പുതുച്ചേരി വ്യജ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസിലിനും അമലക്കുമെതിരെ കേസ്; മേല്‍വിലാസക്കാരുടെ മൊഴികള്‍ വിനയാകും

പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഫഹദ് ഫാസിലും അമലപോളിനുമെതിരെ കേസ്. ലക്ഷങ്ങളുടെ നികുതി വട്ടിക്കാനായി വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. പോണ്ടിച്ചേരിയിലുള്ള വ്യാജ വിലാസത്തിലാണ് അമലയുടേയും ഫഹദിന്റെയും കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വാഹനം വില്‍പ്പന നടത്തിയ എറണാകുളത്തെ ഷോറൂമിനെതിരെയും കേസ് എടുത്തു.

നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അമലയ്‌ക്കെതിരെ കേസ്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് കാറാണ് അമല ഉപയോഗിക്കുന്നത്. ഇത് വ്യാജ വിലാസമാണെന്ന് കണ്ടെത്തി. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയാണ് നികുതി വെട്ടിപ്പ് നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്ത വിലാസങ്ങള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഫഹദിനെ അറിയുക പോലുമില്ലെന്ന് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസത്തിലെ വീട്ടുടമയായ സ്ത്രീ പറഞ്ഞിരുന്നു. ഇതും ഫഹദിന് വിനയാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോംണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ സംബന്ധിച്ച കേസില്‍ അമലാ പോളിന് വിശദീകരണം നല്‍കാന്‍ പൊലീസ് നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് ഫഹദ് ഫാസിലും പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി കണ്ടെത്തിയത്. ഇതര സംസ്ഥാനത്തില്‍ നിന്നുള്ള കാര്‍ കേരളത്തിലോടിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉടമയുടെ പേരിലേക്ക് മാറ്റി 20 ശതമാനം നികുതി അടയ്ക്കണമെന്നാണ് ചട്ടം.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം തന്റെ കാര്‍ കേരളത്തിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്തിരുന്നു. 17.68 ലക്ഷം രൂപ ആലപ്പുഴ ആര്‍ടി ഓഫീസില്‍ നികുതിയടച്ചാണ് 70 ലക്ഷം രൂപ വിലവരുന്ന മേഴ്സി ഡസ് ഈ ക്ലാസ് ബെന്‍സ് ആലപ്പുഴയിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്ത് ഫഹദ് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചെങ്കിലും ക്രൈംബ്രാഞ്ചിന്റെ പിടി വീഴുകയായിരുന്നു. വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

തെന്നിന്ത്യന്‍ താരം അമലാപോളും നടനും എംപിയുമായി സുരേഷ് ഗോപിയും ഇത്തരത്തില്‍ നികുതി വെട്ടിപ്പു നടത്തിയതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ വില്‍പന നടത്തിയ ഏഴായിരത്തിലേറെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം.

ഒരു കോടി രൂപ വിലയുള്ള കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 20 ലക്ഷം രൂപ നികുതി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒരു ലക്ഷം മതി. ഡീലര്‍മാരുടെ ജീവനക്കാരാണു പുതുച്ചേരിയിലെ ഇടനിലക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. ഇടനിലക്കാര്‍ രേഖകള്‍ തരപ്പെടുത്തും. നേരത്തേ 25,000 രൂപയായിരുന്നു കമ്മീഷന്‍. ഏജന്റുമാരുടെ എണ്ണം കൂടിയതോടെ 10,000 രൂപ നല്‍കിയാല്‍ മതി.
പുതുച്ചേരിയില്‍ തനിക്കു ഫ്‌ലാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ ചെന്നപ്പോള്‍ അതു പൂട്ടിയനിലയിലായിരുന്നു. പുതുച്ചേരി പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരന്‍. സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.

Top