പോലീസിന് താക്കീത്, വക്കീല്‍ ഹാജരാവില്ല , രാമന്‍പിള്ളയ്ക്ക് നോട്ടീസ് അയച്ചതിനെതിരെ ഇന്ന് ഹൈക്കോടതിയില്‍ പ്രതിഷേധം

ദിലീപിന്റെ വക്കീലായ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതില്‍ ഇന്ന് ഹൈക്കോടതിയില്‍ പ്രതിഷേധം നടക്കും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഉച്ചയ്ക്ക് 1.10ന് ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള കേസിന്റെ അന്വേഷണ ആവശ്യത്തിലേക്ക് പ്രതി ഭാഗം അഭിഷാകന്‍ ബി രാമന്‍പിള്ളയുടെ മൊഴി രേഖപ്പെടുത്താനായാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ സാക്ഷിയായ ജിന്‍സന്‍ എന്നയാളെക്കൊണ്ട് പ്രതിയായ ദിലീപിന് അനൂകൂലമായി മൊഴിമാറ്റം നടത്താന്‍ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. കൊല്ലം സ്വദേശിയായ നാസര്‍ വഴിയായിരുന്നു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണമെന്ന രീതിയിലുള്ള തെളിവുകളും പുറത്ത് വന്നിരുന്നു.

ഫോണ്‍സംഭാഷണത്തില്‍ രാമന്‍പിള്ളയുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതോട് കൂടിയാണ് കേസിന്റെ അന്വേഷണ ആവശ്യത്തിലേക്ക് സാക്ഷിയായി രാമന്‍പിള്ളയുടെ കൂടി മൊഴി രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈംബ്രാഞ്ച്ച് ഡിവൈഎസ്പി എസ് അമ്മിണിക്കുട്ടന്‍ അഭിഭാഷകന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

അഭിഭാഷന്റെ മൊഴി രേഖപ്പെടുത്താനുള്ള അന്വേഷണ സംഘത്തിന്റെ ഈ നീക്കം നിയമപ്രകാരം നിലനില്‍ക്കില്ലെന്നാണ് നോട്ടീസ് സ്വീകരിച്ച ബി രാമന്‍പിള്ള വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ മുന്‍കൂട്ടി പറഞ്ഞ് ഉറപ്പിച്ച ദിവസം അന്വേഷണ ഉദ്യോഗസ്ഥന് നേരില്‍ കണ്ട് സംസാരിക്കണമെങ്കില്‍ അതിന് തയ്യാറാണെന്നും അദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

കേസിലെ പ്രതിയായ നടന്‍ ദിലീപിനു വേണ്ടി വിചാരണക്കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനാണ് താന്‍. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തന്നെ സാക്ഷിയായി കണ്ട് മൊഴി രേഖപ്പെടുത്തുന്നത് നിയമപ്രകാരം നിലനില്‍ക്കില്ല. ഇത്തരം സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മേല്‍ കോടതി ഉത്തരവുകള്‍ മനസ്സിലാക്കി നീക്കത്തില്‍ നിന്നു പിന്‍മാറുന്നതാണ് ഉചിതമെന്നും രാമന്‍പിള്ള പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ഇന്നും വാദം തുടരും. നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിനും സംഘത്തിനുമെതിരായ നീക്കം കൂടുതല്‍ ശക്തമാക്കുകയാണ് അന്വേഷണ സംഘം.

വധഗുഡാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചെങ്കിലും ആദ്യ ദിവസത്തെ വാദങ്ങളില്‍ ദിലീപിന് അനുകൂലമായ സുചനകളല്ല കോടതിയില്‍ നിന്നും പുറത്ത് വരുന്നത്.

 

Top