കൊച്ചി: സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി. സുനിക്ക് സുരക്ഷാഭീഷണി ഉണ്ടെന്ന് അഡ്വ. ആളൂർ .അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനി. വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് സുനി മറുപടി പറഞ്ഞത്.കനത്ത സുരക്ഷയിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്.എന്നാല്‍ അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ പോലീസ് സുനിയെ അനുവദിച്ചില്ല. സുനിക്കുവേണ്ടി അഡ്വ. ബി.ആ. ആളൂരാണ് ഹാജരാകുന്നത്. സുരക്ഷാഭീഷണി ഉള്ളതുകൊണ്ട് ജാമ്യാപേക്ഷ സമർപ്പിക്കേണ്ടെന്നാണ് സുനി പറഞ്ഞതെന്ന് ആളൂർ അറിയിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി കോടതിയ്ക്കുള്ളിലേക്ക് പോലീസ് വാഹനം കയറ്റിയാണ് സുനിയെ എത്തിച്ചത്. അഞ്ച് മിനിട്ടോളം സുനി വാഹനത്തില്‍ ഇരുന്നു. തുടര്‍ന്ന് പോലീസ് വലയത്തില്‍ കോടതിയ്ക്കുള്ളിലേക്ക് കയറി. സുനി മാധ്യമങ്ങളോട് ഒന്നും പറയരുത് എന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു പോലീസ് നീക്കം എന്ന് നിസംശയം പറയാം. ഈ സാഹചര്യത്തില്‍ സുനി എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ അത് അന്വേഷണത്തെ ബാധിച്ചേക്കും എന്ന് കരുതിയാണ് പോലീസ് ഇത്രയും മുന്‍കരുതല്‍ എടുത്തത്. കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ട എന്നാണ് സുനിയുടെ തീരുമാനം. സുരക്ഷ ഭീഷണി ഉളളതുകൊണ്ടാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസ് വഴിത്തിരിവില്‍ എത്തി നില്‍ക്കുന്നതിനിടെയാണ് പ്രതിയുടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായത്. നേരത്തെ ചോദ്യം ചെയ്യലില്‍ പറയാത്ത പല കാര്യങ്ങളും പ്രതിയില്‍ നിന്ന് പിന്നീട് പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ്‌ചോദ്യം െചയ്തിരുന്നു. നടിയെ ആക്രമിച്ച കേസും ഗൂഢാലോചന കേസും കൂടാതെ, ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തുവെന്ന മറ്റൊരു കേസും പള്‍സര്‍ സുനിക്കെതിരെയുണ്ട്.
പൾസർ സുനിക്കെതിരായ പഴയ പരാതി പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്. രണ്ടുവർഷം മുൻപ് നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണം. ഇതിന്റെ ഫയല്‍ ഹാജരാക്കാൻ എഡിജിപി ബി.സന്ധ്യ ആവശ്യപ്പെട്ടു.പരാതിയിൽ കേസ് റജിസ്റ്റര്‍ ചെയ്യുകയോ കാര്യമായ അന്വേഷണം നടക്കുകയോ ചെയ്തിരുന്നില്ല. പുതിയ കേസിലെ ഗൂഢാലോചന വെളിപ്പെടുന്ന സാഹചര്യത്തിലാണു വിഷയം പരിശോധിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് നടപടി.