രാജസ്ഥാന്‍: വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണ്‍മാനില്ലെന്ന് ആരോപണം. പൊലീസ് രഹസ്യമായി തൊഗാഡിയയെ അറസ്റ്റുചെയ്ത് കസ്റ്റഡിയിലാക്കിയിരിക്കുകയാണെന്ന വാദവുമായി വി.എച്ച്.പി പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.
രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രവീണ്‍ തൊഗാഡിയയെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് വി.എച്ച്.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തിന്റെ ഘടനയെ ബാധിച്ചുവെന്നും സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും വി.എച്ച്.പി ആരോപിച്ചു.
നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരിലാണ് തൊഗാഡിയയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീട്ടില്‍ പോലീസ് തൊഗാഡിയക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്.
അതേസമയം തൊഗാഡിയയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത രാജസ്ഥാന്‍ പോലീസ് നിഷേധിച്ചു. രജിസ്റ്റര്‍ ചെയ്ത കേസില്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് രാജസ്ഥാന്‍ പോലീസ് വയക്തമാക്കി. എന്നാല്‍ പോലീസിന്റെ വിശദീകരണം വി.എച്ച്.പി പ്രവര്‍ത്തകര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വി.എച്ച്.പി.