നടിയെ ആക്രമിച്ച കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ജഡ്ജി. നടിയുടെ പീഡന ദൃശ്യങ്ങൾ ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും ചേർന്ന് കണ്ടിരുന്നോ എന്നാണ് മുൻ ജഡ്ജി എസ് സുദീപ് ചോദിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിലൂടെയുള്ള മുൻ ജഡ്ജിൻ്റെ ഈ വെളിപ്പെടുത്തൽ വൈറലാകുകയാണ്. ഗുരുതരമായ ആരോപണമാണ് ഈ മുൻ ജഡ്ജ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്.
ജഡ്ജിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;
സർ, പൂച്ചയ്ക്കാരു മണികെട്ടും?
കൈക്കൂലി ഇടപാടുകൾ ഞാനാദ്യം കാണുന്നതു കോടതിയിൽ വച്ചാണ്.
എൻ്റെ ഇരുപത്തിരണ്ടാം വയസിൽ, വക്കീൽ കാലത്തിൻ്റെ ആദ്യ നാളുകളിൽ.
അന്ന് ബഞ്ച് ക്ലർക്കിനു പത്തു രൂപ നൽകിയാണ് ഞങ്ങളുടെ ഗുമസ്തൻ സാക്ഷിമൊഴികൾ ഓഫീസിലെത്തിക്കുക. സാക്ഷി വിസ്താരത്തിനു ശേഷം തൊട്ടടുത്ത ദിവസത്തേയ്ക്കായിരിക്കും ലിസ്റ്റ് കേസ് വാദം പറയാനായി വയ്ക്കുന്നത്. അപേക്ഷ നൽകി മൊഴിപ്പകർപ്പു വാങ്ങാനൊക്കെ സമയമെടുക്കും. അതുകൊണ്ട് മൊഴി സംഘടിപ്പിക്കാനായി സീനിയർ, ഗുമസ്തനെ ഏല്പിക്കും.
വാദിഭാഗം മൊഴി ബഞ്ച് ക്ലർക്കിൽ നിന്നു ഞങ്ങൾ വാങ്ങും. പ്രതിഭാഗം മൊഴി എതിർഭാഗം വക്കീലും അതേപോലെ തന്നെ വാങ്ങും. എന്നിട്ട് കാർബൺ പേപ്പർ വച്ച് ഇരുകൂട്ടരും മൊഴി പകർത്തിയെഴുതി പരസ്പരം കൈമാറും.
ഫോട്ടോസ്റ്റാറ്റ് എടുക്കാത്തതിനു കാരണമുണ്ട്. കോടതിയിൽ ഫോട്ടോസ്റ്റാറ്റ് മെഷീൻ വരുന്ന കാലത്തിനു വളരെ മുമ്പ് ഫോട്ടോസ്റ്റാറ്റ് മൊഴി പൊക്കിപ്പിടിച്ചു വായിച്ച് ഒരു സീനിയർ വക്കീൽ വാദം പറഞ്ഞു. അതു ജഡ്ജി കാണുകയും ബഞ്ച് ക്ലർക്കിനു മെമ്മോ കിട്ടുകയും ചെയ്തതിൽപ്പിന്നെ മൊഴിയുടെ ഫോട്ടോസ്റ്റാറ്റ് ആരും എടുക്കാതായതാണ്.
കോടതിയിൽ നിന്നു വക്കീലാഫീസിലെത്തുന്ന മൊഴി ചില പ്രത്യേക സാഹചര്യങ്ങളിൽ ഉടനടി പകർത്തിയെഴുതാൻ കഴിഞ്ഞെന്നു വരില്ല. അസൽ മൊഴി പിറ്റേന്നു രാവിലെ കേസു വിളിക്കും മുമ്പ് ബഞ്ച് ക്ലർക്കിനു തിരികെ നൽകുകയും വേണം. അന്നേരം ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം പിന്നീട് പകർത്തിയെഴുതും, എന്നിട്ട് ഫോട്ടോസ്റ്റാറ്റ് കുനുകുനാ കീറിക്കളയും.
