ്രയോഗത്തിലാകാം കീറിയതെന്നാണ് സംശയം. ജോഷിൻ പണം എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കവർച്ചാ ശ്രമത്തിനിടയിലോ മറ്റോ അപായപ്പെടുത്തിയതാണോ എന്ന് വിലയിരുത്താനുമാണ് പൊലീസ് വീണ്ടും പരിശോധന നടത്തുന്നത്. നിർമ്മാണം നടക്കുന്ന വീട്ടിൽ സിമന്റും മണ്ണും ഇഷ്ടികകളും നിർമ്മാണ സാമഗ്രികളുമൊക്കെ കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. ബലപ്രയോഗമുൾപ്പെടെ നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മുറിയ്ക്കുള്ളിൽ മണലും മറ്റും ചവിട്ടി മെതിക്കപ്പെട്ട നിലയിൽകണ്ടതും വീട് പണിക്കായുള്ള കുതിര ബഞ്ചുകൾ മറിഞ്ഞുകിടന്നതും സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോഷിൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ നൽകുന്ന സൂചനയെന്ന് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ, ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചതിനെ തുടർന്നാണ് വീട് വീണ്ടും പരിശോധിക്കുന്നത്. ജോഷിന്റെ മാതാവ്, സഹോദരി, ഉറ്റ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, വീട്ടിൽ നിർമ്മാണ ജോലിക്കെത്തിയവർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും. ജോഷിന്റെ ഫോൺകോൾ വിശദാംശങ്ങൾ ശേഖരിക്കാൻ സൈബർ സഹായം തേടിയതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാ‌ർ അറിയിച്ചു.

Top