ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് തൂത്തുവാരും എന്ന് തന്നെയാണ് അവസാന റിപ്പോർട്ടുകൾ .പരാജയം സമ്മതിച്ച് ബിജെപി നേതാവ് തന്നെ രംഗത്ത് എത്തി .മുതിര്‍ന്ന ബിജെപി നേതാവ് ബാബുലാല്‍ ഗൗര്‍ കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രവചിക്കുന്നുണ്ട്. അതേസമയം സ്ത്രീകള്‍ കൂട്ടത്തോടെ വോട്ട് ചെയ്തതും ബിജെപിക്ക് തിരിച്ചടിയാണ്. 73.86 ശതമാനം സ്ത്രീകളും വോട്ട് ചെയ്യാനെത്തി. സംസ്ഥാനത്ത് ബലാത്സംഗം അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീ സുരക്ഷയും മോശമാണ്. ഇത് ബിജെപിക്കെതിരായി സ്ത്രീകളെ തിരിച്ചിരിക്കുകയാണ്.ബിജെപി ക്യാമ്പ് സംസ്ഥാനത്ത് നിശ്ശബദ്മാണ്. ജനങ്ങള്‍ അവരെ ഗൗരവത്തില്‍ കണ്ടിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന പോസിറ്റീവ് വാര്‍ത്തകളാണ് അവരില്‍ നിന്നുണ്ടാവുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് പാര്‍ട്ടി 140 സീറ്റ് നേടുമെന്ന് പ്രവചിച്ച് കഴിഞ്ഞു. ഇത് പരമാവധി പ്രവര്‍ത്തകരില്‍ എത്തിക്കാനാണ് നിര്‍ദേശം. അതേസമയം ബിജെപിയുടെ ശക്തമായ കേന്ദ്രങ്ങളില്‍ വോട്ടിംഗ് കൂടിയതും കോണ്‍ഗ്രസിനെ ആത്മവിശ്വാസത്തിലാക്കുന്നു.
2003ല് പോളിംഗ് ഏഴ് ശതമാനം വര്‍ധിച്ചിരുന്നു. അന്ന് ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് വീണത്. ഒരിക്കലും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല തോല്‍വി. പത്ത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരം അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു. ഇത്തവണയും അതേ രീതിയിലാണ് വോട്ടിംഗ് വര്‍ധന. ഗ്രാമീണ മേഖലയില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതാണ് ബിജെപിയുടെ ആശങ്ക. ഗ്രാമീണ മേഖലയില്‍ ഇതുവരെ കൃത്യമായ രീതിയിലാണ് വോട്ടിംഗ് ശതമാനം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴുള്ള വര്‍ധന വളരെ കൂടുതലാണ്. കാര്‍ഷിക മേഖലയില്‍ ബിജെപിക്കെതിരെ വികാരം നിലനില്‍ക്കുന്നുണ്ട്.
മധ്യപ്രദേശില്‍ വോട്ടിംഗ് വര്‍ധിച്ചതില്‍ ആശങ്കയുമായി ബിജെപി. കഴിഞ്ഞ രണ്ട് തവണത്തെ പോലെയല്ല, മറിച്ച് ഇത്തവണ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് കനത്ത ആശങ്ക ബിജെപിക്കുള്ളത്. മുന്‍ കാലങ്ങളില്‍ കണക്കുകള്‍ നോക്കുമ്പോള്‍ ബിജെപിക്ക് ആശങ്കപ്പെടാനുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ക്യാമ്പ് വലിയ സന്തോഷത്തിലാണ്.
ഭരണവികാരം കാരണം വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയെന്നാണ് സൂചന.കനത്ത പോളിംഗാണ് ഇത്തവണ മധ്യപ്രദേശില്‍ രേഖപ്പെടുത്തിയത്. 76 ശതമാനമാണ് പോളിംഗ്. 2013നെ അപേക്ഷിച്ച് 3.5 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. 74.85 ശതമാനമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യ നല്‍കിയ കണക്ക്. എന്നാല്‍ അവസാന നിമിഷത്തെ കണക്കെടുപ്പില്‍ ഇത് 76 ശതമാനമായി ഉയരുകയായിരുന്നു. 2013ല്‍ ഇത് 72.13 ശതമാനമായിരുന്നു. ഈ കണക്കുകള്‍ ബിജെപിയെയാണ് ആശങ്കപ്പെടുത്തുന്നത്.
