ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും, 19 സീറ്റുകള്‍ യു.ഡി.എഫിന്: കേരളക്കരയെ ഞെട്ടിച്ച് അലിയുടെ പ്രവചനം

കേരളത്തിലെ കോൺഗ്രസ് നേതൃത്വങ്ങളുടെയും അണികളുടെയും എതിർ പാർട്ടികളെയും കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇരുപതില്‍ പത്തൊമ്പത് സീറ്റും നേടി യുഡിഎഫ് കേരളത്തില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി പ്രവചിച്ച് സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങിയിരിക്കുകയാണ് നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി പി കെ. ഫേസ്ബുക്കിലൂടെയായിരുന്നു അലിയുടെ പ്രവചനം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ മുസ്ലീംലീഗ് അനുഭാവിയുടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്.

ഏപ്രില്‍ നാലാം തീയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അലി പ്രവചിച്ചിരുന്നു. പോസ്റ്റിന് താഴെ അന്ന് നിരവധി പേര്‍ എതിരഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഫലം വന്നിട്ട് കാണാം എന്ന് വെല്ലുവിളിക്കുന്നവരെ മുതല്‍ സ്വന്തം പ്രവചനങ്ങള്‍ ചുവടെ ചേര്‍ത്തവരെ വരെ കമന്റില്‍ കാണാമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഫലം പുറത്തുവന്നതോടെ ഹിറ്റായി മാറുകയായിരുന്നു അലിയുടെ ഈ പ്രവചനം. ഇതിന് പിന്നാലെ ഇന്നലെ അലി മറ്റൊരു പോസ്റ്റിട്ടിരുന്നു. ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാമായിരുന്നു ബല്ലാത്തൊരു പ്രവചനം ആയിപ്പോയി എന്നായിരുന്നു അലി പോസ്റ്റിട്ടത്. അതിന് താഴെ നിരവധി പേര്‍ അലിയെ അഭിനന്ദിച്ച് രംഗത്തെത്തി. നീ മരണ മാസാണെന്നും പുലിയല്ല, പുപ്പുലിയാണെന്ന് പറഞ്ഞവരുണ്ട്. നാളെ മഴ പെയ്യുമോ, ഭാര്യ ഗര്‍ഭിണിയാണ്, കുട്ടി ഏതാണെന്ന് പറയാമോ എന്ന് ചോദിച്ചുള്ള കമന്റുകള്‍ വരെയുണ്ട്.

മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് ഇരുപത്തെട്ടുകാരനായ മുഹമ്മദ് അലി. ഇപ്പോള്‍ പ്രവാസിയാണ്. വിവാഹത്തിനും തെരഞ്ഞെടുപ്പിനും കൂടി വേണ്ടി നാട്ടിലെത്തിയതാണ് അലി. മെയ് മൂന്നിനായിരുന്നു അലിയുടെ വിവാഹം. വിവാഹത്തിന് വേണ്ടിയല്ല, തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു നാട്ടിലെത്തിയ അലി. എന്റെ കല്യാണത്തിനേക്കാളും എനിക്ക് പ്രധാനം എൽഡിഎഫ് സ്ഥാനാർഥി ജയരാജനെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും അലി തുറന്നു പറയുന്നു.

അതേസമയം, എന്തുകൊണ്ടായിരുന്നു അന്ന് അങ്ങനെ ഒരു പ്രവചനം നടത്തി ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് ആയി ഇട്ടത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ:

