സംവിധാനം ചെയ്യാന്‍ പഠിപ്പിക്കേണ്ട; പണം മുഴുവന്‍ കൊടുത്തപ്പോള്‍ തന്നത് ഒന്നിനും കൊള്ളാത്ത തിരക്കഥ; അഞ്ജലി മേനോനെതിരെ പ്രതാപ് പോത്തന്‍

anjali-prathap-pothen

ചെന്നൈ: അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രശസ്ത നടന്‍ പ്രതാപ് പോത്തന്‍ സിനിമ എടുക്കാനിരിക്കുകയായിരുന്നു. എന്നാല്‍, പ്രതാപ് പോത്തന്‍ സംവിധായകരംഗത്തേക്കു തിരിച്ചുവരാനുള്ള ശ്രമം തന്നെ ഉപേക്ഷിച്ചുവെന്നാണ് കേള്‍ക്കുന്നത്. കാരണം, സംവിധായക അഞ്ജലി മേനോന്‍ തന്നെ.

ദുല്‍ഖര്‍ സല്‍മാനെയും ലക്ഷ്മി മേനോനെയും നായകരാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍നിന്നു പ്രതാപ് പോത്തന്‍ പിന്‍മാറിയത്. തന്നെയാരും എഴുതാനും സംവിധാനം ചെയ്യാനും പഠിപ്പിക്കേണ്ടെന്നും തനിക്കിഷ്ടപ്പെടാത്തതൊന്നും ചെയ്യാറില്ലെന്നും പ്രതാപ് പോത്തന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വര്‍ഷം മുമ്പാണ് കടലോരത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിനു പ്രധാന്യം നല്‍കിയുള്ള ചിത്രം സംവിധാനം ചെയ്യാന്‍ പ്രതാപ് പോത്തന്‍ തീരുമാനിച്ചത്. തുടര്‍ന്നു തിരക്കഥ അഞ്ജലി മേനോനെ ഏല്‍പിക്കുകയായിരുന്നു. ഒരു വര്‍ഷവും മൂന്നു ദിവസവും എടുത്താണ് അഞ്ജലി തിരക്കഥ നല്‍കിയത്. താന്‍ കരുതിയ ക്ലൈമാക്സ് അടക്കമുള്ള കാര്യങ്ങളല്ല അഞ്ജലി തിരക്കഥയില്‍ എഴുതിയിരുന്നതെന്നും തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ ധാര്‍ഷ്ട്യത്തോടെയാണ് അഞ്ജലി പെരുമാറിയതെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

വലിയ ഇടവേളയ്ക്കുശേഷമാണ് ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത്. തീര്‍ച്ചയായും പ്രേക്ഷകര്‍ എന്നില്‍നിന്നു കാര്യമായി പ്രതീക്ഷിക്കും. അപ്പോള്‍ എനിക്കു പൂര്‍ണ തൃപ്തി തരുന്ന തിരക്കഥയാണു സിനിമയാക്കേണ്ടത്. ഇത്രയും കാലം അങ്ങനെയായിരുന്നു. അഞ്ജലി മേനോന്‍ ഒരു വര്‍ഷമെടുത്തു തയാറാക്കിയ തിരക്കഥ എനിക്കിഷ്ടമായില്ല. സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല. മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്നതു വലിയ ആഗ്രഹമായിരുന്നു. എനിക്ക് തൃപ്തിയില്ലാതെ സിനിമ ചെയ്താല്‍ ശരിയാകില്ല. ഒരു തിരക്കഥ തന്നിട്ട് അതു ചെയ്യണമെന്നു പറയുന്നതിനോട് യോജിപ്പില്ല. അഭിപ്രായങ്ങള്‍ സ്വീകരിക്കാനും തിരുത്താനുമുള്ള മനസ് എനിക്കുണ്ട്. അത് അഞ്ജലിക്കില്ലാതെ പോയി. എന്റെ ഒരു വര്‍ഷം എനിക്കു നഷ്ടമായി. നാലോ അഞ്ചോ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം ഞാന്‍ ഈ സ്വപ്നത്തിന്റെ പേരില്‍ നഷ്ടമാക്കിയെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

ചിത്രത്തിന്റെ സീനുകള്‍ എഴുതുന്നതു കാണിക്കണമെന്നു പറഞ്ഞിരുന്നെങ്കിലും അഞ്ജലി മേനോന്‍ അതിനു തയാറായില്ല. പണം മുഴുവന്‍ നല്‍കിയ ശേഷമേ തിരക്കഥ നല്‍കൂ എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ചെയ്തശേഷം കിട്ടിയ തിരക്കഥയില്‍ താന്‍ ആഗ്രഹിച്ച ക്ലൈമാക്സായിരുന്നില്ല. ഒരിക്കലും പ്രകൃതി ദുരന്തം ക്ലൈമാക്സ് ആകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അഞ്ജലി ചെയ്ത തിരക്കഥയില്‍ സുനാമിയാണ് ക്ലൈമാക്സായിരിക്കുന്നത്. അത് താന്‍ തിരുത്തണമെന്നു പറഞ്ഞുവെന്നും അഞ്ജലി തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തമിഴില്‍ പുതിയ ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായി അദ്ദേഹം സൂചന നല്‍കി.

ലവ് ഇന്‍ അന്‍ജെംഗോ എന്ന പേരായിരുന്നു ചിത്രത്തിന് ഉദ്ദേശിച്ചിരുന്നത്. പ്രതാപ് പോത്തനുമായി അടുപ്പമുള്ള ചിലരാണ് നിര്‍മാണം ഏറ്റെടുത്തത്. ആദ്യം പ്രതാപ് പോത്തന്‍ തന്നെ നിര്‍മിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ലക്ഷ്മിമേനോന്‍ നായികയാവുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം മാധവന്‍ അതിഥിയായെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അഞ്ജലി മേനോന്റെ തിരക്കഥയിലായിരിക്കും തന്റെ പുതിയ ചിത്രം വരികയെന്നു പ്രതോപ് പോത്തന്‍ തന്നെയാണു പ്രഖ്യാപിച്ചത്. തമിഴ് സംവിധായകന്‍ രാജീവ് മേനോനെയാണ് ഛായാഗ്രാഹകനായി തീരുമാനിച്ചിരുന്നത്.

ശിവാജി ഗണേശനെ ആദ്യമായി മലയാളത്തിലെത്തിച്ച ഒരു യാത്രാമൊഴിയാണ് പ്രതാപ് പോത്തന്‍ അവസാനം മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ. ഒരു കാതല്‍ക്കഥൈ ആയിരുന്നു ആദ്യ ചിത്രം. നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയിലൂടെ പ്രതാപ് പോത്തന്‍ നേടിയിരുന്നു. എം.ടിയുടെ രചനയില്‍ ഋതുഭേദം, കമല്‍ഹാസനെ നായകനാക്കി വെട്രിവിഴ,ഡെയ്സി, മൈ ഡിയര്‍ മാര്‍ത്താണ്ഡന്‍,ജീവ, ചൈതന്യ എന്നീ സിനിമകളും പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ പുറത്തുവന്നു.

Top