ആര്‍.എസ്.എസിനെ നന്നാക്കാൻ മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.അരുത് പ്രണബ്ദാ,ഇത് ചതിയാണ്. ഞെട്ടലോടെ കോൺഗ്രസ്

ന്യുഡൽഹി:മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആർ എസ് എസി നെ പിന്തുണക്കുന്നതായി റിപ്പോർട്ട് .ഞെട്ടലോടെ കോൺഗ്രസ് നേതൃത്വം .രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പരിപൂര്‍ണ പ്രവര്‍ത്തകനാകാനുള്ള ഇരുപത്തഞ്ചു ദിനം നീളുന്ന ‘ത്രിവര്‍ഷ സംഘശിക്ഷക് വര്‍ഗിന്റെ’ ജൂണ്‍ ഏഴിനാരംഭിക്കുന്ന നാഗ്പൂരിലെ പരിശീലന ക്ലാസില്‍ നേരിട്ടുചെന്ന് പ്രഭാഷണം നടത്താമെന്ന് മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി സമ്മതിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ് . രാജ്യത്ത് ഒരു സംഘടനക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കാത്തിടത്തോളംകാലം അതിന്റെ ചടങ്ങുകളില്‍ ഏതൊരു പൗരനും പങ്കെടുക്കാമെന്നതിനാല്‍ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കുകൊള്ളുന്നതില്‍ എന്താണു തെറ്റ് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മറുഭാഗത്ത് രാജ്യത്തെയും ലോകത്തെയും വലിയൊരു ജനസമൂഹമാകട്ടെ അത്യന്തം ഞെട്ടലോടെയാണ് ഈ വര്‍ത്തമാനം ശ്രവിക്കുകയും അതിനെതിരെ പ്രതിഷേധസ്വരം ഉയര്‍ത്തിയിരിക്കുന്നതും.

ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായി 2012 മുതല്‍ 2017 വരെ രാജ്യത്തിന്റെ അത്യുന്നത പദവി വഹിച്ച മഹത് വ്യക്തിത്വമാണ് പശ്ചിമബംഗാളുകാരനായ പ്രണബ്മുഖര്‍ജി. ആറു പതിറ്റാണ്ടായുള്ള രാഷ്ട്രീയ-പൊതു-പാര്‍ലമെന്റി പ്രവര്‍ത്തനപാരമ്പര്യവും തികഞ്ഞ മതേതര വിശ്വാസവുമാണ് ഇന്ത്യക്കാരുടെ മനസ്സില്‍ ‘പ്രണബ്ദാ’യെ ഇന്നലെവരെയും ഒളിമങ്ങാതെ കുടിയിരുത്തിയിരുന്നത്. ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് 1973 മുതല്‍ അഞ്ചു പതിറ്റാണ്ടായി കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാരുകളിലെല്ലാം ധനകാര്യം, പ്രതിരോധം, വിദേശകാര്യം, വ്യവസായം ഉള്‍പ്പെടെ ഉന്നത വകുപ്പുകളില്‍ കാബിനറ്റ് മന്ത്രിയായിരുന്നിട്ടുള്ള പ്രണബ്മുഖര്‍ജി ലോക്‌സഭാ, രാജ്യസഭാകക്ഷിനേതാവ്, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസിന്റെ മതേതരമുഖം എന്നിവയൊക്കെയായിരുന്നു.

ഇന്ദിരയുടെ വധത്തെതുടര്‍ന്ന് പുത്രന്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിപദവി ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന് ആശയപരവും ഭരണപരവുമായ താങ്ങുംതണലും പകര്‍ന്നവരിലൊരാളാണ് പ്രണബ് മുഖര്‍ജി. ഉന്നത ജാതിയില്‍പെട്ടിട്ടും പാവപ്പെട്ടവരുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച സാമ്പത്തിക വിദഗ്ധന്‍ എന്നതിനേക്കാള്‍, കറകളഞ്ഞ മതേതരപ്പട്ടംതന്നെയാണ് മുഖര്‍ജിയുടെ വ്യക്തിത്വത്തെ വേറിട്ടുനിര്‍ത്തിയത്. അത്തരമൊരാളാണ് രാജ്യത്തെയും ലോകത്തെതന്നെയും കടുത്ത വംശീയ-മത വിദ്വേഷകരായ ആര്‍.എസ്.എസിന്റെ പരിശീലനക്കളരിയിലേക്ക് പോകാനൊരുങ്ങുന്നത് എന്നതാണ് മതേതര ജനാധിപത്യ വിശ്വാസികളെയാകെ അമ്പരപ്പിച്ചിരിക്കുന്നത്. ഇനി ആര്‍.എസ്.എസിനെ നന്നാക്കിക്കളയാമെന്നെങ്ങാനും ഇപ്രായത്തില്‍ മുഖര്‍ജി ധരിച്ചുവശായെങ്കില്‍ പുള്ളിപ്പുലിയുടെ പുള്ളി പന്തീരാണ്ടുകാലമായാലും മായില്ലെന്ന തിരിച്ചറിവ് അവശേഷിച്ചെങ്കില്‍ നന്നായി.

NEW DELHI/INDIA, 10NOV09 - Minister of Finance Pranab Mukherjee in the Plenary Session Post-Crisis Economic Order: How Can Free Market and control be Balanced? Participants captured during the World Economic Forum's India Economic Summit 2009 held in New Delhi, 8-10 November 2009.  Copyright (cc-by-sa) © World Economic Forum (www.weforum.org/Photo Eric Miller emiller@iafrica.com)

രാജ്യം വെള്ളപ്പട്ടാളത്തിന്റെ കൊടിയ മര്‍ദനത്തിന്റെ പിടിയിലമര്‍ന്നിരുന്നൊരു കാലത്താണ് 1925ല്‍ ആര്‍.എസ്.എസ് രൂപീകൃതമാകുന്നത്. കടുത്ത ഹിന്ദു വര്‍ഗീയവാദികളായ കെ.ബി ഹെഡ്ഗവാറും ഗോള്‍വാര്‍ക്കറും സവര്‍ക്കറുമായിരുന്നു ഇതിന്റെ ആശയ കേന്ദ്രബിന്ദുക്കള്‍. അതിനുംമുമ്പേ 1915ല്‍ രൂപീകൃതമായ അഖിലഭാരതീയ ഹിന്ദു മഹാസഭയിലും തീവ്ര വര്‍ഗീയവാദികളുടെ പ്രണേതത്വമുണ്ടായിരുന്നു. രാജ്യം ബ്രിട്ടീഷ് കിരാത വാഴ്ചക്കെതിരെ ജാതിമത ഭാഷാ ഭേദങ്ങളും ജീവനും തൃണവല്‍ഗണിച്ചുകൊണ്ട് രണാങ്കണങ്ങളിലേക്ക് എടുത്തുചാടുമ്പോള്‍ ആര്‍.എസ്.എസ് നേതാക്കള്‍ വെള്ളക്കാര്‍ക്കുവേണ്ടി സാമ്രാജ്യത്വത്തിന്റെ വിടുപണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നത് ചരിത്രം. ജനത്തെ തമ്മില്‍തല്ലിച്ചാല്‍ സൗകര്യപ്രദമായി കൊള്ള നടത്താമെന്നതിനാലാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഭിന്നിപ്പിച്ചുഭരിക്കല്‍ തന്ത്രം നടപ്പാക്കിയത്. പക്ഷേ ഇതിനുവേണ്ടി അഹോരാത്രം പണിയെടുത്തുകൊടുത്തത് ആര്‍.എസ്.എസും ഹിന്ദു മഹാസഭയുമായിരുന്നു.

മഹാത്മജിയുടെ നേതൃത്വത്തില്‍ ജനതയെ ഒരുമിപ്പിക്കാനും അവരുടെ ക്രയപോരാട്ട ശേഷി മുഴുവന്‍ തുള്ളിപോലും ചോരാതെ സാമ്രാജ്യത്വത്തിനുനേര്‍ക്ക് തിരിച്ചുവിടാനും ഓടിനടന്ന ്പണിയെടുക്കുന്ന ദേശീയ പ്രസ്ഥാനത്തെ പിന്നില്‍നിന്ന ്കുത്തിക്കൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയിലില്‍നിന്ന ്‌രക്ഷപ്പെട്ടയാളാണ് ആര്‍.എസ്.എസ് നേതാവ് വി.ഡി സവര്‍ക്കര്‍. ഹിന്ദുക്കള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന ദ്വിരാഷ്ട്രവാദം ആദ്യമായി ഉയര്‍ത്തിയതും ഇതേ സംഘടന. ഒടുവില്‍ പാക്കിസ്താനായി വിഭജിക്കപ്പെട്ടപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപക്കൊടുങ്കാറ്റ് അഴിച്ചുവിട്ടതും രാഷ്ട്രപിതാവിനെ മതേതരവാദിയെന്ന ഒറ്റക്കാരണത്താല്‍ വെടിയുണ്ടയുതിര്‍ത്ത് കൊലപ്പെടുത്തിയതും ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും കുടിലതയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ നൂറുകണക്കിന് കലാപങ്ങളില്‍ ആര്‍.എസ്.എസിന്റെ സജീവപങ്കാളിത്തം നിരവധികോടതികളും കമ്മീഷനുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

1998ല്‍ ആദ്യമായി കേന്ദ്ര ഭരണത്തില്‍ ബി.ജെ.പി കയറിയിരുന്നപ്പോള്‍ അത്യന്തം ആഹ്ലാദിച്ചത് ആര്‍.എസ്.എസായിരുന്നു. പക്ഷേ വാജിപേയിയേക്കാള്‍ നേതാവായി സംഘടന കണ്ടത് ഗുജറാത്ത് കലാപത്തിലടക്കം ആയിരക്കണക്കിന് മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയതിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. ആര്‍.എസ്.എസ് പ്രചാരകായിരുന്നു മോദിയെന്നതുതന്നെയാണ് കാരണം. ഹിന്ദു മതകീയ രാഷ്ട്രം ഏതുവിധേനയും സ്ഥാപിക്കുമെന്ന് ആണയിടുകയും രാജ്യത്തെ ഭരണഘടനാപദവികള്‍ പുല്ലുപോലെ വീക്ഷിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിന്റെ ഗോരക്ഷയുടെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും മറ്റും ഇത്രവേഗം മറക്കാന്‍ സാമാന്യ മനുഷ്യര്‍ക്കാകുമാകില്ല. മോദിസര്‍ക്കാരിന് കീഴില്‍ ആര്‍.എസ്.എസ് നടത്തിയ അമ്പതോളം മുസ്‌ലിം നരഹത്യക്കെതിരെ പ്രണബ്മുഖര്‍ജിയുടെ രാഷ്ട്രപതിഭവന്‍ നിരവധി പ്രസ്താവനകളിലൂടെ അതിശക്തിയായി പ്രതികരിച്ചത് രാഷ്ട്രം അഭിമാനത്തോടെയാണ് ദര്‍ശിച്ചത്. മോദിയുമായി രാഷ്ട്രപതിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും അന്ന് പ്രചരിച്ചിരുന്നു.PRANAAB1

എന്നാല്‍ ഇന്നിതാ അതേ രാഷ്ട്രത്തലവന്‍തന്നെ രാജ്യത്തെ നാളിതുവരെയുള്ള കീഴ് വഴക്കങ്ങളെല്ലാം അതിലംഘിച്ചുകൊണ്ട് മുന്‍രാഷ്ട്രപതിയെന്ന നിലയിലുള്ള സകല സൗകര്യങ്ങളും ഉപയോഗിച്ച് നാഗ്പൂരിലെ വര്‍ഗീയ വിഷ സ്രോതസ്സിലേക്ക് യാത്രയാകാനൊരുങ്ങുന്നു. രാഷ്ട്രപതിപദവി ഒഴിഞ്ഞശേഷം ഒരുകൊല്ലത്തിനിടെ നാലു തവണ അദ്ദേഹം ആര്‍.എസ്.എസ്തലവന്‍ മോഹന്‍ഭഗവതിനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തി സംഭാഷണം നടത്തിയെന്നതുമതി അദ്ദേഹത്തിന്റെ മാനസിക നിലവാരം അളക്കാന്‍. ആര്‍.എസ്.എസ്സുകാരാണ് നിലവിലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികള്‍ വഹിക്കുന്നതെന്നതിനാല്‍ ഇനിയുള്ള കാലത്ത് നാഗ്പൂരിനോടുള്ള അവരുടെ വിധേയത്വവും യാത്രകളും ആരും ഞെട്ടലോടെകണ്ടേക്കില്ല.

എത്രയുംപെട്ടെന്ന് തീരുമാനം പിന്‍വലിച്ച് രാജ്യത്തോടും ആര്‍.എസ്.എസുകാരാല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ അരുംകൊലചെയ്യപ്പെട്ട മതേതരവിശ്വാസികളെക്കരുതി മതന്യൂനപക്ഷങ്ങളോടും മാപ്പുപറയുകയാണ് പ്രണബ്മുഖര്‍ജി ചെയ്യേണ്ടത്. അതിനദ്ദേഹം തയ്യാറല്ലെങ്കില്‍ രാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സര്‍വസംവിധാനങ്ങളും ഉപേക്ഷിക്കാന്‍ മനസ്സു കാണിക്കണം. പിറന്നനാടിനും പ്രസ്ഥാനത്തിനും ജനതക്കും അതാണ് അദ്ദേഹത്തിന് പകരംനല്‍കാനുള്ളത്.

Top