ആ സ്റ്റാറ്റസ് കൃത്യമായി വിലയിരുത്തി നടത്തിയ പ്രവചനം തന്നെയാണ്.. അതൊരിക്കലും ലക്ക് ആയിരുന്നില്ല. ഷാനിമോള്‍ ഉസ്മാന്‍ എന്ന പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നപ്പോള്‍ തന്നെ എനിക്ക് ആലപ്പുഴയില്‍ പാര്‍ട്ടിയുടെ തോല്‍വി ഉറപ്പായിരുന്നു. എ.എം ആരിഫ് ഇടതുപക്ഷത്തിന്റെ എം.എല്‍.എ എന്നതിനപ്പുറം എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ജനകീയനായ എം.എല്‍.എയാണ്. ഷാനിമോള്‍ ഉസ്മാന്‍ എ. എം ആരിഫിന് പറ്റിയ ഒരു എതിരാളി ആയിരുന്നില്ല ഒരിക്കലും. അതുമാത്രമല്ല, വടകരയില്‍ മുല്ലപ്പള്ളിക്ക് പകരം മുരളീധരന്‍ വന്നതു പോലെ, കെ. സി വേണുഗോപാല്‍ എന്ന പ്രമുഖനായ വ്യക്തിക്ക് പകരം വെക്കാന്‍ പറ്റുന്ന ഒരു സ്ഥാനാര്‍ത്ഥി ആകണമായിരുന്നു ആലപ്പുഴയില്‍ വരേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ആരിഫും കൂടി തോല്‍ക്കുമായിരുന്നു. അങ്ങനെയെങ്കില്‍ ട്വന്റി ട്വന്റി അടിച്ചേനെ. അതാണ് സത്യം.

എം.കെ രാഘവന്‍ കോഴ വിവാദത്തില്‍പ്പെട്ടപ്പോള്‍, എനിക്ക് തുടക്കത്തില്‍ ഒരു ആശങ്കയുണ്ടായിരുന്നു. പിന്നെ ആ സ്റ്റിംങ് ഓപ്പറേഷന്‍ സി.പി.എം നടത്തിയ ഗൂഢാലോചനയാണെന്ന് വ്യക്തമായി. പ്രദീപ് കുമാര്‍ ജനകീയനായ നേതാവാണ്. പക്ഷേ, എം. കെ രാഘവന്‍ പത്തുകൊല്ലം കൊണ്ട് ഉണ്ടാക്കിയ ഇമേജൊന്നും പ്രദീപ് കുമാറിന് കോഴിക്കോടില്ല.

പാലക്കാട് യു.ഡി.എഫ് ജയിക്കുമെന്ന് ഏതെങ്കിലും എക്‌സിറ്റ് പോള്‍ പറഞ്ഞിരുന്നോ? ഞാന്‍ ആ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പലരും പാലക്കാടിന്റെ പേരില്‍ തര്‍ക്കിക്കാന്‍ വന്നിരുന്നു. എനിക്ക് അതില്‍ വ്യക്തത കുറവൊന്നുമുണ്ടായിരുന്നില്ല. ശ്രീകണ്ഠന്‍ ഇത്തവണ നടത്തിയ ഒരു യാത്രയുണ്ടായിരുന്നു. ഷാഫി പറമ്പിലും കൂടെയുണ്ടായിരുന്നു. ആ യാത്രയ്ക്ക് കിട്ടിയ ജനപിന്തുണ അത്രയേറെയായിരുന്നു. അതായിരുന്നു പാലക്കാട് ജയിക്കുമെന്ന എന്റെ പ്രവചനത്തിന്റെ അടിസ്ഥാനം.

ബി.ജെ.പി വിരുദ്ധത മാത്രമല്ല, ഇടതുപക്ഷത്തിന്റെ ധിക്കാരപരമായ സമീപനങ്ങളും ജനം മാറിചിന്തിക്കാന്‍ ഒരു ഘടകമായി. എന്റെ നാട്ടുകാരെ എനിക്കറിയാം. അവരുമായി നിരന്തരം ഇടപഴകുന്ന ഒരാളാണ് ഞാന്‍. ജയരാജന്‍, അയാള്‍ക്ക് ഞങ്ങള്‍ വോട്ടു ചെയ്യില്ലെന്ന് എന്നോട് പലരും തുറന്ന് പറഞ്ഞിട്ടുമുണ്ട്. കാരണം, മനുഷ്യത്വമാണത്. രണ്ടാമതേ രാഷ്ട്രീയം വരുന്നുള്ളൂ… ഷുക്കൂര്‍, അസ്‌ലം, ശരത് ലാല്‍, കൃപേഷ് എല്ലാവരെയും കുത്തിമലര്‍ത്തിയത് ആരാണ്… ആ കൃപേഷിനെയൊക്കെ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ തോന്നുമോ? ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണ്.. നൂറുശതമാനം ഉറപ്പാണത്.

മാത്രമല്ല, ഒരു മുഖ്യമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളല്ലേ, കടക്കു പുറത്ത് എന്നൊക്കെ.. വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളെ ഒരു വിലയുമില്ലാതെയാക്കുന്ന രീതിയില്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നടത്തുന്ന ചില പ്രസ്താവനകള്‍.. അതൊന്നും കേരളത്തെ പോലെ സാക്ഷരതയുള്ള ഒരു സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒന്നല്ലല്ലോ… നമ്മളെ തെരഞ്ഞെടുത്ത് അയച്ചവര്‍ക്ക് ജനപ്രതിനിധി അതിനനുസരിച്ചുള്ള പരിഗണന കൊടുക്കണം. നമ്മള്‍ പൊതുസമൂഹത്തില്‍ ഇടപെടുകയാണെങ്കില്‍ ആ രീതിയില്‍ ഇടപെടണം.

രാഹുല്‍ തരംഗം കേരളത്തിന് അനുകൂലമായെങ്കിലും കേന്ദ്രത്തില്‍ ചലനം സൃഷ്ടിച്ചില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ:

മലയാളികള്‍ക്ക് ചിന്തിക്കാനുള്ള കഴിവുണ്ട്. കേരളം മാറിനില്‍ക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ അതല്ല, വടക്കേ ഇന്ത്യയുടെ സ്ഥിതി. ഒരു അഞ്ഞൂറോ, നൂറോ കിട്ടിക്കഴിഞ്ഞാല്‍ അവിടെയുള്ളവര്‍ സന്തോഷിക്കും. ആ പണം തന്നവരുടെ ആവശ്യമെന്താണോ അത് ജനങ്ങള്‍ അനുസരിക്കും. മോദിക്ക് തുടര്‍ഭരണം ഉണ്ടാവാന്‍ അവിടങ്ങളിലെ ഈ സാക്ഷരത കുറവ് തന്നെയാണ് പ്രധാന ഘടകം. കാരണം, ഇന്നത്തെ സമൂഹം ചിന്തിക്കുന്ന സമൂഹമാണ്. അതാണ് കേരളത്തില്‍ കണ്ടത്. യു.ഡി.എഫിന്റെ കേരളത്തിലെ ജയം പോലും അതാണ് പറയുന്നത്. ശക്തമായി ചിന്തിക്കുന്ന, വ്യക്തമായ ബോധ്യമുള്ള ആള്‍ക്കാരാണ് ഇപ്പോ കേരളത്തിലുള്ളത്. നമ്മുടെ സാക്ഷരതയാണ് നമ്മളിന്നലെ കാണിച്ചത്.

മുമ്പ് എന്തെങ്കിലും പ്രവചനം നടത്തിയിരുന്നോ?

മുമ്പും പലതരം പ്രവചനം നടത്താറുണ്ട്. 2010ല്‍ സ്‌പെയിന്‍ ലോകകപ്പ് നേടുമെന്ന് പറഞ്ഞിരുന്നു. അന്ന് എഫ് ബി ഇത്ര സജീവമല്ല, ഓര്‍ക്കൂട്ടാണ്. അന്ന് ഈ വടകര താലൂക്കില്‍ ഒരുപക്ഷേ, ഞാനേ ഉള്ളൂ എന്ന തോന്നുന്നു സ്‌പെയിന്‍ ഫാനായിട്ട്. അന്നത്തെ പ്രവചനത്തിന് കാരണം അതായിരുന്നു. അന്ന് സ്‌പെയിന്‍ കപ്പ് അടിച്ചപ്പോള്‍ എല്ലാവരും ഞെട്ടി.

കടപ്പാട്: മീഡിയ വൺ

Top