ഡബ്ലിൻ : ഫ്രാന്‍സീസ് പാപ്പാ അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലനില്‍ എത്തിയിരിക്കുന്നു. കുടുംബങ്ങളുടെ ഒമ്പതാം ആഗോള സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പായുടെ ഈ അപ്പസ്തോലിക യാത്ര. പാപ്പാ ഇറ്റലിക്കു പുറത്തു നടത്തുന്ന ഇരുപത്തിനാലാമത്തെ ഇടയസന്ദര്‍ശനമാണിത്. ചൊവ്വാഴ്ച (21/08/18) ആരംഭിച്ച ഷഡ്ദിന കുടുംബസംഗമത്തില്‍ സംബന്ധിക്കുന്ന കുടുംബങ്ങളോടൊത്തു, ഡബ്ലിനിലും നോക്കിലുമായി, പാപ്പാ രണ്ടു ദിവസം ചിലവഴിക്കും. ആഗോളകുടുംബസമാഗമത്തിന്‍റെ അഞ്ചാം ദിവസമാണ് പാപ്പാ ഡബ്ലിനില്‍ എത്തിയിരിക്കുന്നത്.
സമയവിത്യാസം
ഡബ്ലിനും ഇന്ത്യയും തമ്മിലുള്ള സമയവിത്യാസം നോക്കുകയാണെങ്കില്‍ ഇന്ത്യ 4 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്. അയര്‍ലണ്ടില്‍ ഉച്ചയ്ക്ക് 12 മണിയാണെങ്കില്‍ ഇന്ത്യയില്‍ വൈകുന്നേരം 4.30 ആയിരിക്കും എന്നു സാരം.
പാപ്പായുടെ ദ്വിദിന സന്ദര്‍ശന പരിപാടികള്‍
തന്‍റെ ഇടയസന്ദര്‍ശനത്തിന്‍റെ ആദ്യ ദിനമായ ആഗസ്റ്റ് 25-ന് ശനിയാഴ്ച പാപ്പായുടെ ഔദ്യോഗിക പരിപാടികള്‍, രാഷ്ട്രത്തലവനുമായുള്ള കൂടിക്കാഴ്ച, ഡബ്ലിന്‍ കോട്ടമന്ദിര സന്ദര്‍ശനം, അവിടെ വച്ച് പൗരാധികാരികളും നയതന്ത്ര പ്രതിനിധികളുമടങ്ങുന്ന സംഘവുമായുള്ള കൂടിക്കാഴ്ച, താല്കാലിക കത്തീദ്രലായി പ്രവര്‍ത്തിക്കുന്ന, അഥവാ, പ്രോ-കത്തീദ്രലായ സെന്‍റ് മേരീസ് കത്തീദ്രല്‍ സന്ദര്‍ശനം, പാര്‍പ്പിടരഹിതര്‍ക്കായി കപ്പൂച്ചിന്‍ വൈദികരുടെ മേല്‍നോട്ടത്തിലുള്ള അഭയകേന്ദ്ര സന്ദര്‍ശനം, ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബോത്സവത്തില്‍ പങ്കുചേരല്‍ എന്നിവയാണ്.
കുടുംബ സമ്മേളനത്തിന്‍റെ ആറാം ദിവസവും സമാപനദിനവുമായ 26-Ↄ○ തിയതി ഞായറാഴ്ച പാപ്പാ നോക്കിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും, തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ അങ്കണത്തില്‍ വച്ച് ത്രികാലജപ സന്ദേശം നല്കുകയും മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കുകയും ചെയ്യും. ഉച്ചതിരിഞ്ഞ്‍ ഡ്ബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ കുടുംബങ്ങള്‍ക്കായി സമൂഹബലിയര്‍പ്പിക്കും. വൈകുന്നേരം പാപ്പാ അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് വത്തിക്കാനിലേയ്ക്കു മടങ്ങുകയും ചെയ്യും.
യാത്രാരംഭം
ശനിയാഴ്ച (25/08/18) പ്രാദേശിക സമയം രാവിലെ 7.30 ഓടെ ( ഇന്ത്യയിലെ സമയം 11 മണിയോടെ) ഫ്രാന്‍സീസ് പാപ്പാ റോമിലെ രാജ്യാന്തരവിമാനത്താവളത്തിലേക്ക് കാറില്‍ യാത്രയായി. വത്തിക്കാനില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ റോമിനു പുറത്തുള്ള ഫ്യുമിച്ചീനൊ എന്ന സ്ഥലത്താണ് ലെയൊണാര്‍ദൊ ദ വിഞ്ചി എന്നു പേരുള്ള ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ വിമാനത്താവളം പോര്‍ത്തൊ സാന്ത റുഫീന രൂപതാതിര്‍ത്തിക്കുള്ളില്‍ വരുന്നതിനാല്‍ പ്രസ്തുത രൂപതയുടെ മെത്രാന്‍ ജീനൊ റെയാലി പാപ്പായെ യാത്രയയ്ക്കാന്‍ അവിടെ സന്നിഹിതനായിരുന്നു.
അല്‍ ഇത്താലിയായുടെ എയര്‍ബസ്സ് 320 ആയിരുന്നു പാപ്പായുടെ യാത്രയ്ക്ക് ഒരുക്കിയിരുന്ന വ്യോമയാനം. എല്ലാവരോടും യാത്ര പറഞ്ഞ പാപ്പാ പതിവുപോലെ യാത്രാസഞ്ചിയും പിടിച്ച് വ്യോമയാന പടവുകള്‍ കയറി.
പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് വിമാനം 1890 കിലോമീറ്റര്‍ അകലെയുള്ള ഡബ്ലിനിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അപ്പോള്‍ റോമില്‍ സമയം രാവിലെ 8.15, ഇന്ത്യയില്‍ 11.45 ആയിരുന്നു.
പാപ്പാ മാതൃസവിധത്തില്‍
അപ്പസ്തോലികയാത്രകള്‍ക്കു മുമ്പു പതിവുള്ളതു പോലെ, “റോമന്‍ ജനതയുടെ രക്ഷ” (സാളൂസ് പോപുളി റൊമാനി) എന്ന അഭിധാനത്തില്‍ റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ പവിത്ര സന്നിധാനത്തില്‍ വെള്ളിയാഴ്ച (24/08/18) വൈകുന്നേരം എത്തി ഈ യാത്രയെ മാതാവിനു സമര്‍പ്പിച്ചതിനു ശേഷമാണ് ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച തന്‍റെ ഇടയസന്ദര്‍ശനം ആരംഭിച്ചത്.
ഡബ്ലിന്‍
“കറുത്ത ചതുപ്പുനിലം” എന്ന അര്‍ത്ഥം വരുന്ന ഡബ്ലിന്‍ അയര്‍ലണ്ടിന്‍റെ തലസ്ഥാന നഗരിയാണ്. അന്നാടിന്‍റെ മദ്ധ്യപൂര്‍വ്വ ഭാഗത്ത് ലഫി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ നിവാസികളുടെ സംഖ്യ 13 ലക്ഷത്തി 45000 ത്തിലേറെ വരും. മദ്ധ്യ കാലഘട്ടം മുതല്‍ അയര്‍ലണ്ടിലെ ഏറ്റം പ്രധാനപ്പെട്ട നഗരമായ ഡബ്ലിന്‍ ഭരണ-ധനകാര്യ-സാംസ്കാരിക കേന്ദ്രമാണ്.
ഡബ്ലിന്‍ അതിരൂപത
ഡബ്ലിന്‍ അതിരൂപതയുടെ ചരിത്രം അറുനൂറ്റിമുപ്പത്തിമൂന്നാം ആണ്ടുവരെ പിന്നോട്ടു പോകുന്നതാണ്. 1152 ലാണ് ഡബ്ലിന്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടത്. 3184 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 14 ലക്ഷത്തിലേറെ നിവാസികളില്‍ സിംഹഭാഗവും, അതായത്, പതിനൊന്നു ലക്ഷത്തി അമ്പതിനായിരത്തില്‍പ്പരവും കത്തോലിക്കരാണ്. ഇവര്‍ 199 ഇടവകളിലായി തിരിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ആദ്ധ്യാത്മികകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് 360 ലേറെ രൂപതാവൈദികരും ആയിരത്തിലേറെ സന്ന്യസ്തരും 2250 ഓളം സന്ന്യാസിനികളും ഉണ്ട്. 640ലേറെ വിദ്യഭ്യാസ സ്ഥാപനങ്ങളും 12 സേവനകേന്ദ്രങ്ങളും അതിരൂപതയില്‍ പ്രവര്‍ത്തനനിരതമാണ്.
