പൊളറ്റിക്കൽ ഡെസ്‌ക്
കൊച്ചി: കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പില്ലാ നേതാവെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന മാത്യു കുഴൽനാടനും ഒടുവിൽ സ്ഥാനം കിട്ടാൻ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ മുങ്ങി. പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ കുഴൽനാടൻ സീറ്റും സ്ഥാനവും മോഹിച്ച് രമേശ് ചെന്നിത്തലയുടെ കാലുപിടിച്ച് ഐ ഗ്രൂപ്പിൽ കയറിപ്പറ്റുകയായിരുന്നു. കോൺഗ്രസിലെ യുവതുർക്കികൾ എന്ന പേരിൽ സജീമായിരുന്നവരായിരുന്നു മാത്യു കുഴൽനാടനും, വി.ടി ബെൽറാമും അടക്കമുള്ള യുവ നേതൃനിര. രാഹുൽബ്രിഡേജിന്റെ ഭാഗമായാണ് ഇവരെല്ലാം അറിയപ്പെട്ടിരുന്നതും. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ സൈന്യത്തിലെ അംഗമായിരുന്ന ഇവരെല്ലാം കേരള രാഷ്ട്രീയത്തിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല തങ്ങളെന്ന പരസ്യപ്രസ്താവനയുമായാണ് രാഷ്ട്രീയ ചിത്രത്തിൽ സജീവമായിരുന്നത്. അതുകൊണ്ടു തന്നെ ഇവർക്കെല്ലാം കോൺഗ്രസ് രാഷ്ട്രീയത്തിൽ കൃത്യമായ സ്ഥാനവുമുണ്ടായിരുന്നു. തിരുത്തൽ വാദികളെപ്പോലെ ‘തലമുറമാറ്റം വാദിച്ചവർ അധികാരത്തിന്റെ അപ്പക്കഷണത്തിനായി ശർദ്ദിച്ചതെല്ലാം വീണ്ടും ഭക്ഷിച്ച് മിടുക്കരാകുന്നു .
പ്രഫഷണൽ കോൺഗ്രസ് വരും നാളുകളിൽ പാർട്ടിക്ക് ശാപമാവും എന്ന് മനസിലാക്കാൻ അതിന്റെ ഇത്രയും ദിവസത്തിനിടയിലെ പ്രവർത്തനം മാത്രം നോക്കിയാൽ മതി. ഏറ്റെടുത്ത വിഷയങ്ങളും അതിന്റെ പരിഗണനാക്രമവും മാത്രം മനസിലാക്കിയാൽ കേരളത്തിൽ ഈ സ്ഥാനം വഹിക്കുന്ന മാത്യ കുഴൽ നാടൻ വെറും സ്ഥാനമോഹി മാത്രമായി മാറി എന്നും തെളിയിച്ചു. . തോമസ് ചാണ്ടി വിഷയത്തിലടക്കം സ്വീകരിച്ച മൗനം മാത്രം മതി അധികാര സ്ഥാനത്തെ അലങ്കാരമാക്കുന്ന ആളാണ് ഈ പഴയ തലമുറമാറ്റ വാടിക്കാരൻ എന്നും തിരിയും . താമസിയാതെ പാർട്ടിക്കുള്ളിൽ തൽപര കക്ഷികളുടെ കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഉപകരണമായി പ്രഫഷണൽ കോൺഗ്രസ് മാറും. ചുരുക്കത്തിൽ പാർട്ടിയോടോ അതിന്റെ ആശങ്ങളോടോ പ്രതിബദ്ധത ഇല്ലാത്ത ആളുകൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ കുറേയേറെ പവർ ബ്രോക്കേസിനെ സൃഷ്ടിക്കുമെന്ന് സാരം.അതിനായി ബ്രോക്കർ പണി എടുക്കുന്ന തരത്തിലേക്ക് തരം താഴുകയും ചെയ്യുമെന്നതിൽ സംശയമില്ല .
കെ.പിസിസി പുനസംഘടന വന്നതോടെയാണ് പലരും സ്ഥാനമോഹത്തോടെ ഗ്രൂപ്പ് രാഷ്ട്രീയത്തിലേയ്ക്കു ചേക്കേറിയത്. ഇതിൽ പ്രധാനപേരുകാരൻ മാത്യു കുഴൽ നാടൻ എന്ന രാഹുൽബ്രിഗേഡ് അംഗം തന്നെയാണ്. കെ.പിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാകുന്നതിനായി മാത്യു രമേശ് ചെന്നിത്തലയുടെ കാലുപിടിച്ച് ഐ ഗ്രൂപ്പിൽ കയറിപ്പറ്റുകയായിരുന്നു . ഇതിനു പിന്നാലെ തന്നെ പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും കുഴൽനാടനെ തേടിയെത്തി. ഐ ഗ്രൂപ്പനൊപ്പം നിന്ന് ഇടുക്കി ലോക്‌സഭാ സീറ്റ് സ്വന്തമാക്കുകയാണ് ഇപ്പോൾ കുഴൽനാടൻ ലക്ഷ്യമിടുന്നതെന്നാണ് സൂചന ലഭിക്കുന്നത്.
കേരളത്തിലെ പ്രഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തിട്ടും പ്രസ്ഥാനത്തെ കുഴൽനാടൻ ഷണ്ഡീകരിച്ചു കളഞ്ഞെന്നാണ് പ്രധാന ആരോപണം. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിൽ നിൽക്കുമ്പോൾ, ഒരു കോൺഗ്രസ് എംപി തന്നെ ഇതേ മന്ത്രിക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായി. തോമസ് ചാണ്ടിക്കുവേണ്ടി കോൺഗ്രസ് രാജ്യസഭാ എം.പി വിവേക് തൻഹ ഹാജരായി മടങ്ങിയപ്പോൾ യൂത്ത് കോൺഗ്രസും, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് രഹിതരും പ്രതിഷേധവുമായി രംഗത്ത് എത്തി. എന്നാൽ, ഇപ്പോൾ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം കൂടിയ മാത്യു കുഴൽനാടനും, പ്രഫഷണൽ കോൺഗ്രസും വിഷയത്തിൽ സമ്പൂർണമൗനമാണ് പാലിച്ചത്. ഇതും കുഴൽനാടനെതിരായ വിമർശനത്തിനു കാരണമായിട്ടുണ്ട്. സ്ഥാനമാനങ്ങൾക്കു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യന്ന തനി കോൺഗ്രസുകാരനായി കുഴൽനാടൻ മാറിയെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന വിമർശനം.
കായൽ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കു വേണ്ടി കോണ്‍ഗ്രസ് എംപി വിവേക് തന്‍ഹക്ക് എതിരെ വി.എം സുധീരന്‍ രംഗത്ത് വന്നിരുന്നു .ചാണ്ടിക്കു വേണ്ടി ഹാജരായത് യുഡിഎഫിന് അപമാനകരമെന്നും തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകാതിരിക്കാനുള്ള ഔചിത്യം വിവേക് തന്‍ഹയ്ക്ക് കാണിക്കണമായിരുന്നെന്നും സുധീരന്‍ തുറന്നടിച്ചിരുന്നു .കേരളത്തിൽ വിവേക് തന്‍ഹയ്ക്ക് നെരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തന്‍ഹ ഹൈക്കോടതിയിലേക്ക് പുറപ്പെടാനൊരുങ്ങവെയായിരുന്നു അപ്രതീക്ഷിതമായ നീക്കം. ശക്തമായ പ്രതിഷേധങ്ങള്‍ കേരളത്തിൽ ഉയർന്നിട്ടും പ്രഫഷണൽ കോൺഗ്രസ് നേതാവ് മൗനം പാലിച്ചു .മുൻപ് കസ്‌തൂരി രംഗൻ പരിതസ്ഥിതി വിഷയങ്ങളിൽ മുന്നിൽ നിന്നിരുന്ന മാത്യു കുഴല്നാടന് പ്രകൃതിയെ നശിപ്പിക്കുന്ന ചെങ്കൽ ക്വാറി മുതലാളിമാർക്ക് വേണ്ടി ഹാജരായി ഇരട്ടത്താപ്പ് കാട്ടി എന്നും അവരിൽ നിന്നും അഞ്ചു ലക്ഷം രൂപ ഫീസ് വാങ്ങിഎന്നും ആരോപണം ഉയർന്നിരുന്നു.വാക്കും പ്രവർത്തിയും ഇരു ധ്രുവങ്ങളിൽ നിത്തുന്ന ഇത്തരം നേതാക്കൾ ജനാധിപത്യ സംവിധാനത്തിൽ അധികാര സ്ഥാനങ്ങളിൽ എത്താതിരിക്കാൻ പൊതുജനമാണ് ശ്രദ്ധ ചെലുത്തേണ്ടത് .