പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 1304 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസ് കടുത്ത മത്സരമാണ് നേരിടുന്നത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിജെപി, ശിരോമണി അകാലിദൾ പാർട്ടികൾക്ക് ഇത് അഭിമാന പോരാട്ടമാണ്.
ആം ആദ്മി പാർട്ടി വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അധികാരം നിലനിർത്താനുള്ളവ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.
1209 പുരുഷന്‍മാരും 93 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. ബി.എസ്.പിയുമായി ചേര്‍ന്നാണ് ശിരോമണി അകാലിദള്‍ മത്സരിക്കുന്നത്.
പ്രചാരണത്തില്‍ വളരെ മുന്നിലായിരുന്ന ആംആദ്മി പാര്‍ട്ടിക്ക് അവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കണ്ട ആവേശം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഡല്‍ഹിക്ക് പുറത്ത് ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുക എന്ന ലക്ഷ്യവും പൂര്‍ത്തിയാക്കാനാകും.
പിസിസി അധ്യക്ഷന്‍ സിദ്ദുവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടത്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു കോണ്‍ഗ്രസ് പരീക്ഷണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും ചന്നിയെ തന്നെയാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി ജനവിധി തേടുന്നത്.
ഭഗവന്ത് സിങ് മന്‍ ആണ് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഇതിനിടെ സമയപരിധി അവസാനിച്ചിട്ടും പ്രചാരണം നടത്തിയെന്ന പരാതിയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, കോൺഗ്രസ് സ്ഥാനാർഥി ശുഭ്ദീപ് സിങ് സിദ്ദു എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.