ഡബ്ലിന്‍ സ്വദേശിയായ ഡിയര്‍മ്യുഡ് മാര്‍ട്ടിന്‍ (DIARMUID MARTIN) ആണ് അതിരൂപതാദ്ധ്യക്ഷന്‍. 1945 എപ്രില്‍ 8 ന് ജനിച്ച അദ്ദേഹം 1969 മെയ് 25 ന് പൗരോഹിത്യം സ്വീകരിക്കുകയും 1999 ജനുവരി 6 ന് മെത്രാനായി അഭിഷിക്തനാകുകയും 2001 ജനുവരി 17 ന് മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 2004 ഏപ്രില്‍ 4 നാണ് ആര്‍ച്ചുബിഷപ്പ് ഡിയിര്‍മ്യുഡ് മാര്‍ട്ടിന്‍ ഡബ്ലിന്‍ അതിരൂപതയുടെ അദ്ധ്യക്ഷനാകുന്നത്.
പാപ്പായുടെ ആശംസാസന്ദേശങ്ങള്‍
ഫ്രാന്‍സീസ് പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ടു ഡബ്ലിന്‍ ലക്ഷ്യമാക്കി മൂന്നു മണിക്കൂറും 15 മിനിറ്റും പറന്ന വിമാനം ഇറ്റലിക്കും അയര്‍ലണ്ടിനും പുറമെ, സ്വിറ്റ്സര്‍ലണ്ട് ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ നാടുകളുടെയും വ്യോമപാത ഉപയോഗപ്പെടുത്തി. ഓരോ നാടിന്‍റെയും മുകളിലൂടെ പറക്കവെ, പാപ്പാ അതതു രാജ്യത്തിന്‍റെ തലവന് ആശംസാസന്ദേശം അയച്ചു.
വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും മൂല്യം തുടര്‍ന്നും വിലമതിക്കാനും സംരക്ഷിക്കാനും കഴിയുന്ന ദീര്‍ഘവീക്ഷണത്തിന്‍റെയും ജ്ഞാനത്തിന്‍റെയും അനുഗ്രഹങ്ങള്‍ ഇറ്റലിക്ക് സമൃദ്ധമായി ലഭിക്കുന്നതിനു വേണ്ടി, താന്‍, കുടുംബങ്ങളുടെ സംഗമത്തോടനുബന്ധിച്ച് അയര്‍ലണ്ടിലേക്കു റോമില്‍ നിന്നു പുറപ്പെടുന്ന ഈ വേളയില്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജൊ മത്തരേല്ലയ്ക്കയച്ച സന്ദേശത്തില്‍ അറിയിച്ചു.
സ്വിറ്റ്സര്‍ലണ്ടിന്‍റെ പ്രസിഡന്‍റ് അലയിന്‍ ബെര്‍സെറ്റിനയച്ച സന്ദേശത്തില്‍ പാപ്പാ അദ്ദേഹത്തിനും അന്നാടിനും സമാധാനവും ക്ഷേമവും ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കുന്നു.
സര്‍വ്വശക്തനായ ദൈവത്തിന്‍റെ സമൃദ്ധമായ അനുഗ്രഹങ്ങള്‍ ബ്രിട്ടനിലെ രാജകുടുംബത്തിനും എല്ലാ പൗരന്മാര്‍ക്കും ലഭിക്കുന്നതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ രണ്ടാം എലിസബത്തു രാജ്ഞിക്കയച്ച സന്ദേശത്തില്‍ അറിയിച്ചു.
പാപ്പാ സഹയാത്രികരോട്
ഈ യാത്രാവേളയില്‍ തന്നോടൊപ്പം യാത്രചെയ്യുന്ന അയര്‍ലണ്ടുകാരുമുള്‍പ്പെട്ട എഴുപത് മാദ്ധ്യമ പ്രവര്‍ത്തകരെ പാപ്പാ വിമാനത്തില്‍ വച്ച് സംബോധന ചെയ്യുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കുടുംബങ്ങളോടൊത്തുള്ള തന്‍റെ രണ്ടാമത്തെ ആഘോഷമാണ് ഡബ്ലിനിലേതെന്നും ആദ്യത്തേത്, അമേരിക്കന്‍ ഐക്യനാടുകളിലെ ഫിലഡല്‍ഫിയായില്‍ വച്ചായിരുന്നുവെന്നും പാപ്പാ തദ്ദവസരത്തില്‍ പറഞ്ഞു. കുടുംബങ്ങളോടൊപ്പമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, പാപ്പാ തുടര്‍ന്നു- ഈ യാത്ര എനിക്ക് സന്തോഷകരമാണ്. എന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. 38 വര്‍ഷത്തിനു ശേഷം ഞാന്‍ അയര്‍ലണ്ടില്‍ തിരിച്ചെത്തുകയാണ്. 1980 ല്‍ അവിടെ ഞാന്‍ ഇംഗ്ലീഷ് പരിശീലിക്കുന്നതിനായി മൂന്നുമാസക്കാലം ചിലവഴിച്ചിട്ടുണ്ട്. അതും എനിക്ക് ആനന്ദദായക സ്മരണയാണ്. ഈ വാക്കുകളെ തുടര്‍ന്ന് മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് പാപ്പാ തന്‍റെ ഇരിപ്പിടത്തിലേക്കു മടങ്ങി.
പാപ്പാ ഡബ്ലിനില്‍
പ്രാദേശിക സമയം രാവിലെ 10.30 ന് ( ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 3 മണിക്ക്) വിമാനമിറങ്ങിയ പാപ്പായെ സ്വീകരിക്കാന്‍ ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഭാധികാരികളും പൗരാധികാരികളും സന്നിഹിതരായിരുന്നു.
അയര്‍ലണ്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കൊളൊയും പാപ്പായുടെ കാര്യപരിപാടികളുടെ ചുതലക്കാരനും വ്യോമയാനത്തില്‍ കയറി പാപ്പായെ സ്വീകരിച്ചു പുറത്തേക്കാനയിച്ചു.
വിമാനപ്പടവുകള്‍ ഇറങ്ങിയ പാപ്പായെ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ രണ്ടുകുട്ടികള്‍ പൂച്ചെണ്ടു നല്കി സ്വീകരിച്ചു. അയര്‍ലണ്ടുവംശജനും അമേരക്കന്‍ പൗരനുമായ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെലും അയര്‍ലണ്ടിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ബാപ്റ്റിസ്റ്റ് ബ്രാഡിയും ഒരു കുടുംബവും അവിടെ സന്നിഹിതരായിരുന്നു. അല്പസമയം അവരോടു കുശലം പറഞ്ഞ പാപ്പാ അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഒരു കാറില്‍ യാത്രായി. 17 കിലോമീറ്റര്‍ ദൂരം നയനാന്ദകരമായ പ്രകൃതിസൗന്ദര്യം ആസ്വദിച്ചു നീങ്ങിയ പാപ്പാ “അയര്‍ലണ്ടിലെ വെളുത്ത മന്ദിരം” എന്നറിയപ്പെടുന്ന “ ആരാസ് ആന്‍ ഉവാക്ടറായിന്‍” രാഷ്ട്രപതി മന്ദിരത്തിലെത്തി.ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കിലാണ് ഈ മനോഹര വെള്ള സൗധം സ്ഥിതിചെയ്യുന്നത്.
അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റുമായുള്ള സൗഹൃദ കൂടിക്കാഴ്ച
മന്ദിരത്തിലെത്തിയ പാപ്പായെ അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റ് മൈക്കിള്‍ ഹിഗ്ഗിന്‍സും പത്നിയും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് അഭയാര്‍ത്ഥികളുടെ ഒരു കുടുംബത്തെയും അയര്‍ലണ്ടുകാരുടെ ഒരു കുടുംബത്തെയും പാപ്പായ്ക്ക് പരിചയപ്പെടുത്തി. തദ്ദനന്തരം ഔപചാരിക സ്വാഗതസ്വീകരണ ചടങ്ങായിരുന്നു.
വത്തിക്കാന്‍റെയും അയര്‍ലണ്ടിന്‍റെയും ദേശീയ ഗാനങ്ങള്‍ സൈനികബാന്‍റ് ആലപിച്ചു. തുടര്‍ന്നു പാപ്പാ ദേശീയ പതാകയെ വന്ദിച്ചു. തദ്ദനന്തരം സൈനികോപചാരം സ്വീകരിച്ച പാപ്പാ രാഷ്ട്രപതിയുടെ മന്ദിരത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഫോട്ടോയെടുക്കുന്നതിന് നിന്നു.
അതിനു ശേഷം മന്ദിരത്തിലേക്കു പ്രവേശിച്ച പാപ്പാ “സ്റ്റേറ്റ് അപ്പോയിന്‍റെമെന്‍റ് റൂം” എന്നറിയപ്പെടുന്ന മുറിയില്‍ വച്ച് സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ ഒപ്പു വച്ചു. തദ്ദനന്തരം അവിടെ സന്നിഹിതരായിരുന്ന പ്രതിനിധി സംഘങ്ങളെ പാപ്പായ്ക്ക് പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. അതിനു ശേഷം പാപ്പായും പ്രസിഡന്‍റും അല്പസമയം സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പാപ്പായും പ്രസിഡന്‍റും ഈ സൗഹൃദസന്ദര്‍ശനത്തിന്‍റെ സ്മരണയ്ക്കായി സമ്മാനങ്ങള്‍ കൈമാറി.