എൻ്റെ വക്കീൽ ജീവിതത്തിൻ്റെ തുടക്കത്തിൽ ഞാനൊക്കെ ഏറ്റവുമധികം എഴുതിയത് സാക്ഷിമൊഴികളായിരിക്കണം, ജഡ്ജിയാകുന്നതിനും ഏഴു വർഷം മുമ്പേ മൊഴിയെഴുത്തു തുടങ്ങി. ഇന്ന് ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായ സുജാത മാഡം, പിന്നീട് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറായ വേണു കരുണാകരൻ സാർ തുടങ്ങി എത്രയോ പേരുടെ മൊഴികൾ.
എൻ്റെ ബാറിൽ മാത്രമല്ല, മിക്ക സ്ഥലങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.
കൊടുങ്ങല്ലൂരിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടക്കാരൻ ഗുമസ്തനോടു ചോദിച്ച സംശയം ഇതായിരുന്നു:
– എല്ലാരും വന്ന് നൂലുപോലത്തെ ഒരു സാധനം ഫോട്ടോസ്റ്റാറ്റ് എടുത്തോണ്ടു പോണത് എന്തിനാ ചേട്ടാ?
ഡോക്ടർമാരെക്കാൾ മോശമായ ജഡ്ജിമാരുടെ കൈയ്യക്ഷരങ്ങളിൽ ഒന്നായിരുന്നു ആ നൂൽ.
വൈകിട്ട് ഞാനൊക്കെ വക്കീലാഫീസിലിരുന്ന് ഈ നൂലൊക്കെ പകർത്തുമ്പോൾ ഞങ്ങളുടെ മുറ്റം നിറയെ ആളുണ്ടാകും. കോടതിയിലെ പ്രോസസ് സർവർമാരാണ്. കോടതി ഉത്തരവു പ്രകാരം നോട്ടീസും സമൻസുമൊക്കെ നടത്താൻ ചുമതലപ്പെട്ട കോടതി ഉദ്യോഗസ്ഥർ.
വരുന്നത് പരസ്യമായി കൈക്കൂലി ചോദിക്കാനും വാങ്ങാനുമാണ്. കൈക്കൂലി കിട്ടിയാൽ മാത്രം സ്ഥലത്തു പോകുകയും ഉത്തരവു നടത്തുകയും ചെയ്യുന്നവരാണ് അവർ (അങ്ങനെയല്ലാത്ത മാന്യന്മാർ തീർച്ചയായും പ്രോസസ് സർവർമാർക്കിടയിൽ ഉണ്ട്, ന്യൂനപക്ഷം). കൈക്കൂലി നൽകിയില്ലെങ്കിൽ ഉത്തരവു നടപ്പാക്കേണ്ട വിലാസം കണ്ടെത്തിയില്ല, വിലാസക്കാരൻ സ്ഥലത്തില്ല എന്നൊക്കെ സ്ഥലത്തുപോലും പോകാതെ എഴുതി മടക്കും.
ഇതൊക്കെ ഇപ്പോഴും ഇങ്ങനെ തന്നെയാണ്. കോവിഡ് കാലത്ത് പ്രോസസ് നടത്താനായി കക്ഷി സ്വന്തം ചിലവിൽ കാറടക്കം നൽകണം!
വക്കീലായിരുന്ന ഞാൻ ഒരേയൊരു കൂട്ടരോടേ വഴക്കിടാതിരുന്നിട്ടുള്ളു, കോടതി ജീവനക്കാരോടു മാത്രം. ജഡ്ജിമാരൊക്കെ ഇന്നു വരും, നാളെ പോകും. ജീവനക്കാർ എന്നും അവിടെയൊക്കെത്തന്നെ കാണും, അവരെ നാളെയും കാണേണ്ടതാണ്.
ജഡ്ജിയായിരുന്ന എന്നോടും ജീവനക്കാരെക്കുറിച്ച് വക്കീലന്മാർ പരാതി പറഞ്ഞിട്ടില്ല.
ജഡ്ജിമാർ പക്ഷേ ഇത്ര ചീപ്പല്ല. ഭയങ്കര കളർഫുൾ ആണ്.
ഇന്നത്തെ ഹൈക്കോടതി ജഡ്ജി കൗസർ എടപ്പഗത്ത് എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കുന്ന സമയം. 2018 ഏപ്രിൽ.
