പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്ക് . രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്ക് എത്തുന്നത്. എ ഐ സിസി ജനറല്‍ സെക്രട്ടറിയായി കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലകളാണ് പാര്‍ട്ടി പ്രിയങ്കയെ ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
യുപിയിലാണ് ചുമതലയെങ്കിലും രാജ്യം മുഴുവന്‍ പ്രിയങ്കയുടെ പ്രചരണം കോണ്‍ഗ്രസിന് വോട്ടാക്കി മാറ്റാന്‍ കഴിയുന്നത് കൊണ്ട് പ്രചരണത്തിന്റെ കുന്തമുന പ്രിയങ്കഗാന്ധിയായിരിക്കും. മുപ്പത് കോടിയോളം പുതിയ വോട്ടര്‍മാര്‍ കൂടി വരുന്നതോടെ അവരെ ആകര്‍ഷിക്കുന്ന തരത്തിലേയ്ക്ക് പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രചണങ്ങള്‍ മുന്നേറും. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിലെ സുപ്രധാന മുഖമായി മാറുന്ന പ്രിയങ്കയെ അത് കൊണ്ട് തന്നെ പെട്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് മുതിര്‍ന്ന നേതാക്കളും മുന്നോട്ട് വയ്ക്കുന്നത്.
പ്രവര്‍ത്തക സമിതിയിലേയ്ക്ക എത്താനുള്ള ആദ്യ പടിയാണ് എ ഐ സി സി സെക്രട്ടറി സ്ഥാനം. സെക്രട്ടറി സ്ഥാനവും സംസ്ഥാനത്തിന്റെ പ്രത്യേക ചുമതലകളും ഏറ്റെടുത്തതിന് ശേഷമാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തക സമിതിയിലേക്ക് സ്ഥാന കയറ്റം ലഭിക്കുക എന്നാല്‍ പ്രിയങ്കാ ഗാന്ധിയെ നേരത്തെ തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ബിജെപിയുള്‍പ്പെടെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ഘട്ടമനുസരിച്ച് മാത്രമേ തീരുമാനമെടുക്കു. അത് കൊണ്ട് തന്നെ അധികം വൈകാതെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നയ രൂപികരണ സമിതിയിലേക്ക് പ്രിയങ്ക എത്തും.