കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചു കൊന്ന ഒമ്പത് ദലിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ശ്രമിക്കവെയാണ് സംഭവം. നാരായണ്‍പൂര്‍ പൊലീസാണ് പ്രിയങ്കയെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു പ്രിയങ്ക. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് പ്രിയങ്കയെ തടഞ്ഞത്.
ബുധനാഴ്ചയാണ് സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ നാല് സ്ത്രീകളടക്കം ഒമ്പത് പേര്‍ ദലിതരാണ്. 24 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വാരണസിയിലെ ആശുപത്രിയിലെത്തി വെള്ളിയാഴ്ച രാവിലെ പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. ഇവിടെനിന്നു സോന്‍ഭദ്രയിലേക്കുള്ള യാത്രമധ്യേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രിയങ്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ മാത്രമാണ് വന്നത്. തന്റെ മകന്റെ പ്രായത്തിലുള്ള ഒരു ആണ്‍കുട്ടിയും പരുക്കേറ്റ് ആശുപത്രിയില്‍ ഉണ്ട്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തടഞ്ഞതെന്നു വ്യക്തമാക്കണമെന്നു പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരാജയപ്പെട്ടായി പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി.