സ്വന്തം ലേഖകൻ
കൊച്ചി: ഒരു മാസത്തിനിടെ രണ്ടാം തവണയും കോടതി മുറിയിൽ വച്ച് പ്രതി ഡോക്ടറുടെ മുഖത്തടിച്ചു. കോതമംഗലത്ത് കോടതിമുറിയിൽ വച്ചാണ് പ്രതി ലേഡി ഡോക്ടറുടെ മുഖത്തടിച്ചത്. മജിസ്‌ട്രേറ്റും പോലീസും നോക്കിനിൽക്കെയായിരുന്നു അടി.
രണ്ടാഴ്ച മുമ്പ് ഇതേ പ്രതി താലൂക്ക് ആശുപത്രിയിൽ വച്ച് മറ്റൊരു ഡോക്ടറുടെ കരണത്തും അടിച്ചിരുന്നു. ഈ കേസിന്റെ റിമാൻഡ് കാലാവധി നീട്ടാനായി പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ഐസക്കിനെ അടിച്ചത്. പ്രതിയുടെ ശല്യം രൂക്ഷമായതോടെ കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ നിന്നു മാറ്റിയത്. മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു
ഡോക്ടർമാരെ കണ്ടാലുടൻ തല്ലുന്ന പ്രതി, കോടതിയ്ക്കും പൊലീസിനും അഅതു പോലെ തന്നെ ഡോക്ടർമാർക്കും ഒരു പോലെ ഭീഷണിയായിരിക്കുകയാണ്. കഞ്ചാവ് കേസിൽ ജയിലിലായ രാജുവിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എട്ടിന് കോടതിയിലെത്തിച്ചപ്പോൾ ഇയാൾ ബഹളം കൂട്ടിയിരുന്നു. കോടതിയിൽ നിന്ന് വൈദ്യപരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴാണ് അന്ന് ഡോ. അനൂപ് ബാബുവിന്റെ കരണത്തടിച്ചത്.
കോതമംഗലം കോടതിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നൽകാൻ എത്തിയതായിരുന്നു ലേഡി ഡോക്ടർ. പ്രതിക്കൂട്ടിൽ നിൽക്കുകയായിരുന്ന പ്രതി. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് ലേഡി ഡോക്ടറുടെ മുഖത്ത് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന അടിയേറ്റ് ഡോക്ടറുടെ കമ്മൽ തെറിച്ചു പോയി.
ഡോക്ടറുടെ ഇടതു ചെവിയ്ക്കു കേൾവി തകരാർ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തു. ഡോക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു പൊലീസും കേസെടുത്തു. പോലീസിന്റെ സുരക്ഷാ വീഴ്ചയെത്തുടർന്ന് റിമാൻഡ് പ്രതികളുടെ ആക്രമണത്തിന് ഡോക്ടർമാർ ഇരയാകുന്നതിൽ കെജിഎംഒഎ പ്രതിഷേധിച്ചു. ഈ മാസം എട്ടിന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയ രാജു എന്ന പ്രതി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ മർദ്ദിച്ചു.
അക്രമ സ്വഭാവം കാണിക്കുന്ന പ്രതികളെ വൈദ്യ പരിശോധനകൾക്ക് ഹാജരാക്കുമ്പോൾ മതിയായ സുരക്ഷ ഒരുക്കണമെന്ന് കെജിഎംഒഎ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇതേ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ, മറ്റൊരു കേസിന്റെ ആവശ്യത്തിന് ഡ്യൂട്ടിക്കെത്തിയ വനിതാ ഡോക്ടറെ കോടതിയിൽ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു.
അടിയുടെ ആഘാതത്തിൽ തലകറക്കവും, കേൾവിക്കുറവും അനുഭവപ്പെട്ട വനിതാ ഡോക്ടർ ഇപ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇത്തരം അക്രമ സ്വഭാവമുള്ള പ്രതികളെ പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തപക്ഷം പരിശോധനയിൽ നിന്നും ഡോക്ടർമാർക്ക് വിട്ടുനിൽക്കേണ്ടിവരുമെന്നും കെജിഎംഒഎ അറിയിച്ചു.


