
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചാത്തന്നൂർ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപ വര്‍മ തമ്പാന്‍ അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റാണ് മരണം.. വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടിലെ ശുചിമുറിയിൽ പ്രതാപവര്‍മ തമ്പാുന്‍ വീണത്. ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 63 വയസായിരുന്നു.
തേവള്ളി കൃഷ്‌ണകൃപയിൽ സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനായ തമ്പാൻ കെഎസ്‌യുവിന്റെ സ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. കെഎസ്‌യു ട്രഷറർ, കലാവേദി കൺവീനർ, കെഎസ്‌യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.
കൊല്ലത്ത് നിന്നും കോൺഗ്രസ് നേതൃനിരയിലേക്കെത്തിയ കരുത്തനായ നേതാവിയിരുന്നു തമ്പാന്‍. കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശം. കെ എസ് യു കാലം മുതൽ എ കെ ആന്‍റണിയുടെ വലംകയ്യായിരുന്നു. എ- ഐ ഗ്രൂപ്പ് പോരിന്‍റെ പാരമ്യത്തിൽ കത്തിക്കുത്തേറ്റ പ്രതാപ വർമ തമ്പാന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്തും ആരുടേയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം, എന്നും സഞ്ചാരം വിവാദങ്ങൾക്കൊപ്പം അതായിരുന്നു തമ്പാന്‍.
2001 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ നിന്നും വിജയിച്ചു എം എൽ എ യായി. കൊല്ലം ഡി സി സി പ്രസിഡന്‍റെ, കെ പി സി സി നിർവ്വാഹക സമിതി അംഗം അടക്കം പാർട്ടികളിൽ നിരവധി പദവികൾ വഹിച്ചു. സജീവ രാഷ്ട്രീയത്തിൽ നിന്നും അൽപ്പം മാറി നിന്ന തമ്പാന്‍, അടുത്തിടെ കെ സി വേണുഗോപാൽ വിഭാഗത്തിനൊപ്പം ചേർന്ന് വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. പ്രതാപ വര്‍മ തമ്പാന്‍റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അനുശോചിച്ചു.
മികച്ച സംഘാടനകനും പ്രാസംഗികനുമായിരുന്ന തമ്പാന്‍ കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് നിര്‍ണ്ണായക സംഭവാനകള്‍ നല്‍കിയ നേതാവാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലഘട്ടം മുതല്‍ കോണ്‍ഗ്രസിനെ ജീവവായുപോലെ സ്‌നേഹിച്ച തമ്പാന്‍ ഏറ്റെടുത്ത പദവികളിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.കെഎസ് യു ജില്ലാ പ്രസിഡന്റായും കൊല്ലം ഡിസിസി പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത് എന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു . ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട തമ്പാന്‍ പാര്‍ലമെന്റരി രംഗത്തും ശോഭിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ കമ്മിറ്റിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവാണ്. ദീര്‍ഘനാളത്തെ വ്യക്തിബന്ധം തനിക്ക് പ്രതാപവര്‍മ്മ തമ്പാനുമായി ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസവും അദ്ദേഹവുമായി കെപിസിസി ആസ്ഥാനത്ത് ഏറെ നേരം സംഘടനകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഈ നിമിഷം വളരെ വേദനയോടെ ഓര്‍ത്തെടുക്കുകയാണ്. പ്രതാപവര്‍മ്മ തമ്പാന്റെ വേര്‍പാട് കോണ്‍ഗ്രസിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുധാകരന്‍ പറഞ്ഞു.
പഠനകാലത്ത് കേരള സ്റ്റുഡന്‍റ്സ് യൂണിയൻ പ്രവർത്തകൻ ആയി തുടങ്ങി കെപിസിസി ജനറൽ സെക്രട്ടറി പദവി വരെയുള്ള പ്രതാപവർമ്മ തമ്പാന്‍റെ രാഷ്ട്രീയ ജീവിതം കോൺഗ്രസ്സ് പാർട്ടിക്ക് എക്കാലത്തും കരുത്തും കരുതലുമായിരുന്നു. വിദ്യാർത്ഥി – യുവജന രാഷ്ട്രീയ കാലയളവിൽ കെ എസ് യുവിലും, യൂത്ത് കോൺഗ്രസിലും പ്രതാപ വർമ്മ തമ്പാൻ സഹ ഭാരവാഹിയായിരുന്നു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കവേ നിരവധി പ്രക്ഷോഭങ്ങളിലും സമര പരമ്പരകളിലും സജീവ നേതൃത്വം നൽകി മുൻപന്തിയിൽ നിന്ന ഊർജസ്വലനായ നേതാവായിരുന്നു പ്രതാപ വർമ്മ തമ്പാൻ. തനിക്ക് ശരിയെന്ന് തോന്നിയ നിലപാടുകൾ സ്വീകരിക്കാനും അതിൽ ഉറച്ചു നിൽക്കാനും മടി കാട്ടത്ത ആർജവുമുള്ള നേതാവ് ആയിരുന്നു അദ്ദേഹം.
കൊല്ലം കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ പാർട്ടിയെ കെട്ടിപ്പെടുത്താനും, എം എൽ എ ആയിരിക്കെ ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനും അദ്ദേഹം എപ്പോഴും കാണിച്ച ഔൽസുക്യം മാതൃകപരമാണ്. സംഘാടകനായും ജനപ്രതിനിധിയായും അദ്ദേഹം നടത്തിയ ഇടപെടലുകൾ പൊതുസമൂഹത്തിനും പാർട്ടിവൃത്തങ്ങളിലും ഉണ്ടാക്കിയ ചലനങ്ങൾ എല്ലാക്കാലവും ഓർമിക്കപ്പെടും. ഹൃദയത്തിൽ നിറയെ സൗഹൃദവും സ്നേഹവും സൂക്ഷിച്ച പ്രതാപവർമ്മ തമ്പാൻ പൊതു ജീവിതത്തിലും വേറിട്ട സാന്നിധ്യമായിരുന്നു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകളിലും പ്രശ്നങ്ങളിലും എന്നും കൈത്താങ് ആയും അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു. ആ അസാന്നിധ്യം എന്നും തീരാവേദനയായി തുടരും. ആകസ്മിക വിയോഗത്തിൽ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു.