തിരുവനന്തപുരം : കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പോസ്റ്റര്‍ വിവാദത്തിലേക്കും എത്തുന്നു .രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫോട്ടോ ഒരു സ്ത്രീക്ക് ഒപ്പമുള്ള ചിത്രമാണ് പോസ്റ്ററുകളാക്കി പ്രചാരണം നടത്തിയിരിക്കുന്നത് . ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിനകത്തെ പോര് മുറുകുന്നു. പോരാട്ടം തെരുവിലേയ്ക്ക് നീങ്ങുകയാണ്. മുരളീധരന്‍ എംഎല്‍എയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ കോണ്‍ഗ്രസ് മുന്‍ വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വ്യാപക ഫ്‌ളക്‌സ് പ്രചരണം.
തിരുവനന്തപുരം നഗരത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പിലായി പ്രചരിപ്പിച്ചിരിക്കുന്ന ഫ്‌ളക്‌സില്‍ ഉണ്ണിത്താനെ പുറത്താക്കണമെന്നാണ് ആവശ്യം. ഇവന്‍ കോണ്‍ഗ്രസിന് അപമാനം, സദാചാര വിരുദ്ധന്‍, ഇവനെ പുറത്താക്കുക എന്നിങ്ങനെയാണ് ഫ്‌ളക്‌സിലെ വാചകങ്ങള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് പ്രചരിപ്പിച്ചിരിക്കുന്നത്. 2009ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ കൊല്ലം സ്വദേശിനിക്കൊപ്പം ഉണ്ണിത്താന്‍ പിടിയിലായപ്പോഴുള്ള ചിത്രമാണ് ഫ്‌ളക്‌സില്‍.
മുരളീധരന്‍ അനുകൂലികളാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചതെന്നാണ് സൂചന.
ഉണ്ണിത്താനും കെ മുരളീധരനും തമ്മിലുള്ള വാഗ്വാദം തെരുവിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് ബുധനാഴ്ച്ച കണ്ടത്. കൊല്ലത്ത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വണ്ടി മുരളീധരന്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസിന്റെ ജന്മദിന ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലം ഡിസിസിയില്‍ എത്തിയതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
ഉണ്ണിത്താനെത്തുന്നതറിഞ്ഞ് മുരളീധരന്‍ അനുകൂലികള്‍ രാവിലെ തന്നെ ഡിസിസി പരിസരത്ത് തമ്പടിച്ചിരുന്നു. ഇവര്‍ ഉണ്ണിത്താനു നേരെ ചീമുട്ട എറിയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഉണ്ണിത്താനെതിരെ മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ഇടപെട്ട് ഉണ്ണിത്താനെ ഡിസിസി ഓഫീസിലേക്ക് മാറ്റി കതക് അടച്ചു പൂട്ടി. ഉണ്ണിത്താനെ പുറത്ത് കടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള കലാപം തെരുവിലേക്കും നീണ്ടതോടെ നേതാക്കള്‍ തമ്മിലുള്ള കലാപം പടര്‍ന്നു പിടിച്ചതോടെ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്ക് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തി. നേതാക്കള്‍ തമ്മില്‍ ഇനി പ്രസ്താവനകളിലൂടെ പരസ്പരം വിഴുപ്പലക്കരുതെന്നും പറയാനുള്ള കാര്യങ്ങള്‍ അതാത് വേദികളില്‍ പറയണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു.