ഫരീദ്കോട്ട്: സിക്ക് മതസ്ഥരുടെ വിശുദ്ധ പുസ്തകമായ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 2 പേര്‍ കൊല്ലപ്പെട്ടു 15 പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ഫരീദ്കോട്ടില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റമുട്ടിയതില്‍ ബതീന്ദയിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ജിതേന്ദ്ര ജെയിന്‍ അടക്കം 12 പൊലീസുകാര്‍ക്കും പരിക്കേറ്രു. പലയിടത്തും പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു.തിങ്കളാഴ്ചയാണ് ബര്‍ഗരിയിലെ ഗുരുദ്വാരയ്ക്ക് സമീപം വിശുദ്ധ പുസ്തകത്തിന്റെ നൂറ് താളുകള്‍ കീറിയെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജൂണില്‍ ബര്‍ഗരിയിലെ ബുര്‍ജ് ജവഹര്‍ സിംഗ് വാല ഗ്രാമത്തില്‍ നിന്ന് മോഷണം പോയ ഗുരു ഗ്രന്ഥ് സാഹിബിന്റെ താളുകളാണ് ഇതെന്ന് കരുതുന്നു.
ഇത്തരമൊരു പ്രചരണം ഉണ്ടായതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് പൊലീസെത്തി താളുകള്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍, വിവരമറിഞ്ഞെത്തിയ സിക്ക് വിശ്വാസികള്‍ കോട്കപുരയില്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചു. രഞ്ജിത് സിംഗ് ധാദ്രിവാല, പന്ഥ്പ്രീത് സിംഗ് ഖല്‍സ, ഗിയാനി കേവല്‍ സിംഗ് തുടങ്ങിയവരായിരുന്നു ധര്‍ണയ്ക്ക് നേതൃത്വം നല്‍കിയത്. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. മോഗയേയും ബതീന്ദയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത ഉപരോധിക്കാനും പ്രക്ഷോഭകര്‍ ശ്രമിച്ചു. തുടര്‍ന്ന് ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിനെ വിന്യസിച്ചു.
ജനങ്ങളോട് ശാന്തരാവാന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ഉപപ്രധാനമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ നല്‍കുമെന്നും ബാദല്‍ വ്യക്തമാക്കി.