എറണാകുളത്തു നിന്നു സ്ഥലംമാറിപ്പോകുന്ന ഞാനടക്കമുള്ള ജഡ്ജിമാരുടെ യാത്രയപ്പു വേദി.
പുതിയ കോർട്ട് കോംപ്ലക്സ് അങ്കണത്തിൽ രാത്രിയാണു ചടങ്ങ്. കലാപരിപാടികളും ഡിന്നറുമൊക്കെയുണ്ട്.
അങ്കണം വർണ്ണാഭമാക്കിയിരിക്കുന്നു. വർണ്ണ വിളക്കുകൾ, വേദി, അലങ്കരിച്ച കസേരകൾ. ആകെ പഞ്ചനക്ഷത്ര അന്തരീക്ഷം.
സ്ഥലംമാറിപ്പോകുന്നവർക്കു നൽകാനുള്ള ഉപഹാരങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വെളുത്ത ചെറിയ ബുദ്ധപ്രതിമകൾ. എന്നാൽ ഒരെണ്ണം മാത്രം സ്വർണ്ണ നിറമുള്ള, അഞ്ചിരട്ടി വലിപ്പമുള്ള ബുദ്ധപ്രതിമയാണ്.
ചടങ്ങു തുടങ്ങി. സ്ഥലംമാറിപ്പോകുന്നവരെ സ്റ്റേജിൽ വിളിച്ച് ഉപഹാരം നൽകി. ആർക്കും സംസാരിക്കാനവസരമില്ല.
അതിൻ്റെ കാരണം എനിക്കറിയാം. ആദ്യമായി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായപ്പോൾത്തന്നെ, നിരവധി കോടതികളുള്ള എറണാകുളം പോലൊരു സുപ്രധാന ജില്ല നേടിയെടുത്ത കൗസറിൻ്റെ ഭരണപരിചയമില്ലായ്മ മുതലെടുത്ത്, അദ്ദേഹത്തെ അടിമുടി നിയന്ത്രിച്ചിരുന്ന ചില സഹജഡ്ജിമാരുടെ സംഘത്തിൻ്റെ കണ്ണിലെ കരടാണു ഞാൻ. ബിജു മേനോൻ, ശേഷാദ്രിനാഥൻ, സി ആർ ദിനേശ് തുടങ്ങിയവരും ചില വനിതാ രത്നങ്ങളും അടങ്ങുന്ന സംഘം എനിക്കു മൈക്ക് തരില്ലെന്ന് എനിക്കു നന്നായറിയാം. അവിടെയിരിക്കെത്തന്നെ വെട്ടിത്തുറന്നു വിമർശിക്കുന്ന ഒരുവൻ പോകാൻ നേരം എന്തൊക്കെ വിമർശനമാകും ഉന്നയിക്കുക എന്ന പേടി.
എനിക്കതിൽ പരാതിയുമില്ല. കഴിയുന്നതും പ്രസംഗം ഒഴിവാക്കാനാണ് സ്വയം ശ്രമിക്കാറുള്ളത്.
പക്ഷേ അന്നെനിക്ക് ആ യോഗം ബഹിഷ്കരിക്കണമെന്നു തോന്നി.
കാരണം ആ മീറ്റിംഗിൽ ഒരാൾ മാത്രം പ്രസംഗിച്ചു. അയാൾ മാത്രം പാട്ടു പാടി. ബുദ്ധൻ്റെ വലിയ ആ സ്വർണ്ണപ്രതിമയും അയാൾക്കു സമ്മാനിക്കപ്പെട്ടു.
എനിക്കിറങ്ങിപ്പോകാൻ കഴിഞ്ഞില്ല. എൻ്റെ ഭാര്യയും ഏഴു വയസുകാരി മകളും തനിച്ചിരുന്ന് വല്ലപ്പോഴും കിട്ടുന്ന വിലയേറിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ നിന്ന് ഇറങ്ങിപ്പോകാൻ കഴിയാതെ പോയി.
