
ന്യൂദല്‍ഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റർ സഹായത്താലാണ് ഉള്ളതെന്ന് ആർമിയുടെ റിസർച്ച് ആൻഡ് റഫറൽ ആശുപത്രി ചൊവ്വാഴ്ച അറിയിച്ചു.തലച്ചോറില്‍ സര്‍ജറി കഴിഞ്ഞ പ്രണബിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.വെന്റിലേറ്ററിന്‍ സഹായത്തിലാണ് മുന്‍ രാഷ്ട്രപതി കഴിയുന്നതെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് ഇപ്പോഴുള്ളത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ പരിചരണത്തിന് ഡോക്ടര്‍മാര്‍ നിരന്തരം പരിശോധനകളുമായി അടുത്തുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.തിങ്കളാഴ്ചയാണ് പ്രണബിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും പ്രണബ് ആവശ്യപ്പെട്ടിരുന്നു.
ഡോക്ടർമാരുടെ ഒരു സംഘം തന്നെ മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആശുപത്രിയിൽ എത്തിയിരുന്നു. ഡോക്ടർമാരും ബന്ധുക്കളുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു.