അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചുവരികയാണ് റിപ്പോര്‍ട്ട്. വിഷപ്പുക ശ്വസിച്ച് ഓരോ വര്‍ഷവും ഒന്നേകാല്‍ കോടി ജനങ്ങളാണ് മരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇങ്ങനെയൊരു കണക്ക്. ലോകത്ത് ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളിലൊന്ന് ഡല്‍ഹിയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ലോകത്തുണ്ടാകുന്ന നാലില്‍ ഒരു മരണം അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായുള്ളതാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 82 ലക്ഷത്തോളം മരണങ്ങള്‍ ഹൃദ്രോഗവും പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്നാണ്. ഇന്ത്യ ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയില്‍ മാത്രം 38 ലക്ഷത്തോളം പേര്‍ മരിക്കുന്നുണ്ട്.
ജല മലിനീകരണം കൊണ്ടുണ്ടാകുന്ന ഡയേറിയ, മലേറിയ തുടങ്ങിയ അസുഖങ്ങള്‍ നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും വായു മലിനീകരണം ഉയരുകയാണെന്നാണ് സൂചന. കുട്ടികളും പ്രായം ചെന്നവരുമാണ് ഇതിന്റെ ദോഷം അനുഭവിക്കുന്നത്. അഞ്ചുവയസ്സില്‍ത്താഴെ പ്രായമുള്ള 17 ലക്ഷം കുട്ടികളുടെയും 50 മുതല്‍ 75 വരെ പ്രായമുള്ള 49 ലക്ഷത്തോളം മുതിര്‍ന്നവരുടെയും മരണം മലിനീകരണത്തിന്റെ ഫലമായാണുണ്ടാകുന്നത.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് കുട്ടികളെ ബാധിക്കുന്നതെങ്കില്‍ മുതിര്‍ന്നവരെ ഹൃദ്രോഗവും പക്ഷാഘാതവും പോലുള്ള അസുഖങ്ങളാണ് ബാധിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോതനുസരിച്ച് ലോകത്തെ 91 രാജ്യങ്ങളിലെ 1600 ഓളം നഗരണങ്ങളുടെ കണക്ക് 2014-ല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഏറ്റവും മോശം വായുവുള്ള നഗരം ഡല്‍ഹിയാണ്. കറാച്ചിയും ധാക്കയും ബെയ്ജിങ്ങുമൊക്കെ ഡല്‍ഹിയെക്കാള്‍ മികച്ച വായുവുള്ള നഗരങ്ങളാണെന്ന് ആ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.