പിറ്റേന്ന് സ്വർണ്ണ പ്രതിമ സമ്മാനമായി കിട്ടിയ അതിഥി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്കൊപ്പം ഇരിക്കുന്ന, സഹ ജില്ലാ ജഡ്ജിമാരും ഇതര ജഡ്ജിമാരുമൊക്കെ വിനീതവിധേയരായി പിന്നിൽ പഞ്ചപുച്ഛമടക്കി കൈ കെട്ടി നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോ, അതിഥിയുടെ സഹപ്രവർത്തകൻ ആവേശപൂർവം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. (അത് പോസ് ചെയ്തെടുത്ത പ്രൊഫഷണൽ ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു)
എറണാകുളത്തെ ഒരു അഭിഭാഷക പിറ്റേന്ന് ഫെയ്സ്ബുക്കിൽ വരികയും പൊട്ടിത്തെറിക്കുകയും ചെയ്തു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഹൈക്കോടതിയിൽ നിങ്ങൾക്കു സംരക്ഷകരുണ്ടെങ്കിൽ അങ്ങനെയാണ്.
സ്വർണ്ണ പ്രതിമയ്ക്ക് അർഹനായ ആ അതിഥി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ അന്നത്തെ ഇൻസ്പെക്ടറായിരുന്നു. സെൻട്രൽ പൊലീസ് വാദിയും പ്രതിയുമായി വരുന്ന കേസുകൾ വിചാരണ ചെയ്യുന്ന ജഡ്ജിമാരുടെ പ്രത്യേക അതിഥി. മോൻസൺ വിവാദത്തിലടക്കം ഉൾപ്പെട്ട അനന്തലാൽ.
അയാളാണത്രെ അന്നത്തെ പഞ്ചനക്ഷത്ര സൽക്കാരത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ചെയ്തത്.
ക്രിമിനൽ കേസുകളിലെ ഒരു കക്ഷിക്കൊപ്പം പരസ്യമായി അരങ്ങു തകർത്ത പലരും ഇന്ന് ഹൈക്കോടതിയിലും ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ തലപ്പത്തുമുണ്ട്.
പരസ്യമായി ഇത്രയൊക്കെ നടക്കുന്നുണ്ടെങ്കിൽ, പരസ്യമായല്ലാതെ എന്തൊക്കെ നടക്കുന്നുണ്ടാവുമായിരിക്കും എന്നു നിങ്ങൾ എന്നോടു ചോദിക്കരുത്.
ഉത്തരങ്ങൾ ചുമതലപ്പെട്ടവർ കണ്ടെത്തട്ടെ.
2019-ലാണ് അതിജീവിതയുടെ പീഡനദൃശ്യങ്ങൾ, അവ സൂക്ഷിച്ച അതേ ഇടത്തു നിന്നു തന്നെ ചോർന്നതെന്നു ചില മാദ്ധ്യമങ്ങൾ പറയുന്നുണ്ട്. 2018 ഏപ്രിലിൽ എറണാകുളത്തുണ്ടായിരുന്ന പല ഉന്നതരും 2019 -ലും എറണാകുളത്തു തന്നെയുണ്ട്.
എങ്ങനെയാണവ ചോർന്നത്?
ചോരുന്നതിനു മുമ്പ് പീഡനദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന അതേ കെട്ടിടത്തിൽ വച്ച് ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും ചേർന്ന് ആ രംഗങ്ങൾ രഹസ്യമായി കണ്ടിരുന്നോ?
ഹാജരാക്കപ്പെട്ട പീഡനദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ പിന്നീടു വ്യത്യാസം വന്നോ? വന്നെങ്കിൽ, എങ്ങനെ?
അന്വേഷിക്കട്ടെ.
അന്വേഷിക്കാൻ നട്ടെല്ലുള്ള ഒരുത്തനെങ്കിലുമുണ്ടോ?
ചോദ്യങ്ങൾ ചോദിച്ചതിൻ്റെ പേരിൽ ഒരു പൗരനെ മോൻസൺ മാവുങ്കലുമായി കൂട്ടിക്കെട്ടാൻ ശ്രമിച്ച, പൊലീസ് അന്വേഷണം ഉത്തരവിട്ട, ചോദ്യങ്ങൾ ഉന്നയിച്ചവനെ ഭ്രാന്തനെന്നു പരിഹസിച്ച ഒരു ദേവേന്ദ്രനും അനങ്ങില്ല.
ഒരു പരുന്തും പറക്കില്ല.