പ്രോമിസ് ബ്രിഡ്ജ്; സ്‌നേഹം താഴിട്ട് ഉറപ്പിച്ച് ഒരു പാലം

ദുബൈ: എല്ലാ ബന്ധങ്ങളിലും സ്‌നേഹവും വിശ്വാസവും ഉണ്ട്. വാതിലുകള്‍ ബന്ധിക്കുന്നത് പോലെ പക്ഷേ ബന്ധങ്ങളിലെ സ്‌നേഹം താഴിട്ട് പൂട്ടി വെയ്ക്കാറില്ല. സ്‌നേഹം താഴിട്ട് പൂട്ടിവെയ്ക്കാന്‍ കഴിയുമോ. എന്നാല്‍ അങ്ങനെയൊരു പാലമുണ്ട് ദുബൈയില്‍. പ്രോമിസ് ബ്രിഡ്ജ് എന്നാണ് ഈ പാലത്തിന്റെ പേര്. ആരോടുള്ള സ്‌നേഹമാണോ താഴിട്ട് പൂട്ടി വെയ്‌ക്കേണ്ടത് ആ വ്യക്തിയുടെ പേരെഴുതി പാലത്തില്‍ പൂട്ടി വെയ്ക്കാം. താക്കോല്‍ അടുത്തുള്ള തടാകത്തിലേക്ക് വലിച്ചെറിയുക കൂടി ചെയ്താല്‍ സ്‌നേഹം എക്കാലത്തേക്കും സുഭദ്രം. ദുബൈ പ്രോമിസ് ബ്രിഡ്ജിന് നിരവധി സവിശേഷതകള്‍ വേറെയുമുണ്ട്. താഴ് വില്‍ക്കുന്ന ഏതെങ്കിലും ഷോറൂമിലെ കാഴ്ചകളല്ല ഇത്. ദുബൈയിലെ വാഗ്ദത്ത പാലം. ഈ താഴുകളെല്ലാം സ്‌നേഹത്താഴുകളാണ്. പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് അവരുടെ പേരെഴുതി ഇവിടെ താഴിട്ട് വെക്കാം. സ്‌നേഹം പൂട്ടിയ താക്കോല്‍ തടാകത്തിലേക്ക് എറിയാം. ഖവാനിജിലെ ലാസ്റ്റ് എക്‌സിറ്റിലെ ദി യാര്‍ഡില്‍ നവംബറിലാണ് ഈ പാലം നിര്‍മിച്ചത്. കഴിഞ്ഞ വാലന്റയിന്‍സ് ഡേയിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ പൂട്ട് വീണത്. താഴും താക്കോലും പുറത്തുനിന്ന് വാങ്ങി കൊണ്ടുവരണം. ആരോടുള്ള സ്‌നേഹവും ഇങ്ങനെ ഉറപ്പിക്കാം. പടച്ചോനോടുള്ള സ്‌നേഹം പ്രഖ്യാപിച്ച താഴുകളും ഇവിടെ കാണാന്‍ കഴിയും. മാതാപിതാക്കളോട്, അധ്യാപകരോട് അങ്ങനെ എല്ലാവരോടുമുള്ള സ്‌നേഹം ഇങ്ങനെ ഉറപ്പിക്കാന്‍ സാധിക്കും.

Top