സാധാരണ വോട്ടിംഗ് ശതമാനം വര്‍ധിക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി തോല്‍ക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ മൂന്ന് തവണയായി മധ്യപ്രദേശില്‍ അതുണ്ടാവാറില്ല. പക്ഷേ ഇത്തവണ ബിജെപിക്ക് അതില്‍ ആശങ്കയുണ്ട്. 2003, 2008, 2013 വര്‍ഷങ്ങളില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമില്ലായിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ പ്രതിച്ഛായയും ബിജെപിക്ക് ഗുണം ചെയ്തിരുന്നു. കഴിഞ്ഞ തവണ മോദി തരംഗം ആഞ്ഞുവീശിയിരുന്നു. എന്നാല്‍ ഇത്തവണ കര്‍ഷക പ്രശ്‌നങ്ങള്‍ മുതല്‍ തൊഴിലില്ലായ്മ വരെ ശക്തമാണ്.
1998 മുതല്‍ മധ്യപ്രദേശില്‍ വോട്ടിംഗ് ശതമാനം കൂടുന്നുണ്ട്. 1998ല്‍ 60.22 ശതമാനമായിരുന്നു വോട്ടിംഗ്. 2003ല്‍ ഇത് 67.28 ശതമാനമായി. 2008ല് 69 ശതമാനമായി വീണ്ടും ഉയര്‍ന്നു. 2013ല്‍ ഇത് 72.13 ശതമാനം എന്ന എക്കാലത്തെയും മികച്ച പോളിംഗിലെത്തി. ഈ കാലയളവില്‍ എല്ലാം ബിജെപി വിജയിച്ച് കയറുയായിരുന്നു. 2013വരെ മൂന്ന് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇപ്പോഴും അതേ വര്‍ധനവ് ഉണ്ടായെങ്കില്‍ കാര്യമായിട്ടുള്ള മാറ്റം സംഭവിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇത്തവണ സര്‍ക്കാരിന്റെ മോശം പ്രതിച്ഛായ കാരണം വോട്ടിംഗ് കുറയുമെന്നായിരുന്നു കരുതിയത്.
ബിജെപിയുടെ നഗര വോട്ടര്‍മാരില്‍ കാര്യമായിട്ടുള്ള വര്‍ധന വന്നിട്ടില്ല. ഇതാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നത്. മോദി തരംഗം ഇത്തവണ ഇല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഉണ്ടെങ്കില്‍ ഇവിടെ വന്‍ കുതിപ്പ് ഉണ്ടാക്കുമായിരുന്നു. അതേസമയം ഗ്രാമീണ മേഖലയില്‍ വോട്ടര്‍മാരുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മന്ദ്‌സോറിലും വോട്ടിംഗ് നില വര്‍ധിച്ചിട്ടുണ്ട്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 150ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് നേടാനുള്ള സാധ്യതയാണ് ഉള്ളത്.
മൂന്ന് മണ്ഡലങ്ങളില്‍ വന്‍ പോളിംഗ് രേഖപ്പെടുത്തിയത് കോണ്‍ഗ്രസിന് ഗുണകരമാണ്. ഇത് മൂന്നും നഗര മണ്ഡലങ്ങളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരുടെ മണ്ഡലങ്ങളുമാണ്. ഗ്വാളിയോര്‍, ഗുണ, ചിന്ദ്വാര എന്നീ ജില്ലകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ജോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ വോട്ടിംഗ് ശതമാനം 73.56ല്‍ നിന്ന് 76.19 ശതമാനമായി ഉയര്‍ന്നു. ചിന്ദ്വാരയില്‍ 81.09ല്‍ നിന്ന് 83.76 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഇത് കമല്‍നാഥിന്റെ മണ്ഡലമാണ്. നഗര വോട്ട് ബാങ്കില്‍ മാറ്റമുണ്ടായത് ബിജെപിക്കെതിരെ ജനവികാരം ഉണ്ടാവുമ്പോഴാണ്.