ജനങ്ങള്‍ തിരിഞ്ഞ് കുത്തുമെന്ന് ഭയം: ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തയാക്കാന്‍ മോദി; ബാങ്ക് കുഭകോണവും തെരഞ്ഞെടുപ്പ് പരാജയങ്ങളും ആശങ്കയ്ക്ക് കാരണം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോട്കൂടി നടത്തുവാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. വര്‍ഷാവസാനത്തോടെ കാലാവധി പൂര്‍ത്തിയാക്കുന്ന സംസ്ഥാന നിയമസഭകള്‍ക്കൊപ്പം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകളാണ് ആരായുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതതലയോഗം ഇതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്തു.

തിരഞ്ഞെടുപ്പുകമ്മിഷന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുന്നോട്ടുവെച്ചതായാണ് അറിയുന്നത്. ഓഗസ്റ്റോടെ എല്ലാ ഒരുക്കവും പൂര്‍ത്തിയായാലേ ഡിസംബറില്‍ മൂന്ന് സംസ്ഥാനങ്ങളോടൊപ്പം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്താനാവൂ എന്നാണ് കമ്മിഷന്റെ പക്ഷം. പുതുതായി വാങ്ങാന്‍ നിശ്ചയിച്ച ‘വിവിപാറ്റ്’ വോട്ടിങ് യന്ത്രത്തിന്റെ ലഭ്യതയാണ് പ്രധാന തടസ്സം. അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും ഇത്തരം യന്ത്രമുപയോഗിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ഇവയുടെ നിര്‍മാണം ഭാരത് ഇലക്ട്രോണിക്സിലും ഇലക്ട്രോണിക്സ് കോര്‍പ്പറേഷനിലും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ യന്ത്രങ്ങള്‍ക്കുള്ള കേന്ദ്രാനുമതിയും ഓര്‍ഡര്‍ നല്‍കലും വൈകിയതാണ് പ്രശ്നം. ലോക്സഭാ തിരഞ്ഞെടുപ്പിനുമാത്രം 16 ലക്ഷത്തോളം പുതിയ യന്ത്രങ്ങള്‍ വേണം. മറ്റു നിയമസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പുനടത്താന്‍ കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമാണ്. അവ സമയത്തിന് ലഭിക്കില്ല. കാലാവധി കഴിഞ്ഞതിനാല്‍ പഴയ യന്ത്രങ്ങള്‍ ഉപയോഗിക്കാനുമാവില്ല.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം ഒടുവില്‍ തിരഞ്ഞെടുപ്പുനടക്കേണ്ടത്. ബി.ജെ.പി. ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ കാറ്റ് മാറിവീശുകയാണെന്ന തോന്നല്‍ ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം ഇതിന് ആക്കംകൂട്ടുന്നു. ഛത്തീസ്ഗഢിലും സ്ഥിതി കുറെയൊക്കെ കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് സൂചന.

ഈ സംസ്ഥാനങ്ങളില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി.ക്ക് സാധിച്ചില്ലെങ്കില്‍ സ്വാഭാവികമായും അടുത്ത മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കിയാല്‍ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധവികാരത്തെ ‘മോദിപ്രഭാവം’കൊണ്ട് നേരിടാമെന്നാണ് ബി.ജെ.പി.യും കേന്ദ്രഭരണ നേതൃത്വവും കരുതുന്നത്. മോദിയുടെ പ്രചാരണരീതിയും പ്രസംഗങ്ങളും നേതൃത്വത്തിന്റെ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് കണക്കുകൂട്ടല്‍.

ബാങ്ക് കുംഭകോണത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയും മങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള മാസങ്ങളില്‍ ഈ വിഷയങ്ങള്‍ എന്തുമാനം കൈവരിക്കുമെന്ന് പറയാനാവില്ല. പാര്‍ലമെന്റിന്റെ ഇനിയുള്ള സമ്മേളനങ്ങള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തുകയും സര്‍ക്കാരിനെതിരായ പ്രചാരണത്തിന് മൂര്‍ച്ചകൂട്ടുകയും ചെയ്യും. കാര്‍ഷികരംഗത്തെ പ്രതിസന്ധിയും മറുവശത്തുനില്‍ക്കുന്നു. സ്ഥിതി കൂടുതല്‍ വഷളാവുന്നതിനുമുന്‍പ് ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതാവും ഉചിതമെന്നാണ് കണക്കുകൂട്ടലെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു.

Top