സര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളത്;നോട്ട് അസാധുവാക്കിയ നടപടി ഗുണം ചെയ്യും-രാഷ്ട്രപതി

ന്യുഡല്‍ഹി: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തിന് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നിലവിലെ പ്രതിസന്ധികള്‍ താല്‍ക്കാലികം മാത്രമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു. അറുപത്തിഎട്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്പതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സഹിഷ്ണുതയും മറ്റുള്ളവരോടുള്ള ബഹുമാനവുമാണ് ശക്തമായ ജനാധിപത്യത്തിന് ആവശ്യമെന്നു പറഞ്ഞ രാഷ്ട്രപതി, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.

നോട്ട് നിരോധിച്ച സര്‍ക്കാര്‍ തീരുമാനം ഒരു പക്ഷേ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മന്ദഗതിയിലാക്കിയിട്ടുണ്ടാകാം. കറന്‍സി രഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടി ഭാവിയില്‍ സമ്പദ്‌വ്യവസ്ഥ സുതാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപരിധിവരെ കള്ളപ്പണത്തിന്റെ വ്യാപനം തടയാന്‍ നോട്ട് നിരോധനം സഹായിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ, ജന്‍ ധന്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം പ്രതിബാധിച്ചു. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് സര്‍ക്കാര്‍ പദ്ധതികളെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദത്തെ തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ പറഞ്ഞു. തീവ്രവാദത്തിനെതിരെ രാജ്യം ഒന്നിച്ചണിചേരണമെന്നും ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ കഛിനാധ്വാനം വേണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം ഒരു കറുത്ത അദ്ധ്യായമാണ്. കാന്‍സര്‍ ശരീരത്തിലേക്ക് വ്യാപിക്കുന്നതിന് മുന്‍പ് അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് ചെയ്യുന്നതെന്ന് തീവ്രവാദത്തിന്റെ വളര്‍ച്ചയെ ഉദ്ദേശിച്ച് രാഷ്ട്രപതി പറഞ്ഞു.

Top