അയര്‍ലണ്ടിന്‍റെ പ്രതീകാത്മക ചിഹ്നമായ ത്രിഫോളിയും എന്നറിയപ്പെടുന്ന ചെടി വലതുകരത്തില്‍ പിടിച്ചിരിക്കുന്ന വിശുദ്ധ പാട്രിക്കിന്‍റെ രൂപം കൊത്തിയിരിക്കുന്ന ഒരു മുദ്രയായിരുന്നു പാപ്പാ പ്രസിഡന്‍റിനു നല്കിയ സമ്മാനം.
പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞു പുറത്തിറങ്ങിയ പാപ്പാ ഉദ്യാനത്തില്‍ ഒരു ചെടി നട്ടു.
ഡബ്ലിന്‍ കോട്ടമന്ദിരത്തിലേക്ക്
രാഷ്ട്രപതിമന്ദിരത്തിലെ പരിപാടികള്‍ക്കു ശേഷം പാപ്പാ 5 കിലോമീറ്റര്‍ അകലെയുള്ള ഡബ്ളിന്‍ കോട്ടമന്ദിരത്തിലേക്കു ഒരു കാറില്‍ യാത്രയായി. ഡബ്ലിന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്ത് ലിഫി നദിയുടെ തെക്കെ തീരത്താണ് ഈ കോട്ട. 700 ലേറെ വര്‍ഷങ്ങളായി, അയര്‍ലണ്ടിലെ ബ്രിട്ടീഷ് ആധിപത്യകാലത്തിന്‍റെ സ്മാരകമായി നിലകൊള്ളുന്നതാണ് ഈ കോട്ട മന്ദിരം. 1204 ല്‍ ഇംഗണ്ടിന്‍റെ രാജാവ് ജോണ്‍ പണികഴിപ്പിച്ചതാണിത്. 4 ഗോപുരങ്ങളും കിടങ്ങും തുലായന്ത്രം പോലുള്ള ഒരു തൂക്കു പാലവും അടങ്ങിയതായിരുന്ന ഈ കോട്ട മന്ദിരം 1864 ല്‍ അഗ്നിക്കിരയായപ്പോള്‍ നാലു ഗോപുരങ്ങളില്‍, 5 മീറ്റര്‍ കനത്തില്‍ ഭിത്തിയുള്ള “റെക്കോഡ് ടവ്വര്‍” എന്ന ഗോപുരം മാത്രമെ അവശേഷിച്ചുള്ളു. പിന്നീട് ഈ കോട്ട മന്ദിരം നെയൊഗോട്ടിക്ക്, നെയൊ ക്ലാസിക്ക് വാസ്തുശൈലിയില്‍ പുതുക്കി പണിയുകയായിരുന്നു.
നയതന്ത്ര-രാഷ്ട്രീയ-പൗര-സഭാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച
ഡബ്ലിന്‍ കോട്ടമന്ദിരത്തിലെത്തിയ പാപ്പായെ പ്രധാനമന്ത്രി അഥവാ, തവോയിസീച്ച്, ലെയൊ എറിക് വരദ്ക്കാര്‍ (Leo Eric Varadkar) സ്വീകരിച്ച് അകത്തേക്കാനയിച്ചു. ആദ്യം പാപ്പാ സന്ദര്‍ശകര്‍ക്കായുള്ള പുസ്തകത്തില്‍ ഒപ്പു വച്ചു. തനദ്ദനന്തരം കൂടിക്കാഴ്ചയ്ക്കായി “സെന്‍റ് പാട്രിക്” ശാലയിലെത്തിയ പാപ്പായെ അവിടെ സന്നിഹിതരായിരുന്ന നയതന്ത്ര-രാഷ്ട്രീയ-പൗര-സഭാ പ്രതിനിധികള്‍ അടങ്ങിയ ഇരുന്നൂറ്റിയമ്പതോളം പേര്‍ കരഘോഷത്തോടെ സ്വാഗതം ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി വരദ്ക്കാര്‍ പാപ്പായ്ക്ക് സ്വാഗതമോതി. പ്രധാനമന്ത്രിയുടെ വാക്കുകളെ തുടര്‍ന്ന് പാപ്പാ മറുപടി പ്രസംഗം നടത്തി.
ഈ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പാപ്പാ അവിടെനിന്ന് 5 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്കു മടങ്ങുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ അവിടെ സന്നിഹതരായിരുന്ന യുവതീയുവാക്കളുമയി അല്പസമയം ചിലവഴിച്ചു. അവര്‍ പാട്ടുപാടി പാപ്പായെ വരവേറ്റു.