സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മാര്‍പാപ്പയെ കാണാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുമായി എത്തിയത് പതിനായിരങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുമെത്തിയ ആളുകളുടെ എണ്ണം കണ്ട് സംഘാടകര്‍ പോലും ഞെട്ടി. 1.35 ലക്ഷം പേര്‍ എത്തുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അവസാന കണക്കെടുപ്പില്‍ അതിനേക്കാള്‍ അരലക്ഷം പേര്‍ കൂടിയെന്നാണ് ഔദ്യോഗികമായ അറിയിപ്പ്. വിദൂര എമിറേറ്റുകളില്‍ നിന്ന് തിങ്കളാഴ്ച രാത്രി തന്നെ മാര്‍പാപ്പയെ കാണാനായി വിശ്വാസികള്‍ എത്തിത്തുടങ്ങിയിരുന്നു. പുലര്‍ച്ചെയോടെ നഗരത്തിന്റെ പരിസരങ്ങളില്‍ ഒരുക്കിയ ക്യാമ്പുകളില്‍ സമ്മേളിച്ചാണ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലേക്ക് ഈ ആളുകള്‍ നീങ്ങിയത്. അവിടെനിന്ന് ആളുകളെ എത്തിക്കാന്‍ പ്രത്യേക ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി ഒരുക്കിയ വേദി അബുദാബി ശൈഖ് സായിദ് പള്ളിക്ക് സമീപത്തായിരുന്നു. യുഎഇ അനുവര്‍ത്തിച്ചുവരുന്ന സഹിഷ്ണുതയുടെയും മതസൗഹാര്‍ദത്തിന്റെയും പ്രതീകമായും ഇത് വിശേഷിപ്പിക്കപ്പെട്ടു.

സഹിഷ്ണുതാവര്‍ഷമാചരിക്കുന്ന യു.എ.ഇ. ലോകത്തിന് പുതിയ സന്ദേശവും ഇതുവഴി നല്‍കുകയായിരുന്നു. കഴിഞ്ഞയാഴ്ച സമാപിച്ച ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയായ സ്റ്റേഡിയം പെട്ടെന്നാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി അണിഞ്ഞൊരുങ്ങിയത്. കാലത്ത് അഞ്ചിനാണ് സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നത്. ഒമ്പതുമണിയോടെ തന്നെ സ്റ്റേഡിയം നിറഞ്ഞു. ഓരോ സീറ്റിനും നമ്പര്‍ ഇട്ടാണ് പ്രവേശനടിക്കറ്റുകള്‍ നല്‍കിയത്. ഉള്ളില്‍ കടക്കാന്‍ കഴിയാത്തവര്‍ക്കായി പുറത്ത് വിശാലമായ സൗകര്യങ്ങളും പരിപാടി വീക്ഷിക്കാനായി സജ്ജീകരിച്ചിരുന്നു. ആളുകളെ എത്തിക്കാനായി ആയിരത്തോളം ബസുകളാണ് യുഎഇ സര്‍ക്കാര്‍ സൗജന്യമായി വിട്ടുനല്‍കിയത്. ഷാര്‍ജയിലെയും ദുബൈയിലെയും മിക്കവാറും സ്‌കൂള്‍ ബസുകളെല്ലാം ഇത്തരത്തില്‍ ഉപയോഗിച്ചു. വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വിദ്യാഭ്യാസമന്ത്രാലയം അവധിയും നല്‍കിയിരുന്നു. കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ക്കും അവധി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top