കൊച്ചി:കെപിസിസി ഭാരവാഹികളുടെ പട്ടിക കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ സമിതി. വിടി ബല്‍റാം, എന്‍ ശക്തന്‍, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. എഎ ഷുക്കൂര്‍, ആ്‌ര്യാടന്‍ ഷൗക്കത്ത്, അഡ്വ ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, മഴകുളം മധു തുടങ്ങിയവരുള്‍പ്പെടെയാണ് ജനറല്‍ സെക്രട്ടറിമാര്‍. പത്മജ വേണുഗോപാല്‍, അനില്‍ അക്കര, ടോമി കല്ലാനി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവരുള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കെ സുധാരകരന്‍ നടത്തിയ പ്രതികരണത്തില്‍ പരിഹാസവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി എസ് പ്രശാന്ത്. കെപിസിസി ലിസ്റ്റിൽ കെസി വേണുഗോപാലിൻ്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന സുധാകരന്റെ പരാമർശത്തിലായിരുന്നു പിഎസ് പ്രശാന്തിന്റെ പരിഹാസം. ‘കെപിസിസി ലിസ്റ്റിൽ കെസി വേണുഗോപാലിൻ്റെ ഇടപെടൽ ഉണ്ടായിട്ടില്ല- കെ സുധാകരന്‍. അങ്ങനെ പറയാൻ പറഞ്ഞു എന്ന് കൂടി പറയാമായിരുന്നു.! എന്നിട്ടൊന്നു പൊട്ടിക്കരയാമായിരുന്നില്ലേ..!! കെപിസിസി ലിസ്റ്റിൽ വീണ്ടും കെസി വേണുഗോപാലിൻ്റെ ദീപ്തമായ അവേശത്തിരയിളക്കം’- എന്നും ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ പി എസ് പ്രശാന്ത് പറഞ്ഞു.
അതേസമയം, പാര്‍ട്ടിയില്‍ അസംതൃപ്തിയുള്ളവര്‍ ഉണ്ടാകാമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രതികരണം. പുതിയ പട്ടിക ഉള്‍ക്കൊള്ളാന്‍ ചില ആള്‍ക്കാര്‍ക്ക് പ്രയാസമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. സമര്‍ത്ഥരായ നേതാക്കളാണ് എല്ലാവരും. ഭാരവാഹിത്വം കുറച്ചതില്‍ പ്രതിഷേധിച്ച് നേതാക്കളില്‍ ആരും തെരുവില്‍ ഇറങ്ങില്ല. അവരെ പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കി സക്രിയമാക്കും.
ഇതിനുള്ള മാസ്റ്റാര്‍ പ്ലാന്‍ തയ്യാറാണ്. ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളതെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍.ശക്തന്‍, വി.ടി ബല്‍റാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ട്രഷററായി അഡ്വ. : പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിങ്ങനെ മൂന്ന് വനിതകളെയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിര്‍വാഹക സമിതിയില്‍ വനിതകളായി പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എ.വി ഗോപിനാഥിനെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കേരളത്തില്‍ നിന്നുള്ള എല്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും മുന്‍ കെപിസിസി അധ്യക്ഷന്മാരും എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാകും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, എഐസിസി സെക്രട്ടറിമാര്‍, ഒഴിവാകുന്ന ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി എക്‌സിക്യൂട്ടീവിലുണ്ടാകും. വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഇരിക്കൂറില്‍ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റിയനെ ജനറല്‍ സെക്രട്ടറിയാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റുമാര്‍ വനിതകള്‍ ഇല്ല. ദീപ്തി മേരി വര്‍ഗീസിനെ ജനറല്‍ സെക്രട്ടറിയാക്കി.