മന്‍ കി ബാത് റേഡിയോ വഴിയാക്കാനുള്ള കാരണം വെളിപ്പെടുത്തി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജനങ്ങളുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പരിപാടിയാണ് മന്‍ കി ബാത്. സര്‍ക്കാറിന്റെ പരിപാടികളും ആശയങ്ങളും ജനങ്ങളിലെത്താനായിട്ടാണ് മന്‍ കി ബാതിലൂടെ മോദി ശ്രമിച്ചത്. പ്രധാനമന്ത്രി നടത്തുന്ന മന്‍ കി ബാതിന്റെ 50ാമത് എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്. സാങ്കേതിക വിദ്യ വളര്‍ന്ന ഇക്കാലത്തും ജനങ്ങളുമായി സംവദിക്കാന്‍ റേഡിയോ തെരഞ്ഞെടുത്തതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മോദി.

പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്. 1998ല്‍ ഹിമാച്ചല്‍ പ്രദേശിലെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു മോദി. ഒരു യാത്രക്കിടെ അല്പം വിശ്രമിക്കാന്‍ ഒരു ചെറിയ കടയില്‍ അദ്ദേഹം കയറി. ഒരു ചായ പറഞ്ഞ മോദിക്ക് കടക്കാരന്‍ ഒരു ലഡു കൊടുത്തിട്ട് ചായ ഉണ്ടാക്കുന്ന സമയം അത് കഴിക്കൂ എന്ന് പറഞ്ഞു. കടക്കാരന്റെ പ്രവൃത്തിയില്‍ ആശ്ചര്യം തോന്നിയ മോദി മധുരം നല്‍കാന്‍ എന്താണ് കാരണം എന്ന് കടക്കാരനോട് ചോദിച്ചു. ഇന്ത്യ ഒരു ബോംബ് പൊട്ടിച്ചു എന്നായിരുന്നു അയാളുടെ മറുപടി.

കടക്കാരന്റെ മറുപടി മോദിയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി. അങ്ങനെ നിന്ന മോദിയോട് കടക്കാരന്‍ പറഞ്ഞു, ‘സാര്‍, റേഡിയോ ശ്രദ്ധിക്കൂ’. ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് മാദ്ധ്യമങ്ങളോട് നടത്തിയ പ്രഖ്യാപനമാണ് റേഡിയോയില്‍ ഉണ്ടായിരുന്നത്. ഒരു ഗ്രാമത്തിലെ ഉള്‍പ്രദേശമായ അവിടെ ഒരു ദിവസം മുഴുവന്‍ റേഡിയോ ശ്രവിക്കുന്ന ആ ചായക്കടക്കാരന്‍ അന്ന് മോദിക്ക് ഒരു പാഠമായിരുന്നു. റേഡിയോയുടെ ശക്തിയും പ്രചാരവും അന്ന് ബോദ്ധ്യപ്പെട്ടുവെന്ന് മോദി പറഞ്ഞു. സാധാരണക്കാരന്റെ മാദ്ധ്യമമാണ് റേഡിയോ. പ്രധാനമന്ത്രിയായപ്പോള്‍ റേഡിയോ ജനങ്ങളുമായി ഇടപഴകാനുള്ള മാദ്ധ്യമമായി തിരഞ്ഞെടുക്കാന്‍ മോദിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ‘മന്‍ കി ബാത്ത്’ എന്ന പ്രതിമാസ പരിപാടിയുടെ പ്രക്ഷേപണം റേഡിയോ വഴിയായി.

Top